Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:00 am

Menu

Published on May 14, 2019 at 5:40 pm

മൂത്രത്തില്‍ പഴുപ്പുണ്ടോ?? എങ്ങനെ ഒഴിവാക്കാം?

urinary-tract-infection-symptoms-and-causes

നോമ്പ് കാലത്ത് കൂടുതലായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് മൂത്രത്തില്‍ പഴുപ്പ്. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് താരതമ്യേനെ കുറയുന്നതാണ് ഇതിന് കാരണം. ഇത്തവണ നോമ്പ് കാലം നീണ്ടു കിടക്കുന്നത് നല്ല ചൂടന്‍ മെയ് മാസത്തിലായതിനാല്‍ ഈ വര്‍ഷം പ്രത്യേകിച്ചു ഈ വിഷയത്തിനു പ്രാധാന്യമുണ്ട്.

നോമ്പ് തുറക്കാന്‍ നേരത്തും, അത്താഴ നേരത്തും പലരും വെള്ളത്തെ മറക്കും. ആവശ്യത്തിനു വെള്ളം ശരീരത്തില്‍ എത്തില്ല. കൂട്ടത്തില്‍ വേനല്‍ചൂടിലെ വിയര്‍പ്പു കാരണം ഉള്ള ജലനഷ്ടവും. ഇത് രണ്ടും അവസാനം ചെന്നെത്തിക്കുക മൂത്രത്തിലെ അണുബാധയിലേക്കാവും. സാധാരണയായി നമ്മള്‍ കേള്‍ക്കുന്ന മൂത്രത്തില്‍ പഴുപ്പ് അഥവാ മൂത്രത്തില്‍ അണുബാധ എങ്ങനെ വരുന്നു എന്നും ജലപാനം താരതമ്യേന കുറവുള്ള നോമ്പ് കാലത്ത് ഈ പ്രശ്‌നം എങ്ങനെ ഒഴിവാക്കാമെന്ന് നോക്കാം.

ഏറ്റവും അനാരോഗ്യകരമായ ഒരു ശീലമാണ് മൂത്രം പിടിച്ചു വയ്ക്കുക എന്നത്.പലപ്പോഴും അസൗകര്യങ്ങളും അശ്രദ്ധയും സ്ത്രീകളെയാണ് കൂടുതലായും ബാധിക്കുന്നത്. മൂത്രത്തിലെ അണുബാധയ്ക്കു കാരണമാകുന്ന പ്രധാന വില്ലനും ഇത് തന്നെയാണ്.കിഡ്‌നി മുതല്‍ മൂത്രനാളം വരെ അണുബാധ ഉണ്ടാകാം.

പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിലാണ് മൂത്രത്തില്‍ അണുബാധ കൂടുതലായി കണ്ടു വരുന്നത്. ഇതിനു കാരണം സ്ത്രീകളിലെ നീളം കുറഞ്ഞ യൂറിത്ര (urethra/മൂത്രനാളം) ആണ്. മുഴുവന്‍ സ്ത്രീകളുടെ എണ്ണമെടുത്താല്‍ അതില്‍ പകുതി പേര്‍ക്ക് എപ്പോഴെങ്കിലുമൊക്കെയായി മൂത്രത്തില്‍ അണുബാധ വന്നിട്ടുണ്ടാകും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുരുഷന്മാരില്‍ ഇത് സാധാരണമല്ലെങ്കിലും, ഒരു വയസ്സില്‍ താഴെ ഉള്ളവരിലും അറുപത് വയസ്സിനു മുകളില്‍ ഉള്ളവരിലും (പ്രത്യേകിച്ചു പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ അസുഖമുള്ളവരില്‍) ഇത് കണ്ടു വരുന്നുണ്ട്. ബാക്ടീരിയകളെ നശിപ്പിക്കുന്ന പ്രോസ്റ്റാറ്റിക് ദ്രവങ്ങളുടെ സാന്നിധ്യവും പുരുഷന്മാരില്‍ അണുബാധ ഉണ്ടാവുന്നത് കുറയ്ക്കുന്നു.

മൂത്രത്തില്‍ അനുബാധയ്ക്കുള്ള കാരണങ്ങള്‍

  • മൂത്ര സഞ്ചിയില്‍ നിന്നും മൂത്രം മുഴുവനായും പുറത്ത് പോവാതിരിക്കുക. ഈ അവസ്ഥ പ്രധാനമായും കണ്ടു വരുന്നത് മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരില്‍, മൂത്രാശയത്തിലോ കിഡ്‌നിയിലോ ഉള്ള കല്ല് , മറ്റു വളര്‍ച്ചകള്‍ എന്നിവ ഉള്ളവരില്‍, നാഡീസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരില്‍, പേശികളുടെ ബലക്കുറവ് കാരണം യൂട്ടറൈന്‍ പ്രൊലാപ്‌സ്(uterine prolapse) പോലുള്ള ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരിലുമൊക്കെയാണ്.
  • ശസ്ത്രക്രിയകളുടെയോ അസുഖങ്ങളുടെയോ ഭാഗമായി മൂത്രം പോകാനുള്ള ട്യൂബ് അഥവാ കത്തീറ്റര്‍ (catheter) ഉപയോഗം.
  • പ്രമേഹ രോഗം
  • ആര്‍ത്തവ വിരാമത്തിനു ശേഷം ഉണ്ടാകുന്ന ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ അഭാവം.
  • ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുക.
  • സമയത്ത് മൂത്രമൊഴിക്കാതെ മൂത്രം പിടിച്ചു വയ്ക്കുക.
  • ലൈംഗിക ബന്ധ സമയത്തുള്ള വൃത്തിക്കുറവ് തുടങ്ങിയവയാണ്.

ഗര്‍ഭകാലത്തുണ്ടാകുന്ന മൂത്രത്തിലെ അണുബാധ ഗൗരവപൂര്‍വ്വം ശ്രദ്ധിക്കേണ്ട ഒന്നാണ്. കൃത്യമായ വൈദ്യ പരിശോധയും ചികിത്സയും ലഭ്യമാക്കണം. അല്ലാത്ത പക്ഷം അണുബാധയുടെ സങ്കീര്ണതകളായി മാസം തികയാതെയുള്ള പ്രസവമൊക്കെ സംഭവിക്കാം.

മൂത്രത്തില്‍ അണുബാധയ്ക്കു കാരണമാകുന്ന പ്രധാന ബാക്ടീരിയകള്‍ എസ്ചേറിഷിയ കോളൈ(escherichia coli/e. coli), പ്രോട്ടീയസ്(proteus), സ്യുഡോമോണാസ്(pseudomonas), സ്‌ട്രേപ്‌റ്റോകോകൈ(streptococci), സ്റ്റാഫിയലോകോക്കസ് എപിഡര്‍മിഡിസ് (staphylococcus epidermidis) എന്നിവയാണ്.

മൂത്രമൊഴിക്കുമ്പോള്‍ ഉള്ള പുകച്ചിലും വേദനയും, വീണ്ടും വീണ്ടും മൂത്രമൊഴിക്കാന്‍ ഉള്ള തോന്നല്‍, അടിവയറിലെ വേദന ,നടുവേദന, മൂത്രത്തിന് നിറം മാറ്റം, ദുര്‍ഗന്ധം, മൂത്രത്തില്‍ രക്തം പോവുക ,പനി, ഛര്‍ദ്ദി, ഓക്കാനം എന്നിവയാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങള്‍.

മൂത്ര പരിശോധനയിലൂടെ അണുബാധ കാരണമുണ്ടായ പഴുപ്പ് കണ്ടു പിടിക്കാനും, പഴുപ്പുകോശങ്ങളുടെ എണ്ണമറിയാനും സാധിക്കും. അടിക്കടി അണുബാധ വരുന്നവരില്‍, ഗര്‍ഭിണികള്‍, പ്രമേഹ രോഗികള്‍, പ്രതിരോധ ശക്തി കുറഞ്ഞവരില്‍ എന്നിവരിലൊക്കെ യൂറിന്‍ കള്‍ച്ചര്‍ ടെസ്റ്റ് ചെയ്യാവുന്നതാണ്. അണുബാധയ്ക്കു കാരണക്കാരനായ ബാക്ടീരിയ ഏതിനമാണെന്നു കണ്ടുപിടിക്കുന്നതിനോടൊപ്പം ഇത് വഴി കൃത്യമായ ആന്റിബയോട്ടിക് ബാക്ടീരിയക്കെതിരെ നല്‍കാനും സാധിക്കുന്നു.

കിഡ്നിയിലോ മൂത്രസഞ്ചിയിലോ ഉള്ള തടസ്സങ്ങള്‍ (കല്ല്, മറ്റു വളര്‍ച്ചകള്‍ തുടങ്ങിയവ) ഉണ്ടെന്നു സംശയിക്കുന്നവരില്‍ , അടിക്കടി അണുബാധ വരുന്നവരില്‍ ഒക്കെ സ്‌കാനിംഗ്, യൂറോഗ്രാം, സിസ്റ്റോസ്‌കോപ്പി തുടങ്ങിയ പരിശോധനകള്‍ നടത്തുന്നു. അണുബാധയ്ക്കു എതിരെ പടപൊരുതാന്‍ ആന്റിബയോട്ടിക്ക് സൈന്യത്തെയാണ് പറഞ്ഞയക്കാറുള്ളത്.

നോമ്പ്കാലത്തെ മൂത്രാശായ അണുബാധ എങ്ങനെ ഒഴിവാക്കാം?

മൂത്രാശായ അണുബാധ വരാതിരിക്കാന്‍ വെള്ളം ധാരാളം കുടിക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധമാര്‍ഗം. മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍ ഉണ്ടാകുമ്പോള്‍ മാത്രം വെള്ളം കുടിക്കുക എന്നതല്ലാതെ എന്നും അതൊരു ശീലമാക്കുക. അടിക്കടി അണുബാധ വരുന്നവര്‍ കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും ദിവസവും കുടിക്കണം. നോമ്പ് തുറക്കുമ്പോഴും അത്താഴ സമയത്തും വെള്ളവും , പഴച്ചാറുകളും , മറ്റു ജലാംശം കൂടിയ ഭക്ഷ്യ വസ്തുക്കളും കഴിക്കുക. ജലാംശം അടങ്ങിയ പഴങ്ങള്‍ നോമ്പുതുറ വിഭവങ്ങളില്‍ ഉള്‍പ്പെടുത്തുക.

വെള്ളം കുടിച്ചാല്‍ മാത്രം പോര, കൃത്യമായ ഇടവേളകളില്‍ മൂത്രം പിടിച്ചു വയ്ക്കാതെ മൂത്രമൊഴിച്ചു കളയാനും ശ്രദ്ധിക്കണം. പകല്‍ വെള്ളം കുടിക്കുന്നില്ല എന്ന കാരണം മനസില്‍ കരുതി പലരും കൃത്യമായി മൂത്രമൊഴിച്ചു കളയുന്നതില്‍ മടി കാണിക്കാറുണ്ട് . ഇത് ശരിയല്ല .

വ്യക്തി ശുചിത്വമാണ് മറ്റൊന്ന്. അടിവസ്ത്രങ്ങളിലെ വിയര്‍പ്പ് നനവ് എന്നിവ കഴിയുന്നതും ഒഴിവാക്കുക. ലൈംഗിക ബന്ധത്തിന് മുന്‍പും ശേഷവും ശരീരം വൃത്തിയായി സൂക്ഷിക്കുവാന്‍ പങ്കാളികള്‍ ശ്രദ്ധിക്കുക.

അണുബാധകള്‍ക്ക് അവസരം നല്‍കാതെ, ലളിതമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചു വ്രതക്കാലം ആരോഗ്യപ്രദമാക്കാം

Loading...

Leave a Reply

Your email address will not be published.

More News