Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:59 pm

Menu

Published on February 15, 2017 at 10:27 am

ശശികല ഇന്നു കീഴടങ്ങിയേക്കുമെന്ന് സൂചന; ബംഗളൂരുവില്‍ കനത്ത സുരക്ഷ

vk-sasikala-returns-home-likely-to-surrender-in-bengaluru

ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസില്‍ നാല് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല ഇന്ന് കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന് സൂചന.

ഉച്ചയോടെ ബംഗളൂരു വിചാരണ കോടതിയിലെത്തി കീഴടങ്ങുമെന്നാണ് അവരോട് അടുത്ത പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല കുറ്റക്കാരിയാണെന്ന് ഇന്നലെ സുപ്രീം കോടതി കണ്ടെത്തിയിരുന്നു. നാലാഴ്ചയ്ക്കകം കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

അതേസമയം, കീഴടങ്ങുന്നതിനുള്ള സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ശശികല കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ ഈ ഹര്‍ജി പരിഗണിക്കും. ഹര്‍ജി തള്ളിയാല്‍ ഉച്ചയോടെ ശശികല കീഴടങ്ങുമെന്നാണ് സൂചനകള്‍.

വിധി വന്നതിനു പിന്നാലെ കൂവത്തൂരിലെ റിസോര്‍ട്ടില്‍നിന്നും ശശികല ഇന്നലെ രാത്രിയോടെ പോയസ് ഗാര്‍ഡനിലെ വസതിയില്‍ തിരിച്ചെത്തിയിരുന്നു. ഇവിടെനിന്നും വിമാനമാര്‍ഗമാകും ശശികല ബംഗളൂരുവിലെത്തുക.

അതേസമയം, കീഴടങ്ങുകയാണെങ്കില്‍ ശശികലയെയും മറ്റു രണ്ടു പ്രതികളെയും പാര്‍പ്പിക്കാനുള്ള ബംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയില്‍ പരിസരത്ത് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പൊലീസ്, സിറ്റി ആംഡ് റിസര്‍വ് എന്നിവയ്ക്കു പുറമേ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ജയിലിനു സമീപത്തെ സുരക്ഷ വിലയിരുത്തുന്നുണ്ട്.

അതേ സമയം നാല് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടതോടെ അടുത്ത 10 വര്‍ഷത്തേക്ക് ശശികലയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഇതോടെ ശശികലയ്ക്ക് പകരം എടപ്പാടി പളനിസാമിയെ നിയമസഭാകക്ഷി നേതാവായി ശശികല പക്ഷം തിരഞ്ഞെടുത്തിരുന്നു.

അതേസമയം സര്‍ക്കാരുണ്ടാക്കാന്‍ ശശികല പക്ഷവും പനീര്‍ശെല്‍വവും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ നിലപാട് എന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News