Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:35 pm

Menu

Published on March 22, 2017 at 10:39 am

എക്‌സ്പ്രസ് ട്രെയിനുകളില്‍ വെയിറ്റിങ് ലിസ്റ്റിലായാലും ഇനി യാത്ര ചെയ്യാം

waitlist-passengers-to-get-confirmed-seat-in-premier-trains-from-april-1-vikalp

ന്യൂഡല്‍ഹി: മെയില്‍, എക്സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് വെയ്റ്റിങ് ലിസ്റ്റിലായവര്‍ക്ക് റെയില്‍വേയുടെ ശതാബ്ദി, രാജധാനി ട്രെയിനുകളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം വരുന്നു.

മെയില്‍, എക്സ്പ്രസ് ട്രെയിനുകളില്‍ വെയ്റ്റിങ് ലിസ്റ്റുകളില്‍ ഉള്ളവര്‍ക്ക് അവര്‍ പോകേണ്ട സ്ഥലത്തേക്ക് പ്രീമിയം ട്രെയിനുകളുണ്ടെങ്കില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. ഏപ്രില്‍ ഒന്നുമുതല്‍ ഈ സൗകര്യം നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല പ്രധാനപ്പെട്ട റൂട്ടുകളിലേക്ക് അനുവദിക്കുന്ന സ്പെഷ്യല്‍ ട്രെയിനുകളിലും ഈ സൗകര്യം ലഭ്യമാകും.

വികല്‍പ് എന്ന് പേരു നല്‍കിയ റെയില്‍വേയുടെ ഈ പുതിയ പദ്ധതി പ്രകാരം വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഇതിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് അവര്‍ യാത്ര ചെയ്യുന്ന അത്രയും ദൂരം ടിക്കറ്റ് തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടാകും.

ഈ സൗകര്യപ്രകാരം യാത്ര ചെയ്യാന്‍ അധിക ചിലവ് യാത്രക്കാര്‍ വഹിക്കേണ്ടിവരില്ല. എന്നാല്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ സൗകര്യം നിലവില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കൂ.

ആറ് റൂട്ടുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പദ്ധതി വിജയമായതോടെയാണ് ഇത് രാജ്യത്തൊട്ടാകെ വ്യാപിപ്പിക്കുന്നത്. ട്രെയിന്‍ യാത്ര കൂടുതല്‍ യാത്രക്കാര്‍ക്ക് അനുകൂലമാക്കുന്നതിന്റെ ഭാഗമായാണ് വികല്‍പ് പദ്ധതി നടപ്പിലാക്കുന്നത്.

രാജധാനി, ശതാബ്ദി, തുരന്തോ, സുവിധ, തുടങ്ങിയ ട്രെയിനുകള്‍ ഒഴിഞ്ഞ സീറ്റുകളുമായി യാത്ര ചെയ്യുന്ന അവസ്ഥ ഒഴിവാക്കുക എന്നത് കൂടി ഈ പദ്ധതിയുടെ ലക്ഷ്യമാണ്.

വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക് തീര്‍ച്ചപ്പെടുത്തിയ ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ സൗകര്യമെരുക്കുന്നതിന് പുറമെ ട്രെയിനുകളിലെ പരമാവധി സീറ്റുകളില്‍ യാത്രക്കാരെ ഉറപ്പുവരുത്തുക എന്നതും കൂടിയാണ് ഇതിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

തിരക്കുള്ള സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്ന ഫ്ളെക്സി ഫെയര്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷം പ്രീമിയം ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിരുന്നു. അതേസമയം മറ്റ് ട്രെയിനുകളില്‍ വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുമുണ്ടായി. ഇതും വികല്‍പ് നടപ്പിലാക്കാന്‍ പ്രേരണയായി.

റെയില്‍വേ സ്റ്റേഷനുകളില്‍ ഇതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കുന്നതോടെ ടിക്കറ്റ് കൗണ്ടറുകള്‍ വഴി ഭാവിയില്‍ ഇങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം.

Loading...

Leave a Reply

Your email address will not be published.

More News