Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:00 pm

Menu

Published on May 20, 2017 at 10:05 am

വാനാക്രൈ റാന്‍സംവെയര്‍; വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം വികസിപ്പിച്ചതായി വിദഗ്ധര്‍

wanna-cry-ransomware-file-restoration-programme-developed

പാരിസ്: സൈബര്‍ ലോകത്തെ ഞെട്ടിച്ച വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിനരയായ കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം വികസിപ്പിച്ചതായി ഫ്രഞ്ച് ഗവേഷകര്‍.

വാനാകിവി എന്ന ബ്ലോഗിലൂടെയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ എല്ലാ കമ്പ്യൂട്ടറുകളിലും ഇത് പൂര്‍ണ വിജയമായിരിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കി. വാനാകീ (WannaKey), വാനാകിവി (WannaKivi) എന്നിങ്ങനെയുള്ള രണ്ടു പ്രോഗ്രാമുകളാണ് ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ധര്‍ വികസിപ്പിച്ചത്.

ആക്രമണമുണ്ടായ ശേഷം റീ സ്റ്റാര്‍ട്ട് ചെയ്യാത്ത കമ്പ്യൂട്ടറുകളില്‍ വാനാക്രൈ സ്ഥിരമായി പൂട്ടാത്ത ഫയലുകളാണ് വീണ്ടെടുക്കുക. അതായത് വാനാക്രൈ ബാധിച്ച ശേഷം കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്തില്ലെങ്കില്‍ മാത്രമേ ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയൂ. ഏതാനും കമ്പ്യൂട്ടറുകളില്‍ ഫയലുകള്‍ തുറക്കാനുള്ള ശ്രമം വിജയിച്ചതായി യൂറോപോള്‍ ഏജന്‍സിയും അറിയിച്ചു.

ഡീക്രിപ്റ്റ് ചെയ്യാനുള്ള കോഡ് കംപ്യൂട്ടറില്‍നിന്നു വീണ്ടെടുക്കുകയാണു രീതി. പ്രത്യേകതരം പ്രൈവറ്റ് കീ ഉപയോഗിച്ചാണ് ഒരു കമ്പ്യൂട്ടറിലെ ഫയലുകള്‍ വാനാക്രൈ പൂട്ടുന്നത്. എന്‍ക്രിപ്ഷനായി കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന കീ അതിനുശേഷം അപ്രത്യക്ഷമാകും. ഉപയോക്താക്കള്‍ കീ ഉപയോഗിച്ചു ഫയലുകള്‍ തിരിച്ചുപിടിക്കാതിരിക്കാനാണിത്.

തുറക്കണമെങ്കിലും ഇതേ കീ ആവശ്യമാണ്. കീ അപ്രത്യക്ഷമായാലും അതുമായി ബന്ധപ്പെട്ട ചില നമ്പറുകള്‍ കമ്പ്യൂട്ടറിനുള്ളിലുണ്ടാകുന്നതു പ്രയോജനപ്പെടുത്തി പുതിയ പ്രോഗ്രാമിന്റെ സഹായത്തോടെ കീ വീണ്ടെടുക്കുകയാണു ചെയ്യുന്നത്. വാനാകിവി ഉപയോഗിച്ച് വിന്‍ഡോസ് 7, എക്സ്പി, വിന്‍ഡോസ് 2003 പതിപ്പുകളില്‍ നിന്ന് വിജയകരമായി ഫയലുകള്‍ വീണ്ടെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

150 രാജ്യങ്ങളിലായി മൂന്നു ലക്ഷത്തോളം കമ്പ്യൂട്ടറുകളില്‍ വാനാക്രൈ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.ഇതുവരെ 309 ഇടപാടുകളിലായി 60.6 ലക്ഷം രൂപ മോചനദ്രവ്യമായി അക്രമികള്‍ക്ക് ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Loading...

Leave a Reply

Your email address will not be published.

More News