Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:05 pm

Menu

Published on January 15, 2018 at 4:36 pm

പണം അയക്കുമ്പോള്‍ അക്കൗണ്ട് മാറി പണം പോയാല്‍ എന്തുചെയ്യും?

ways-to-prevent-money-loss-in-digital-transactions

ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയത്. എന്നാല്‍ എത്ര പേര്‍ക്ക് സുരക്ഷിതമായും കൃത്യതയോടെയും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനാകുമെന്ന കാര്യം സംശയമാണ്.

പലര്‍ക്കും തന്നെ ഇത്തരം ഇടപാടുകള്‍ക്കിടെ പണം നഷ്ടപ്പെടുന്നത് പതിവാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ പതിവായതോടെ പണം കൈമാറ്റത്തിന്റെ ഭൂരിഭാഗവും നടക്കുന്നത് ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി തുടങ്ങി ഇലക്ട്രോണിക് പണംകൈമാറ്റ സംവിധാനങ്ങളിലൂടെയാണ്.

പണം അയയ്ക്കുന്നവര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഇടപാടുകള്‍ പൂര്‍ത്തിയാകുകയാണ് ചെയ്യുന്നത്. വിവരങ്ങള്‍ സാങ്കേതികമായി മാത്രം ഒത്തു നോക്കുന്നതിനാല്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതുമൂലം പണം നഷ്ടപ്പെട്ടാല്‍ പരാതി പറഞ്ഞിട്ടു കാര്യമില്ല.

നല്‍കിയത് തെറ്റായ വിവരങ്ങളാണെങ്കില്‍ അയച്ച അക്കൗണ്ടിലേയ്ക്ക് പണം തിരികെ വരും, പക്ഷേ ആവശ്യം നടക്കില്ല. ഇതോടൊപ്പം മൊബൈല്‍ വാലറ്റുകളും മറ്റും ഉപയോഗിച്ചു നടത്തുന്ന ഡിജിറ്റല്‍ പണമിടപാടുകളിലും ശ്രദ്ധിച്ചില്ലെങ്കില്‍ പണം നഷ്ടപ്പെടുമെന്ന് ഓര്‍മ്മ വേണം.

ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി എന്നിങ്ങനെ ഇലക്ട്രോണിക്കായി പണമയയ്ക്കാനുള്ള സംവിധാനങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന പൂര്‍ണ്ണ ഉത്തരവാദിത്തം പണം അയയ്ക്കുന്നവര്‍ക്കായിരിക്കുമെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളതാണ്.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്ക് ശാഖകള്‍ക്കും പ്രത്യേകമായി നല്‍കിയിരിക്കുന്ന 11 സ്ഥാനങ്ങളുള്ള, അക്ഷരങ്ങളും സംഖ്യകളും കൂട്ടിക്കലര്‍ത്തിയുള്ള നമ്പരാണ് ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ് അഥവാ ഐഎഫ്എസ്‌സി കോഡ്.

ഇതിലെ ആദ്യ നാല് അക്ഷരങ്ങള്‍ ഏത് ബാങ്കാണെന്നും അവസാന ആറ് അക്കങ്ങള്‍ ഏത് ശാഖയാണെന്നും തിരിച്ചറിയാന്‍ സഹായിക്കും. ഇതിനു രണ്ടിനും മധ്യത്തിലുള്ള പൂജ്യം ഭാവിയിലെ ഉപയോഗത്തിനുവേണ്ടിയുള്ളതാണ്.

പണം സ്വീകരിക്കേണ്ട ശാഖയുടെ ഐഎഫ്എസ്സി കോഡും അക്കൗണ്ട് നമ്പരും ഒത്തു നോക്കി അവയും പൊരുത്തപ്പെട്ടാല്‍ മാത്രമേ പണം സ്വീകരിക്കപ്പെടുകയുള്ളൂ. പണം സ്വീകരിച്ച ശാഖയില്‍ അക്കൗണ്ട് നമ്പരില്‍ ആശങ്കയുണ്ടെങ്കില്‍ പണം തിരികെ വരും. നല്‍കിയിട്ടുള്ള അക്കൗണ്ട് നമ്പരും അക്കൗണ്ട് ഉടമയുടെ പേരും ഒത്തുനോക്കി ചേരുന്നില്ലെങ്കില്‍ പണം തിരികെ ലഭിക്കും.

ഒരിക്കല്‍ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ മറ്റു തകരാറുകള്‍ ഇല്ലെങ്കില്‍ ഉദ്ദേശിക്കപ്പെട്ടതാണോ അല്ലയോ എന്ന വ്യത്യാസമില്ലാതെ ഒരു അക്കൗണ്ടില്‍ പണം എത്തും. മിക്ക അക്കൗണ്ടുകളും മൊബൈല്‍ ഫോണുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ പണം ലഭിച്ച അക്കൗണ്ട് ഉടമയ്ക്ക് ആ വിവരം ഉടന്‍ ലഭിക്കുന്നു.

അയക്കേണ്ട അക്കൗണ്ട് മാറിപ്പോയതാണെങ്കില്‍ അയച്ച പണം അക്കൗണ്ടുടമയുടെ സമ്മതം കൂടി ഉണ്ടെങ്കില്‍ മാത്രമേ തിരിച്ചെടുക്കാന്‍ സാധിക്കുന്നുള്ളൂ.

ഇങ്ങനെ തെറ്റു സംഭവിക്കുന്ന അവസരങ്ങളില്‍ ഇടപാടുകാരെ സഹായിക്കുന്നതിനായി പേയ്മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ബാങ്കുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. തെറ്റായി പണം സ്വീകരിച്ച അക്കൗണ്ടുടമയുടെ സഹകരണം ഇല്ലാതെ വന്നാല്‍ നിയമ നടപടി മാത്രമേ വഴിയുള്ളൂ. ബാങ്കിങ് ഓംബുഡ്സ്മാന്റെ ഇടപെടലും ഇക്കാര്യത്തില്‍ പരിമിതമാണെന്നോര്‍ക്കുക.

ഇനി തെറ്റായ വിവരങ്ങള്‍ നല്‍കിയതുമൂലം പണം നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ നഷ്ടം നികത്തില്ല. ഇടപാടുകാരന്റെതല്ലാത്ത കാരണങ്ങളാല്‍ അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കപ്പെടുമ്പോഴാണ് പ്രധാനമായും സീറോ ലയബിലിറ്റി നിബന്ധന പ്രാവര്‍ത്തികമാക്കുക.

Loading...

Leave a Reply

Your email address will not be published.

More News