Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:26 pm

Menu

Published on October 19, 2017 at 3:49 pm

ഇനി പുളിയുറുമ്പുകളെ നശിപ്പിക്കും മുന്‍പ് രണ്ടാമതൊന്ന് ആലോചിക്കണം

weaver-ant-to-sell

ഒരു കടികിട്ടിയാല്‍ നന്നായി നീറുന്നതു കൊണ്ടുതന്നെയായിരിക്കാം പുളിയുറുമ്പുകള്‍ക്ക് നീറ് എന്ന പേരുകൂടി കിട്ടിയത്. മാങ്ങയും മറ്റും പറിക്കാന്‍ കേറുമ്പോള്‍ ഈ നീറുകള്‍ വലിയ വെല്ലുവിളി തന്നെയാണ്. കടികൊണ്ട് വശംകെടും എന്നതു തന്നെ കാരണം.

എന്നാല്‍ കടിച്ച് വശംകെടുത്തുന്നവരെന്ന നിലയില്‍ നിന്ന് മനുഷ്യര്‍ക്കു പുതിയൊരു വരുമാനമാര്‍ഗം തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണു നീറുകള്‍. അതെ മരത്തില്‍ കാണുന്ന പുളിയുറുമ്പിന്റെ കൂടുകള്‍ തീവെച്ചും മറ്റും നശിപ്പിക്കും മുന്‍പ് ഇനി ഒരുവട്ടം കൂടി ആലോചിച്ചോളൂ. കാരണം അവ വിലകൊടുത്തു വാങ്ങാന്‍ ഇപ്പോള്‍ ആളുണ്ട്.

പച്ചക്കറിത്തോട്ടങ്ങളിലെ കീടങ്ങളെ നശിപ്പിക്കാനും പരാഗണ സഹായികളായും നീറുകളെ ഉപയോഗിക്കാന്‍ സാധിക്കും. നിറയെ ഉറുമ്പുകളുള്ള കൂടിന് ഇപ്പോള്‍ ഇരുപതു രൂപയാണു വില. ഡിമാന്‍ഡ് അനുസരിച്ച് ഇതു ചിലപ്പോള്‍ ഉയരും.

ജൈവ പച്ചക്കറി കൃഷി ശീലമാക്കിയ കര്‍ഷകരുടെ ശത്രുക്കളാണ് ചെടികളുടെ തണ്ടും ഇലകളുമെല്ലാം തിന്നു നശിപ്പിക്കുന്ന പ്രാണികളും കീടങ്ങളും. പുകയിലക്കഷായം പോലുള്ള നാടന്‍ പ്രയോഗങ്ങള്‍ ഇവയ്‌ക്കെതിരെ ഫലിക്കാതെ വരുമ്പോഴാണ് നീറുകള്‍ കര്‍ഷകരുടെ സഹായത്തിനെത്തുന്നത്.

ഇവയെ ചെടികളിലേക്കു കയറ്റിവിട്ടാല്‍ ഒരുമാതിരി കീടങ്ങളും പുഴുക്കളുമൊന്നും പിന്നെ ആ വഴിക്കു വരില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. മാത്രമല്ല പ്രാണികളുടെ അഭാവം മൂലം ചെടികളിലെ സ്വാഭാവിക പരാഗണം സാധ്യമാവാതെ വരുന്ന സാഹചര്യത്തിലും നീറുകള്‍ സഹായത്തിനെത്തും.

കായ്ഫലം കുറയാന്‍ കാരണമാകുന്ന ഈ പ്രശ്‌നം നീറുകള്‍ പരിഹരിക്കും. ആണ്‍പൂവുകളിലും പെണ്‍പൂവുകളിലും മാറിമാറി വന്നിരിക്കുന്ന പ്രാണികളുടെ ദേഹത്തു പറ്റിപ്പിടിക്കുന്ന പൂമ്പൊടിയാണു പരാഗണം സാധ്യമാക്കുന്നത്. ചെടികളിലൂടെ ഇടതടവില്ലാതെ സഞ്ചരിക്കുന്ന പുളിയുറുമ്പുകള്‍ ഈ ജോലിയും ഭംഗിയാക്കും.

എന്നാല്‍ നാട്ടിലെങ്ങും പുളിയുറുമ്പുകളെ കാണാമെങ്കിലും ഉറുമ്പിന്‍കൂടു സംഘടിപ്പിക്കുക അത്ര എളുപ്പമല്ല. കടി കൊള്ളാതെ കൂട് കവറിനുള്ളിലാക്കാനാവില്ല. മിക്കവാറും കൂടിന്റെ സ്ഥാനം ഉയരത്തിലായിരിക്കുമെന്നതിനാല്‍ മരക്കൊമ്പില്‍ നിന്ന് അടര്‍ത്തിയെടുക്കുക എളുപ്പമല്ല. മരംവെട്ടുകാരുടെ സഹായത്തോടെയാണു ഇത്തരത്തില്‍ പലപ്പോഴും ഉറുമ്പിന്‍കൂടുകള്‍ ശേഖരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News