Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 10:56 am

Menu

Published on May 31, 2017 at 11:31 am

നോമ്പുകാലത്ത് ആരോഗ്യത്തോടെ ഇരിക്കാന്‍

what-to-eat-during-ramadan

ഒരു മാസക്കാലമുള്ള റമദാന്‍ ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികള്‍ വ്രതശുദ്ധിയോടെ കഴിയുന്ന നാളുകളാണ്. വ്രതം നോക്കുന്നതോടൊപ്പം ഇക്കാലയളവില്‍ ആരോഗ്യകാര്യത്തിലും പ്രത്യേക ശ്രദ്ധ അനിവാര്യമാണ്.

സ്ഥിരം ജീവിതക്രമത്തില്‍നിന്ന് പെട്ടെന്നുള്ള ഒരു മാറ്റമാണു റമസാന്‍ കാലത്ത്. മനസും ശരീരവും ഒരേപ്രകാരം പങ്കുചേരുന്ന ആരാധനാ കര്‍മമായാണു നോമ്പുകാലം വിശേഷിപ്പിക്കപ്പെടുന്നത്. കേള്‍വിയെയും കാഴ്ചയെയും ചിന്തകളെയും പ്രവൃത്തികളെയും പുനഃക്രമീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന സ്വാധീനശക്തിയാണു റമസാന്‍ വ്രതം. ഇക്കാലത്ത് ആരോഗ്യകാര്യങ്ങളിലും ഭക്ഷണകാര്യങ്ങളിലും പ്രത്യേകം ശ്രദ്ധവേണം.

നോമ്പിന്റെ ഗുണം പൂര്‍ണമായി ലഭിക്കാന്‍ സസ്യാഹാരം കഴിക്കുന്നതാണ് നല്ലത്. ദഹനശേഷി കുറവായിരിക്കും എന്നതിനാല്‍ രാത്രി അമിതഭക്ഷണം ഒഴിവാക്കുന്നതാവും നല്ലത്. രാത്രി അമിതഭക്ഷണം ഒഴിവാക്കിയാല്‍ പിറ്റേദിവസം പകല്‍സമയത്തെ ക്ഷീണം കുറയും.

നോമ്പുതുറയ്ക്കു ശേഷം ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. കാരണം പകല്‍ സമയത്ത് മുഴുവന്‍ ഉപവസിക്കുന്നതിനാല്‍ ശരീരത്തില്‍ ജലാംശം കുറഞ്ഞിട്ടുണ്ടാകും. ഇത് നിര്‍ജലീകരണത്തിനു കാരണമാകാം. അതുപോലെ ഭക്ഷണത്തില്‍ ധാരാളം പഴവര്‍ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താം. മാംസാഹാരം കുറയ്ക്കുന്നതാണ് ഉത്തമം.

വൈകുന്നേരം നോമ്പ് മുറിക്കുന്ന സമയത്ത് ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ കഴിക്കാം. ബിരിയാണി, ഇറച്ചി വിഭവങ്ങള്‍ എന്നിവ വ്രതം മുറിക്കുന്ന സമയത്ത് കഴിക്കുന്നത് ദഹനപ്രക്രിയയ്ക്ക് പ്രശ്നം ഉണ്ടാക്കുന്നു. അതുകൊണ്ടു തന്നെ പഴങ്ങളും സാലഡുകളും ഈ സമയത്ത് കഴിക്കുന്നതായിരിക്കും. കനത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കാം.

വ്രതത്തിന്റെ തുടക്കവും ഒടുക്കവും ലഘുഭക്ഷണമാണു വേണ്ടത്. അജീര്‍ണവും മലബന്ധവും ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത്. ബിരിയാണി, ഇറച്ചി, മീന്‍, പൊറോട്ട എന്നിവയ്ക്കു പകരം ചോറ്, കഞ്ഞി, ചെറുപയര്‍, ഇലക്കറികള്‍, പച്ചക്കറികള്‍, ചെറുപഴം എന്നിവ കഴിക്കാം.

ഗോതമ്പുകൊണ്ടുള്ള ഭക്ഷണം നല്ലതാണ്. റവ, റാഗി, കൂവ എന്നിവ മികച്ചവയാണ്. പുട്ട് ഒഴിവാക്കുക. പത്തിരിയാണു നല്ലത്. ജ്യൂസ് കഴിക്കുന്നതിനെക്കാള്‍ പഴവര്‍ഗങ്ങള്‍ അതേ രൂപത്തില്‍ത്തന്നെ കഴിക്കുന്നതാണു നല്ലത്.

ഈന്തപ്പഴവും നട്ട്സും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഉണങ്ങിയ പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ ഊര്‍ജ്ജം ശരീരത്ത് ലഭിക്കാന്‍ സഹായിക്കുന്നു.

വെള്ളം കുടിക്കാന്‍ കഴിയാത്തതിനാല്‍ വെള്ളമുള്ള പാനീയങ്ങള്‍ വ്രതം മുറിക്കുന്ന സമയത്ത് ഉള്‍പ്പെടുത്താവുന്നതാണ്. ജ്യൂസ്, പാല്‍, എന്നിങ്ങനെയുള്ളവ.

നോമ്പുകാലത്ത് എണ്ണയില്‍ വറുത്ത ഭക്ഷണപദാര്‍ഥങ്ങളും എരിവ്, പുളി എന്നിവയും ഉപേക്ഷിക്കുന്നതു നല്ലതാണ്. പ്രത്യേകിച്ച്, രക്തസമ്മര്‍ദം ഉള്ള രോഗികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. എണ്ണഭക്ഷണം കഴിച്ചാല്‍ ആമാശയ ശുദ്ധീകരണം നടക്കില്ല. കോള, സ്‌ക്വാഷ് പോലുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്.

അയണും കലോറിയും ധാരാളം അടങ്ങിയ കാരയ്ക്ക കഴിച്ച് നോമ്പു തുറന്നശേഷം ഇളനീര്‍ കഴിക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ കല്‍ക്കണ്ടം ചേര്‍ത്ത തണുത്ത വെള്ളം കഴിക്കാം. കറുത്ത കസ്‌കസ് വെള്ളത്തിലിട്ടതും ആവാം. പഴച്ചാര്‍, ചെറുപയര്‍ തിളപ്പിച്ച വെള്ളം, റവകൊണ്ടുള്ള കട്ടികുറഞ്ഞ പായസം എന്നിവ നല്ലതാണ്. പ്രമേഹരോഗികള്‍ പതിമുഖം ചതച്ചിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുക. ഇതിനുശേഷം ചുരുങ്ങിയത് ഒരു മണിക്കൂര്‍ കഴിഞ്ഞാവണം അടുത്ത ഭക്ഷണം. ഒഴിഞ്ഞിരിക്കുന്ന വയറിലേക്ക് ആദ്യം എത്തേണ്ടതു കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ്.

 

Loading...

Leave a Reply

Your email address will not be published.

More News