Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 8:20 am

Menu

Published on October 31, 2017 at 12:32 pm

നടിയെ ആക്രമിച്ച കേസില്‍ പ്രധാന സാക്ഷി മൊഴി മാറ്റി; പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയിട്ടില്ലെന്ന് രഹസ്യമൊഴി

witness-in-actress-attack-case-changes-statement-in-court

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേസിലെ പ്രധാന സാക്ഷി മൊഴി മാറ്റി.

മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമായി രേഖപ്പെടുത്തിയ മൊഴിയുടെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചപ്പോള്‍ മാത്രമാണ് ഇക്കാര്യം പൊലീസ് അറിയുന്നത്. പള്‍സര്‍ സുനിയും കൂട്ടുപ്രതിയായ വിജേഷും കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ വന്നത് കണ്ടുവെന്ന മൊഴിയാണ് ലക്ഷ്യയിലെ ജീവനക്കാരന്‍ മാറ്റിയത്.

കടയില്‍ വരുന്നത് താന്‍ കണ്ടിട്ടില്ല എന്നാണ് ഇയാള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി മാറ്റി പറഞ്ഞത്. ലക്ഷ്യയിലെ ജീവനക്കാരന്‍ നല്‍കിയ മൊഴി മുഖ്യസാക്ഷി മൊഴിയായി പൊലീസ് കണക്കാക്കിയിരുന്നു.

അതേസമയം കേസില്‍ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയ സാക്ഷിക്കെതിരെ പൊലീസ് കേസെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കാവ്യ മാധവന്റെ ഡ്രൈവര്‍, മൊഴി മാറ്റിയ സാക്ഷിയെ 41 തവണ വിളിച്ചെന്നതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചിരുന്നു. സാക്ഷിയെ സ്വാധീനിക്കാനും മൊഴി മാറ്റാനുമാണ് ഇവയെന്നു പൊലീസ് സംശയിക്കുന്നു.

നേരത്തെ വീഡിയോയിലാണ് ഇയാളുടെ മൊഴി പൊലീസ് എടുത്തത്. ഇതിനുശേഷം ഈ സാക്ഷിയുടെ രഹസ്യമൊഴി പൊലീസ് കോടതിയില്‍ രേഖപ്പെടുത്തിയിരുന്നു. ആ സമയത്താണ് മൊഴി മാറ്റിയത്. പള്‍സര്‍ സുനിയെ അറിയില്ലെന്നും അയാള്‍ ലക്ഷ്യയില്‍ വന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നുമായിരുന്നു രഹസ്യമൊഴി. അതു കേസിനെ കാര്യമായി ബാധിക്കും. അതിനാല്‍ സാക്ഷിയെ സ്വാധീനിച്ചു എന്ന സംഭവത്തില്‍ കേസെടുക്കാനും പൊലീസ് തയാറെടുക്കുകയാണ്.

ഇയാള്‍ക്കു പുറമേ പള്‍സര്‍ സുനിയെയും സംഘത്തെയും കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഏഴാം പ്രതി ചാര്‍ളിയും കോടതിയില്‍ മൊഴിമാറ്റി. ദിലീപ് നല്‍കിയ ക്വട്ടേഷന്റെ ഭാഗമായാണ് നടിക്കെതിരെ നടന്ന ആക്രമണമെന്ന് പള്‍സര്‍ സുനി തന്നോട് പറഞ്ഞുവെന്നായിരുന്നു പിടിയിലാകുമ്പോള്‍ ചാര്‍ളി പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തുമ്പോള്‍ ഇക്കാര്യം ചാര്‍ളി ആവര്‍ത്തിച്ചില്ല.

മൊഴിമാറ്റം കേസിന്റെ മുന്നോട്ടുള്ള പോക്കിനെ എങ്ങനെ ബാധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്. എന്നാല്‍ ദിലീപിന് ജാമ്യം ലഭിക്കുന്നതിന് മുന്നെ തന്നെയാണ് ഇത്തരത്തിലൊരു മൊഴിമാറ്റം നടന്നതെന്നതും ശ്രദ്ധേയമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News