Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹോങ്കോങ്: ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം. അതും 54 കിലോമീറ്റര്‍ നീളം. പണി തീര്‍ത്തതോ വെറും 7 വര്‍ഷങ്ങള്‍ മാത്രമെടുത്ത്. ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം തുറന്ന് ലോകത്തെ മുഴുവന്‍ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ചൈന. 34 മൈല്‍ അതായത് 54 കിലോമീറ്റര്‍ നീളത്തിലുള്ള വമ്പന്‍ കടല്‍പ്പാലം തന്നെയാണ് ചൈന പണി കഴിപ്പിച്ചിരിക്കുന്നത്. വൈ അക്ഷരത്തിന്റെ ആകൃതിയിലാണ് ഈ ഭീമന്‍ പാലം പണികഴിപ്പിച്ചിരിക്കുന്നത്. ഹോങ്കോങ്ങിലെ ലന്താവു ദ്വീപില്‍ നിന്നുമാരംഭിക്കുന്ന പാലം മക്കാവുവിലേക്കും സുഹായിയിലേക്കുമായി രണ്ടായി പിരിയുന്നുണ്ട്.
പ്രകൃതി ക്ഷോഭങ്ങളില്‍ തകരാത്ത വിധത്തില്‍ അതീവ ശ്രദ്ധയോടെയാണ് പാലം പണികഴിപ്പിച്ചിരിക്കുന്നത്. അതുപോലെ എത്ര വലിയ ചുഴലിക്കാറ്റിനേയും കടല്‍ത്തിരമാലകളേയും ചെറുത്തുനില്‍ക്കാന്‍ കെല്‍പ്പുള്ളതാണ് പാലം എന്ന് ചൈന അവകാശപ്പെടുന്നു. ഇത്രയും നീളമുള്ള ഈ പാലത്തിനിടയില്‍ കൃത്രിമമായ രണ്ടു ദ്വീപുകളും ചൈന ഉണ്ടാക്കിയിട്ടുണ്ട്. കടലിനടിയില്‍കൂടി രണ്ട് തുരങ്കങ്ങള്‍ സൃഷ്ടിച്ച് ഈ രണ്ടു ദ്വീപുകളെയും തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുമുണ്ട്.
തുരങ്കങ്ങള്‍ക്കിടയില്‍ക്കൂടെ കപ്പല്‍ കടന്ന് പോകാനും സാധിക്കും. ആ രീതിയിലാണ് ഇവയുടെ നിര്‍മാണം. നാല് ലക്ഷം ടണ്‍ സ്റ്റീല്‍ വേണ്ടി വന്നു 6.7 കിലോമീറ്റര്‍ നീളമുള്ള തുരങ്കവും പാലത്തിന്റെ 22.9 കിലോമീറ്റര്‍ ഭാഗവും നിര്‍മ്മിക്കുന്നതിനായി. മനസ്സിലാക്കാന്‍ എളുപ്പത്തില്‍ പറയുകയാണെങ്കില്‍ ഏകദേശം 60 ഈഫില്‍ ടവറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അത്രയും സ്റ്റീല്‍ വേണ്ടി വന്നിട്ടുണ്ട് ഇവയുടെ നിര്‍മ്മാണത്തിന്. ഈ ഡിസംബറോടെ പാലത്തിന്റെ അവസാന പണികളും പൂര്‍ത്തിയാകും. ഇതോടെ ടൂറിസത്തിനും വന്‍ വര്‍ദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലത്തിന് 120 വര്‍ഷത്തെ ആയുസ്സാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. പാലത്തിന്റെ മൊത്തം നിര്‍മ്മാണ ചെലവ് ഏകദേശം 15000 കോടി ഡോളര്‍ ആണ്.
Leave a Reply