Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: കഴിഞ്ഞദിവസം ആത്മഹത്യയ്‌ക്കുശ്രമിച്ച നാലു കായികതാരങ്ങളില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ ആര്യാട് സ്വദേശിനിയാണ് മരിച്ചത്. നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നായിരുന്നു കഴിഞ്ഞദിവസം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നുരാവിലെയോടെ ഒരാളുടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. നെഹ്‌റുട്രോഫി വാര്‍ഡിലുള്ള സായി ഹോസ്റ്റലില്‍ താമസിക്കുന്ന കായിക താരങ്ങളായ നാല് പെണ്‍കുട്ടികളാണ് വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അവശനിലയില്‍ കണ്ട ഇവരെ ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൂന്ന് കുട്ടികളുടെയും ആരോഗ്യ നില വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. വിഷക്കായ കഴിച്ചതിനാല്‍ ഏത് സമയത്തും ഇവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. 42 മണിക്കൂര്‍ കഴിയാതെ ഇവരുടെ കാര്യത്തില്‍ ഒരു തീർപ്പ് പറയാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.