Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 3, 2026 4:55 am

Menu

Published on June 13, 2020 at 6:48 pm

ഇന്ന് കേരളത്തിൽ 85 പേർക്ക് കോവിഡ്; 46 പേർക്ക് രോഗമുക്തി, 1342 പേർ ചികിത്സയിൽ

85-new-covid-cases-in-kerala-today

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോഴിക്കോട് ജില്ലയിലെ ഒന്നും മലപ്പുറം ജില്ലയിലെ മൂന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

1342 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1045 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. എയര്‍പോര്‍ട്ട് വഴി 67,364 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,36,735 പേരും റെയില്‍വേ വഴി 26,819 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 2,32,539 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,35,418 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,33,429 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 1989 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 223 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5170 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,09,729 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാംപിള്‍ ഉള്‍പ്പെടെ) സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3223 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 29,790 സാംപിളുകള്‍ ശേഖരിച്ചതില്‍ 27,899 എണ്ണം നെഗറ്റീവ് ആയി.

റുട്ടീന്‍ സാംപിള്‍, ഓഗ്മെന്റഡ് സാംപിള്‍, സെന്റിനല്‍ സാംപിൾ, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,44,842 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. പുതുതായി 2 ഹോട്സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ നടുവില്‍, പാപ്പിനിശ്ശേരി എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍.

13 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റി, മലമ്പുഴ, മറുതറോഡ്, നാഗലശ്ശേരി, പൊല്‍പ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി, കണ്ണൂര്‍ ജില്ലയിലെ മാലൂര്‍, പെരളശ്ശേരി, പിണറായി, ശ്രീകണ്ഠപുരം, തലശേരി മുനിസിപ്പാലിറ്റി, കാസര്‍കോട് ജില്ലയിലെ ഈസ്റ്റ് എളേരി എന്നിവയെയാണ് ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 117 ഹോട്സ്പോട്ടുകളാണ് ഉള്ളത്.

Loading...

Comments are closed.

More News