Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയുടെ വയറ്റില്‍നിന്ന് മൂന്നു മീറ്ററോളം നീളമുള്ള തുണി പുറത്തുവന്നു. കഴിഞ്ഞ 26 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്.
സംഭവത്തെത്തുടര്‍ന്ന് ബോധരഹിതയായ യുവതിയെ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ഒന്‍പതു ദിവസങ്ങള്‍ക്ക് ശേഷമാണ് വയറ്റില്‍ നിന്ന് തുണി പുറത്തേക്ക് വന്നത്.
പ്രസവത്തിനു ശേഷം വീട്ടിലെത്തിയ 21കാരിയായ പുന്നപ്ര സ്വദേശിനിക്ക് തുടര്‍ച്ചയായി അസഹനീയമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്നലെ ശുചിമുറിയില്‍വച്ചു മൂന്നു മീറ്ററോളം നീളമുള്ള തുണി പുറത്തേക്കു വന്നത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
വയറുവേദനയെത്തുടര്‍ന്ന് ബാത്ത്റൂമില്‍ കയറിയപ്പോഴാണ് മൂന്നുമീറ്ററോളം നീളമുള്ള തുണി പുറത്തുവന്നത്. ഉടന്‍തന്നെ ബന്ധുക്കള്‍ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ലേബര്‍റൂമില്‍ പ്രവേശിപ്പിച്ച യുവതിയെ സ്‌കാനിങ്ങിനും വിധേയയാക്കി.
ക്ഷീണിതയായ യുവതിയുടെ രോഗവിവരങ്ങള്‍ പുറത്തുവിടാന്‍ ഡോക്ടര്‍മാര്‍ തയാറാകുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. കുഞ്ഞിനു മുലപ്പാല്‍ നല്‍കാനും കഴിയുന്നില്ല. ശസ്ത്രക്രിയ സമയത്തുണ്ടായ അശ്രദ്ധയാണ് തുണി വയറ്റില്‍ കുടുക്കാന്‍ കാരണമെന്നാണ് സംശയം.
സംഭവത്തില്‍ വകുപ്പു മേധാവിയോടും ഡ്യൂട്ടി ഡോക്ടര്‍മാരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേസ് ഷീറ്റ് ഹാജരാക്കാന്‍ നിര്‍ദേശിച്ചതായും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ആര്‍.വി.രാംലാല്‍ അറിയിച്ചു.
Leave a Reply