Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 5:30 pm

Menu

Published on March 6, 2018 at 10:48 am

ബിജെപി വിജയത്തിനു പിന്നാലെ ത്രിപുരയില്‍ സിപിഎം കേന്ദ്രങ്ങള്‍ക്ക് നേരെ വ്യാപകമായ അക്രമം; ലെനിന്‍ പ്രതിമ തകര്‍ത്തു

tripura-bjp-supporters-bulldoze-lenin-statue

അഗര്‍ത്തല: 25 വര്‍ഷക്കാലം നീണ്ട സിപിഎം ഭരണത്തിന് അന്ത്യമായതിനു പിന്നാലെ ത്രിപുരയില്‍ സിപിഎം കേന്ദ്രങ്ങള്‍ക്ക് നേരെ വ്യാപകമായ അക്രമം.

തെക്കന്‍ ത്രിപുരയില്‍ ബെലോണിയ നഗരത്തില്‍ സ്ഥിതി ചെയ്തിരുന്ന ലെനിന്റെ പ്രതിമ ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു. വിജയത്തില്‍ ആഹ്ലാദപ്രകടനവുമായെത്തിയ പ്രവര്‍ത്തകര്‍ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ച് പ്രതിമ തകര്‍ക്കുകയായിരുന്നു. സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ സിപിഎം ഓഫീസുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.

ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍ അഞ്ചുവര്‍ഷം മുന്‍പ് സ്ഥാപിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലെനിന്റെ പ്രതിമയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ തകര്‍ക്കപ്പെട്ടത്.

മറിച്ചിട്ട ശേഷം പ്രതിമയുടെ തല മുറിച്ചുമാറ്റുകയും ചെറുകഷ്ണങ്ങളാക്കി തകര്‍ക്കുകയും ചെയ്തതായും ഇതുപയോഗിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഫുട്ബോള്‍ കളിച്ചതായും സിപിഎം നേതാവ് തപസ് ദത്തയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയുടെ ‘കമ്യൂണിസം ഫോബിയ’ ആണ് ഇത്തരം പ്രവൃത്തികളിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തോടെ ത്രിപുരയില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേരെയും വലിയതോതില്‍ ശാരീരിക ആക്രമണം നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബിജാന്‍ ധര്‍ ആരോപിച്ചു.

നിരവധി ഓഫീസുകള്‍ പിടിച്ചെടുക്കുകയും തല്ലിത്തകര്‍ക്കുകയും തീയിടുകയും ചെയ്തു. നിരവധി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. പാര്‍ട്ടി ഓഫീസുകള്‍ പലതും തുറക്കാന്‍ അനുവദിക്കുന്നില്ല. നിരവധി നേതാക്കള്‍ക്കെതിരെ ഭീഷണിയുയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം തുടര്‍ച്ചയായി 21 വര്‍ഷം അധികാരത്തില്‍ പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി 2013ല്‍ ആണ് ലെനിന്‍ പ്രതിമ സ്ഥാപിച്ചത്. മൂന്നു ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച പ്രതിമക്ക് 11.5 അടി ഉയരമുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച പ്രതിമകളില്‍ ഒന്നാണ് തകര്‍ക്കപ്പെട്ട പ്രതിമയെന്ന് ബിജാന്‍ ധര്‍ പറഞ്ഞു.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News