Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 5:19 am

Menu

Published on November 1, 2018 at 9:49 am

തിരുവനന്തപുരത്ത് വൻ തീപിടിത്തം; 500 കോടിയുടെ നഷ്ടം

fire-at-plastic-factory-at-thiruvananthapruam

തിരുവനന്തപുരം: ശ്രീകാര്യം മൺവിളയിലെ വ്യവസായ എസ്റ്റേറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്സിന്റെ നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. ആളപായമില്ല. അഞ്ചു നിലയുള്ള കെട്ടിടവും അസംസ്കൃത വസ്തുക്കളും പൂർണമായും കത്തിയമർന്നു. 500 കോടിയുടെയെങ്കിലും നഷ്ടം കണക്കാക്കുന്നു. പൊട്ടിത്തെറികളും ഉണ്ടായി. തീപിടിത്തം കണക്കിലെടുത്ത് മൺവിള, കുളത്തൂർ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ: കെ.വാസുകി അറിയിച്ചു. പുലർച്ചെയോടെ തീ നിയന്ത്രണവിധേയമായി. ഒരു കെട്ടിടം പൂർണമായി കത്തി നശിച്ചു.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച വൈകിട്ട് 6.30നാണ് ഉൽപാദന യൂണിറ്റിന്റെ 3–ാം നിലയിൽ നിന്നും തീയും പുകയും ഉയർന്നത്. രണ്ടാം ഷിഫ്റ്റിൽ ജോലിചെയ്യാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 120 പേർ ഈ സമയം കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും എല്ലാവരും ഓടി രക്ഷപ്പെട്ടു. കെട്ടിടമാകെ തീ വ്യാപിച്ചതിനാൽ വലിയ ശബ്ദത്തിൽ ഇരുപതിലേറെ പൊട്ടിത്തെറികളുണ്ടായി.

തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളിലെ അഗ്നിശമന യൂണിറ്റുകളും എത്തിയെങ്കിലും പുലർച്ചയോടെ മാത്രമാണ് തീ നിയന്ത്രണവിധേയമായത്. അൻപതോളം ഫയർ എൻജിനുകൾ സ്ഥലത്തെത്തി. തിരുവനന്തപുരം എയർപോർട്ട്, വിഎസ്‌എസ്‌സി, എയർഫോഴ്സ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനയൂണിറ്റുകളും തീയണയ്ക്കാനായി എത്തിച്ചു. പ്ലാസ്റ്റിക് ഫാക്ടറിക്കു സമീപം സൂക്ഷിച്ചിരുന്ന കെമിക്കൽ ബാരലുകളും രാസവസ്തുക്കളുമാണു തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടിയത്. രണ്ടേക്കറോളം വരുന്ന ഇവിടത്തെ പ്രധാന യൂണിറ്റിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്കിന്റെ നിർമാണ യൂണിറ്റിലും ഗോഡൗണിലും തീ വ്യാപിച്ചു.

ഫാക്ടറിക്കുള്ളിൽ നിന്നും ഇടക്കിടെ വൻ ശബ്ദത്തോടെ പൊട്ടിത്തെറികൾ ആവർത്തിച്ചതിനാൽ രാത്രി അഗ്നിശമന സേനാംഗങ്ങൾക്ക് കമ്പനിക്കുള്ളിൽ പ്രവേശിക്കാനാകാത്തതാണ് സ്ഥിതി ഗുരുതരമാക്കിയത്. ആദ്യം ജീവനക്കാർ തന്നെ തീയണയ്ക്കാൻ ശ്രമിച്ചെന്നും അഗ്നിശമന സേനയെ അറിയിക്കുന്നതിൽ കാലതാമസമുണ്ടായതായും ആക്ഷേപമുയർന്നു. രാത്രി ഫാക്ടറിക്കു കിലോമീറ്ററോളം ചുറ്റളവിൽ കറുത്ത പുക പടർന്നത് ആശങ്ക പരത്തി. വിഷപ്പുക ശ്വസിച്ചു കുഴഞ്ഞുവീണ തൊഴിലാളികളായ ജയറാം രഘു (18), ഗിരീഷ്(28) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനായി നിർമ്മിച്ച വേദിക്കടുത്താണ് തീപിടിത്തമുണ്ടായ ഫാക്ടറി. തീപിടുത്തത്തെ തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ ആളുകളെയെല്ലാം ഒഴിപ്പിച്ചു. ഫാക്ടറിക്കു സമീപത്തു പ്രവർത്തിക്കുന്ന മൺവിള ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനെ തീപിടുത്തം ബാധിച്ചില്ല. എങ്കിലും ഫാക്ടറിയിലുണ്ടായ തീപിടുത്തത്തെ തുടർന്നുള്ള പ്രദേശത്തുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്തു ഇന്ന് നടത്താനിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്വയംഭരണ പ്രഖ്യാപന പരിപാടി മാറ്റിവച്ചതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News