Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്ത്രീകളുടെ ആഘോഷമാണു ധനുമാസത്തിലെ തിരുവാതിര. ആഘോഷം മാത്രമല്ല, തിരുവാതിരയ്ക്ക് വ്രതാനുഷ്ഠാനവും പ്രധാനമാണ്. ഈ വർഷത്തെ (2018) തിരുവാതിര ആഘോഷവും തിരുവാതിര വ്രതവും രണ്ടു ദിവസമായിട്ടാണു വരുന്നത്. പല വർഷങ്ങളിലും അങ്ങനെ വരാറുണ്ട്. ഡിസംബർ 22നു ശനിയാഴ്ച രാത്രി 11 മണി 15 മിനിറ്റു വരെ മകയിരം നക്ഷത്രമാണ്. അതുകഴിഞ്ഞാണു തിരുവാതിര നക്ഷത്രം ആരംഭിക്കുന്നത്. ഇത് 23നു ഞായറാഴ്ച രാത്രി 8.52 വരെ.
അർധരാത്രി തിരുവാതിര വരുന്ന ദിവസമാണു തിരുവാതിര ആഘോഷിക്കുന്നത്. അതുകൊണ്ട് ഇക്കൊല്ലം തിരുവാതിര ആഘോഷം ഡിസംബർ 22നു ശനിയാഴ്ചയാണ്. അന്നു പകൽ ആഘോഷിക്കാം. ആചാരപരമായ ചടങ്ങുകളൊന്നും ആവശ്യമില്ല. പക്ഷേ, രാത്രി ഉറക്കമിളച്ച് ശിവ-പാർവതീഭജനം ചെയ്യേണ്ടത് ശനിയാഴ്ച രാത്രിയാണ്. പാതിരാ കഴിഞ്ഞയുടൻ പുലർച്ചെ തുടിച്ചുകുളിക്കണം. പാതിരാപ്പൂ ചൂടലും മഞ്ഞളരച്ച കുറിക്കൂട്ടു ചാർത്തലും പോലെയുള്ള ചടങ്ങുകളും ശനിയാഴ്ച രാത്രി ഞായറാഴ്ച പുലരുന്നതിനു മുൻപാണു ചെയ്യേണ്ടത്.

എന്നാൽ, തിരുവാതിര വ്രതം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ അതു ചെയ്യേണ്ടത് ഞായറാഴ്ചയാണ്. കാരണം അന്നു പകലാണു തിരുവാതിര നക്ഷത്രം ഉള്ളത്. രാത്രി തിരുവാതിര ഉള്ളപ്പോൾ ആർദ്രാജാഗരണം, പകൽ തിരുവാതിര ഉള്ള ദിവസം ആർദ്രാവ്രതം എന്നതാണ് ഇക്കാര്യത്തിൽ പൊതുവേ സ്വീകരിക്കപ്പെടുന്നത്. സ്ത്രീകളാണു പ്രധാനമായും തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. വിവാഹം കഴിയാത്ത പെൺകുട്ടികൾ നല്ല വരനെ കിട്ടാനും വിവാഹിതരായ സ്ത്രീകൾ ഭർത്താവിന്റെ ആയുരാരോഗ്യ സൗഭാഗ്യത്തിനുമായാണു തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്.
ഈ ദിവസം ശിവക്ഷേത്രത്തിൽ ദർശനം നടത്തുന്നതു നല്ലതാണ്. ശിവന്റെ നക്ഷത്രം കൂടിയാണു തിരുവാതിര. പരമശിവനെ ഭർത്താവായി കിട്ടാൻ വേണ്ടി പാർവതി കഠിനമായ തപസ്സു ചെയ്തു. ഒടുവിൽ ശിവൻ പ്രത്യക്ഷപ്പെട്ട് പാർവതിയെ വിവാഹം കഴിക്കാമെന്നു സമ്മതിച്ച ദിവസമാണു ധനുമാസത്തിലെ തിരുവാതിര എന്ന് ഐതിഹ്യം. അതുകൊണ്ട് തിരുവാതിരവ്രതം അനുഷ്ഠിച്ചാൽ ആഗ്രഹിച്ച മാംഗല്യഭാഗ്യം ഉണ്ടാകുമെന്നു വിശ്വാസം.
Leave a Reply