Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയെ കൊന്നു ചാക്കില്‍കെട്ടി കുളത്തില്‍ താഴ്ത്തിയ കേസില്‍ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അടക്കം രണ്ടുപേര്‍ അറസ്‌റ്റില്‍. പി.എ. ബി.കെ. ബിജുനായര്‍(38), ചുള്ളിയോട് ഉണ്ണികുളം കുന്നശേരി ഷംസുദീന്‍ (29)എന്നിവരെയാണു നിലമ്പൂര്‍ സി.ഐ. എ.പി.ചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്.കോവിലകത്തുമുറി ചിറക്കല്‍ രാധ(49)യാണു നിലമ്പൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ് ഓഫീസില്‍ കഴിഞ്ഞ അഞ്ചിനു രാവിലെ കൊല്ലപ്പെട്ടത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കമ്മിറ്റി ഓഫീസില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയുള്ള കുളത്തില്‍നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ തിങ്കളാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി ബിജു നായര്‍ക്ക് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്നു അവിഹിത ബന്ധം പുറത്തു പറയുമെന്ന് രാധ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.ഈ വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയിട്ടുണ്ട്. .ഭീഷണി തുടര്‍ന്നപ്പോള്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.30നാണു വീട്ടില്‍നിന്നു കോണ്‍ഗ്രസ് ഓഫീസിലേക്കു രാധ പോയത്. ഓഫീസില്‍ എത്തി ജോലി ചെയ്തതായും പറയുന്നുണ്ട്. പിന്നീട് രാധയെ ആരും കണ്ടിട്ടില്ല. രാധയെ കാണാതായേതാടെ ബന്ധുക്കള്‍ നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കി. അതേസമയം ഓഫീസിനകത്തു കൊല്ലപ്പെട്ട രാധ പീഡനത്തിനിരയായോ എന്നു വ്യക്‌തമല്ല. ഇരുവരെയും ഇന്നു തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കും.ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണു ചുള്ളിയോട് പരപ്പന്‍ പൂച്ചാലില്‍ തോട്ടത്തിനു നടുവിലുള്ള കാടുപിടിച്ച കുളത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കുളത്തില്‍ സ്ഥാപിച്ച മോട്ടോര്‍ നന്നാക്കാന്‍ ഞായറാഴ്ച വൈകിട്ട് എത്തിയ തോട്ടം ജീവനക്കാരന്‍ കുഞ്ഞന്‍ ആണ് മൃതദേഹം കണ്ടത്. ചാക്കില്‍നിന്ന് കൈയും കാലും പുറത്തുകാണുന്ന നിലയിലായിരുന്നു.മൃതദേഹം കമ്പികൊണ്ടു വരിഞ്ഞുമുറുക്കിയിരുന്നു. രണ്ടു ഭാഗത്തും കല്ലു കെട്ടി താഴ്ത്തിയ നിലയിലായിരുന്നു. രാധയുടെ ആഭരണങ്ങള്‍ ഷംസുദ്ദീനില്‍നിന്ന് കണ്ടെത്തി. രാധയുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും ചെയ്തു. മൊബൈല്‍ഫോണ്‍ അങ്ങാടിപ്പുറംവരെ കൊണ്ടുപോയി സിം ഊരിയശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിഞ്ഞു. ടവര്‍ ലൊക്കേഷന്‍ തിരിച്ചറിയാതിരിക്കാനായിരുന്നു ഇത്. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കോവിലകത്തുമുറി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.അവിവാഹിതയാണ്. സഹോദരങ്ങള്‍ രുഗ്മിണി, വിജയന്‍, ശാന്ത, ഭാസ്‌കരന്‍.
Leave a Reply