Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മാതാ അമൃതാനന്ദമയിയ്ക്കും അമൃതാനന്ദമയി മഠത്തിനുമെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയ അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെലിനെതിരെ തുറന്ന കത്തുമായി അമൃതാനന്ദമയിയുടെ സഹോദരന്‍ സുരേഷ്. 1979ല്‍ ഗെയില്‍ വന്നത് മുതലുള്ള കാര്യങ്ങള്‍ സുരേഷ് വിശദീകരിക്കുന്നു. സ്വാര്‍ഥ താത്പര്യത്തിനായി അമൃതാനന്ദമയിയുടെ പേരിലും സ്വന്തമായും അത്ഭുതകഥകള്‍ നിര്‍മ്മിക്കുകയായിരുന്നു ഗെയില്‍ ചെയ്തതെന്ന് സുരേഷ് ആരോപിക്കുന്നു.
സുരേഷ് എഴുതിയ തുറന്ന കത്തിന്റെ പൂര്‍ണ്ണ രൂപം
‘സുരേഷ് സഹോദരിയായിട്ടല്ലേ കാണുന്നത്, ഞങ്ങള്‍ക്ക് പക്ഷേ അമ്മ ഗുരുവാണ്’ എന്ന് നീ പലപ്പോഴും പറയാറുണ്ടായിരുന്നു. ഗുരുവിനോട് എങ്ങനെ പെരുമാറണമെന്ന് നീ എന്നെ പഠിപ്പിക്കാറുണ്ടായിരുന്നല്ലോ. ഗുരുശിഷ്യ ബന്ധത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുമായിരുന്നല്ലോ. അതുകേട്ടാണ് ഞാനും അമ്മയെന്ന് വിളിക്കുവാന്‍ തുടങ്ങിയത്.
നീ ഓര്‍ക്കുന്നുണ്ടാവും, ഒരിക്കല്‍ മീന്‍ മുറിച്ച രക്തം തളംകെട്ടിക്കിടന്നത് കണ്ടിട്ട് പരിസരവാസികളുടെ ഇടയില്‍ ഒരു കുപ്രചാരണം നടന്നത്. നമ്മുടെ കൂടെയുണ്ടായിരുന്ന സ്വാമി പരമാത്മാനന്ദപുരി(നീല്‍റോസ്‌നര്‍)യെ വെട്ടിക്കൊന്ന് കടലില്‍ താഴ്ത്തിയതാണെന്ന്. ഇതുകേട്ട് രോഷാകുലയായി ഓടിവന്ന ഇളയസഹോദരിയുടെ വിലാപം കേട്ട് നീ പൊട്ടിത്തെറിച്ച് പറഞ്ഞില്ലേ, ഇതുപോലുള്ള മനുഷ്യര്‍ ലോകത്തൊരു സ്ഥലത്തും കാണില്ലെന്ന്. ഇവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ സ്വന്തം തെറ്റുകള്‍ മനസ്സിലാക്കി അമ്മയുടെ ഭക്തന്മാരും ബന്ധുക്കളുമായി മാറി. അന്ന് നീ മനസ്സില്‍ ആരും കാണാതെ കുറിച്ചുവെച്ചിരുന്നോ ഇത്തരം വിദ്യകള്‍ ഭാവിയില്‍ നിനക്കും പ്രയോഗിക്കാമെന്ന്.
തുറന്നുപറയാമല്ലോ, നിന്റെ ആദ്ധ്യാത്മിക ജീവിതത്തെക്കുറിച്ച് അന്നും ഇന്നും എനിക്ക് പുച്ഛമാണ്. ഞാന്‍ നിന്നെപ്പോലുള്ള ഒരു വിശ്വാസിയല്ലെന്ന് ഓര്‍മ്മിപ്പിക്കട്ടെ. നീ അന്ധവിശ്വാസങ്ങള്‍കൊണ്ട് അത്ഭുതകഥകള്‍ മെനഞ്ഞ് ‘ദിവ്യയായി’ മാറി. നിനക്ക് ചുറ്റും ധാരാളം സേവകരെ ഉണ്ടാക്കിയെടുത്തു. കറിവെക്കുന്നതിലും ചമ്മന്തി അരയ്ക്കുന്നതിലും എന്തിനുപറയുന്നു അടുക്കളക്കാര്യങ്ങള്‍പോലും അത്ഭുതകഥകളാക്കി! നിന്റെ ലക്ഷ്യം ഒരു മഹാഗുരുവായി മാറുകയെന്നതായിരുന്നു.
നിനക്ക് അറിയാമോ എന്റെ സഹോദരിയും അമ്മയുമായ മാതാ അമൃതാനന്ദമയീ ദേവി എങ്ങനെയാണ് എന്റെ മനസ്സില്‍ ദൈവമായി മാറിയതെന്ന്? ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങളും തന്റെ ഭാഗമാണെന്നും അവരുടെ ദുഃഖം തന്റെ ദുഃഖമാണെന്നും അവരുടെ സന്തോഷം തന്റെ സന്തോഷമാണെന്നും കണ്ട് ജീവിതം മുഴുവനും മറ്റുള്ളവരുടെ സുഖത്തിനും സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി രാപ്പകലില്ലാതെ ഒരു മെഴുകുതിരികണക്കെ എരിഞ്ഞുകൊണ്ടിരിക്കുന്ന എന്റെ അമ്മ ഈശ്വരതുല്യയാണ്, ദേവിതന്നെയാണ്.
gail എന്റെ അമ്മ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദിയാണ്. നിത്യവും മാലോകര്‍ക്കെല്ലാം ജീവാമൃതം നല്‍കി, അവര്‍ വര്‍ഷിക്കുന്ന മാലിന്യവുംപേറി അനന്തമായ സാഗരംതേടി ഒഴുകുന്ന മഹാനദി. അതിന്റെ തീരത്ത് നില്‍ക്കുന്ന നീയോ ഞാനോ ആകുന്ന പുല്‍ക്കൊടിക്ക് ഒന്നും ചെയ്യാന്‍ സാധ്യമല്ല.
എന്റെ നാടിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാനാണോ നിന്റെ ഉദ്ദേശ്യം. ഇല്ല സഹോദരീ, നിനക്ക് തെറ്റിപ്പോയി. മലയാളികള്‍ എല്ലാ നന്മകളേയും എതിര്‍ക്കുന്നവരാണെന്ന് നീ ഒരുപക്ഷേ കരുതിക്കാണും. നിനക്കറിയാമോ, എന്റെ സുഹൃത്തുക്കളായ നാസറും കബീറും സാബുജേക്കബും മനോജ് ജോസഫുമാണ് അമ്മയുടെ നന്മയെക്കുറിച്ച് പ്രചരിപ്പിക്കാന്‍ ഇപ്പോള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പ്രബുദ്ധരായ ഞങ്ങള്‍ക്ക് നിന്റെയും നിന്റെ കൂട്ടാളികളുടെയും നിഗൂഢലക്ഷ്യം മനസ്സിലായിട്ടുണ്ട്.
നിനക്കറിയാമോ നീ അയച്ച അപവാദത്തിന്റെ കൂരമ്പുകളേറ്റ് എത്രയോ നിരപരാധികളാണ് വേദനിച്ചതെന്ന്. അവരുടെ തോരാത്ത കണ്ണീരിന് നീ ആയുസ്സിന്റെ ശിഷ്ടകാലംകൊണ്ട് മറുപടി പറയേണ്ടി വരും. ഒരുപക്ഷേ അവരെയൊക്കെ അമ്മയില്‍നിന്ന് അകറ്റാനായിരിക്കും നീ ഇങ്ങനെയൊക്കെ ചെയ്തത്. പക്ഷെ നിനക്ക് തെറ്റി. ഇപ്പോള്‍ അവര്‍ കൂടുതല്‍ ദൃഢമായ വിശ്വാസത്തോടെ അവരുടെ എല്ലാമെല്ലാമായിരിക്കുന്ന അമ്മയ്ക്കുവേണ്ടി ജീവിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. അവരുടെ ഇപ്പോഴത്തെ സ്‌നേഹവും ആത്മാര്‍ത്ഥതയും വിശ്വാസവും കണ്ട് ഞാന്‍ അത്ഭുതപ്പെടുന്നു. ഇങ്ങനെ ആക്കിത്തീര്‍ത്തതിന് നിനക്ക് നന്ദി.
ഞങ്ങളുടെ അമ്മ (നിന്റെയും) ക്ഷമിക്കുവാനും സഹിക്കുവാനും പൊറുക്കുവാനുമാണ് പഠിപ്പിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ക്ക് നിന്നോട് വിദ്വേഷമില്ല. വിദ്വേഷം വിവേകത്തെ നശിപ്പിക്കും. അതിനാല്‍ ഞങ്ങളെല്ലാവരും ഇപ്പോള്‍ കൂടുതല്‍ ശക്തരാണ്. സഹോദരീ നീയും ഇതുപോലെ ശക്തയാകാന്‍ ശ്രമിക്കുക. നിന്നില്‍ ഒരുപക്ഷേ എന്തെങ്കിലും നന്മ അവശേഷിക്കുന്നുണ്ടെങ്കില്‍ നിന്റെ മനസ്സും നീറുന്നുണ്ടാവാം. അതിന് ഞാന്‍ നിനക്കൊരു മന്ത്രം പറഞ്ഞുതരാം. നീ കണ്ണടച്ച് ഉള്ളുരുകി പ്രാര്‍ത്ഥിക്കുക, ‘അമ്മേ കല്ലെറിഞ്ഞാലും മുള്ളെറിഞ്ഞാലും മലരായ്‌വരിക്കുന്ന അമ്മേ എന്നോട് പൊറുക്കേണമേ’.
സഹോദരി എനിക്ക് അധികം എഴുതാന്‍ കഴിയുന്നില്ല, എന്റെ കണ്ണുകള്‍ നിറയുന്നു. കൈകള്‍ വിറയ്ക്കുന്നു. നിനക്ക് നന്മവരട്ടെ എന്ന പ്രാര്‍ത്ഥനയോടെ.
Leave a Reply