Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:14 am

Menu

Published on May 26, 2014 at 10:28 am

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി; വിദേശരാഷ്ട്ര തലവന്മാർ സാക്ഷിയായി ഇന്ന് നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞ

narendra-modi-to-be-sworn-in-as-the-15th-prime-minister-of-india

ന്യൂഡല്‍ഹി: നിയുക്തപ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും. രാഷ്ട്രപതിഭവനിലെ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മോദിക്കൊപ്പം 20 ക്യാബിനറ്റ് മന്ത്രിമാരും 20 സഹമന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും. തിങ്കളാഴ്ച രാവിലെ ഏഴിന് നിയുക്തപ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടില്‍ രാഷ്ട്രപിതാവിന് ആദരാഞ്ജലി അര്‍പ്പിക്കും. പുതുചരിത്രം രചിച്ച്‌ സാര്‍ക്ക് രാഷ്ട്രത്തലവന്മാരുടെ സാന്നിധ്യത്തിലാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സ്ഥാനമേൽക്കുന്നത്. പാകിസ്താന്‍ പ്രസിഡന്റ് നവാസ് ഷെരീഫ് അടക്കമുള്ള ‘സാര്‍ക്ക്’ രാഷ്ട്രനേതാക്കള്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ ഞായറാഴ്ച്ച തന്നെ ഡല്‍ഹിയിലെത്തി. ഇതിനിടെ രാഷ്ട്രത്തലവന്മാർ ഇന്ത്യാസന്ദര്‍ശനത്തിന് മുന്നോടിയായി ശുഭസൂചനയെന്നോണം ഇന്ത്യയില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളെ പാകിസ്താനും ശ്രീലങ്കയും തടവില്‍നിന്ന് മോചിപ്പിച്ചു. പാകിസ്താനിലെ കറാച്ചി, ഹൈദരാബാദ് ജയിലുകളിലുള്ള 151 മത്സ്യത്തൊഴിലാളികളെയാണ് പാകിസ്താന്‍ മോചിപ്പിച്ചത്. കസ്റഡിയിലുള്ള മത്സ്യത്തൊഴിലാളികളെ രണ്ടാംതവണയാണ് ശ്രീലങ്ക മോചിപ്പിക്കുന്നത്. പാകിസ്താന്‍ പ്രസിഡന്റ് നവാസ് ഷെരീഫ്, ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെ എന്നിവരടക്കമുള്ള ‘സാര്‍ക്ക്’ രാഷ്ട്രനേതാക്കളും അഫ്ഗാനിസ്താന്‍ പ്രസിഡന്റ് ഹമീദ് കര്‍സായ്, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറീങ് തോബ്ഗേ, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള, മാലെദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീന്‍ അബ്ദുള്‍ ഗയൂം, ബംഗ്ലാദേശ് സ്പീക്കര്‍ ഷിരിന്‍ ഷര്‍മിന്‍ തുടങ്ങിയവരും സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സംസ്ഥാനമുഖ്യമന്ത്രിമാര്‍, മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവര്‍ മോദിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കും. മോദിയുടെ അമ്മ ഹീരാബെന്നും എത്തിയേക്കും. നാലായിരത്തോളം പേരെയാണ് ബി.ജെ.പി സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിട്ടുള്ളത്. ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളായ രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി, സുഷമാസ്വരാജ്, നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ മോദിക്കൊപ്പം സത്യാ പ്രതിജ്ഞ ചെയ്ത് മന്ത്രിസഭാ അംഗങ്ങളാകും. വിദേശരാഷ്ട്ര തലവന്മാർ എത്തുന്നതിനാൽ തന്നെ റിപ്പബ്ലിക്ക് ദിനത്തിന് തുല്യമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയത്. രാഷ്ട്രപതി ഭവന് ചുറ്റുമുള്ള റോഡുകളും കെട്ടിടങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ക്കശ നിരീക്ഷണത്തിലാണ്. രാഷ്ട്രപതിഭവന് ചുറ്റുമുള്ള സര്‍ക്കാര്‍ഓഫീസുകള്‍ക്ക് ഉച്ചയ്ക്കു ശേഷം അവധിയായിരിക്കും. മോദിയുടെ സത്യപ്രതിജ്ഞ ഉത്സവമാക്കാനുള്ള തയ്യാറെടുപ്പാണ് ബി.ജെ.പി നടത്തുന്നത്. തലസ്ഥാനനഗരിയിലെ പ്രധാനകേന്ദ്രങ്ങളില്‍ വലിയ സ്‌ക്രീനില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തത്സമയസംപ്രേഷണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News