Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബിലാസ്പുര്‍: ഛത്തീസ്ഗഡില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരായ 14 സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടര്‍ കെ.ആര്‍ ഗുപ്തയാണ് ബുധനാഴ്ച രാത്രി അറസ്റ്റിലായത്. ബിലാസ്പൂരില്‍ നടത്തിയ വന്ധ്യംകരണ ക്യാമ്പില്‍ അഞ്ചു മണിക്കൂറിനുള്ളില്‍ 83 ശസ്ത്രക്രിയകളാണ് ഡോ.കെ.ആര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ നടത്തിയത്. മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘം ഒരുദിവസം പരമാവധി 30 ശസ്ത്രക്രിയകള്‍ മാത്രമെ നടത്താവൂയെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ട്. ഡോക്ടര്‍മാരുടെ എണ്ണവും ശസ്ത്രക്രിയാ ഉപകരണങ്ങളും അധികമുണ്ടെങ്കില്‍പ്പോലും ഒരുദിവസം പരമാവധി 50 ശസ്ത്രക്രിയകള്‍ മാത്രമെ നടത്താന്‍ കഴിയൂവെന്നാണ് ചട്ടം. ഇവയെല്ലാം സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ ക്യാമ്പില്‍ ലംഘിക്കപ്പെട്ടു.ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ വിദഗ്ദ്ധനായി അറിയപ്പെടുന്ന വ്യക്തിയാണ് ഡോ. ഗുപ്ത. ഒരുലക്ഷം ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയതിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ജനവരി 26 ന് ഡോ. ഗുപ്തയെ ആദരിച്ചിരുന്നു. കുടുംബാസൂത്രണക്യാമ്പില്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചത് തുരുമ്പിച്ച ഉപകരണങ്ങളാണെന്ന് അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. വിഷബാധയേറ്റതുപോലുള്ള അസ്വാസ്ഥ്യങ്ങളാണ് ശസ്ത്രക്രിയയ്ക്ക് വിധേയരായ യുവതികള്‍ പ്രകടിപ്പിച്ചത്. ശുചിയാക്കാത്തതും തുരുമ്പിച്ചതുമായ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഉപയോഗിച്ചതോ മരുന്നുകളില്‍ മാലിന്യം കലര്‍ന്നതോ ആവാം ഇതിനുകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയകള്‍ നടന്ന ബിലാസ്പൂരിലെ സ്വകാര്യ ആസ്പത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍പോലും ഇല്ലായിരുന്നുവെന്നുവെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏപ്രില്‍ മുതല്‍ ആസ്പത്രി അടച്ചിട്ടിരിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് വിധേയരായി മരിച്ച സ്ത്രീകളുടെ എണ്ണം 14 ആയി. വ്യത്യസ്ത ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്ന എണ്‍പതോളം പേരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍നിന്നുള്ള ഡോക്ടര്‍മാരുടെ ഏഴംഗ സംഘം ബുധനാഴ്ച സന്ദര്‍ശിച്ചു.പെണ്ടാരി ഗ്രാമത്തിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന കുടുംബാസൂത്രണ ക്യാമ്പിലാണ് 83 സ്ത്രീകള്‍ സൗജന്യ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായത്. തുരുമ്പും അഴുക്കും നിറഞ്ഞ ശസ്ത്രക്രിയ ഉപകരണങ്ങളും അണുബാധയേറ്റ മരുന്നുകളും ഉപയോഗിച്ചതാവാം ദുരന്തത്തിന് കാരണമായതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. തറയില്‍ കിടത്തിയാണത്രെ ശസ്ത്രക്രിയകള്‍ നടത്തിയത്.അതേസമയം, ബിലാസ്പൂരില്‍ ഞായറാഴ്ച നടന്ന മറ്റൊരു വന്ധ്യംകരണ ക്യാമ്പില്‍ പങ്കടെുത്ത 28 സ്ത്രീകളില്‍ നാലുപേരെ ഗുരുതരാവസ്ഥയില്‍ ഗൊറേലപെണ്ട്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിനോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫിസര്‍ ഉള്‍പ്പെടെ നാല് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.
Leave a Reply