Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കശ്മീരില്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കശ്മീരില്‍ കനത്ത സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മോഡി പ്രസംഗിക്കുന്ന സ്റ്റേഡിയത്തിലും പരിസരത്തും ഹെലികോപ്ടര്‍ നിരീക്ഷണം അടക്കമുള്ള സംവിധാനങ്ങളാണ് ഇന്നലെ മുതല്‍ ഒരുക്കിയിരിക്കുന്നത്. പോലീസ്, സി.ആര്‍.പി.എഫ്. ഉള്‍പ്പെടെയുള്ള സുരക്ഷാസേനകളെ ശ്രീനഗര്‍ പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്. വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തോളം പേര്‍ പ്രധാനമന്ത്രിയുടെ റാലിയല്‍ പങ്കെടുക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.വെള്ളിയാഴ്ച ജമ്മു കശ്മീരിലുണ്ടായ നാലോളം തീവ്രവാദി ആക്രമണങ്ങളില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു. എട്ട് തീവ്രവാദികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. സുരക്ഷ ശക്തമായ സൈനിക ക്യാമ്പിനു നേരെയും പോലീസ് സ്‌റ്റേഷനു നേരെയും ആക്രമണം ഉണ്ടായി. അക്രമണത്തിന് പിന്നില്‍ ലക്ഷര്‍ ഇ ത്വയിബയാണെന്ന് സൈന്യം ഇന്നലെ ആരോപിച്ചിരുന്നു.കശ്മീരില്‍ നാളെയാണ് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. ജമ്മു കശ്മീരില്‍ പുരോഗമിക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് പൊതുവെയുള്ള നിഗമനം.
Leave a Reply