Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും പി.ഡി.പിക്കും മികച്ച വിജയം. ഝാര്‍ഖണ്ഡില്‍ വലിയ ഒറ്റകക്ഷിയായി കേവല ഭൂരിപക്ഷം നേടിയ ബി.ജെ.പിക്ക് കശ്മീരില്‍ മികച്ച മുന്നേറ്റം നടത്തി രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞു. സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഝാര്‍ഖണ്ഡില്‍ ഒരു പാര്‍ട്ടി കേവല ഭൂരിപക്ഷം നേടുന്നത്.അവസാന ഫലം പുറത്തുവന്നപ്പോള്‍ കശ്മീരില്‍ മെഹബൂബ മുഫ്തിയുടെ പി.ഡി.പി 28 സീറ്റ് കരസ്ഥമാക്കി. 25 സീറ്റില്‍ വിജയിച്ച ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. ഉമര്‍ അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സ് 15 സീറ്റ് നേടിയപ്പോള്‍ 12 സീറ്റുമായി കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജെ.കെ.പി.സി രണ്ട് സീറ്റിലും സി.പി.എം ഒരു സീറ്റിലും മറ്റുള്ളവര്‍ മൂന്ന് സീറ്റിലും വിജയിച്ചു. തൂക്കുമന്ത്രിസഭയിലേക്ക് കശ്മീര്‍ നീങ്ങുന്ന സാഹചര്യത്തില്‍ പി.ഡി.പിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു.ഝാര്‍ഖണ്ഡില്‍ 37 സീറ്റുകള്‍ നേടിയ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. അഞ്ച് സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാനായത്. 12 സീറ്റുകളായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍െറ നേട്ടം. ഹേമന്ത് സോറന്‍െറ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച 19 സീറ്റുകള്‍ സ്വന്തമാക്കി. തുടക്കത്തില്‍ 50 സീറ്റുകളില്‍ വരെ മുന്നിട്ടു നിന്ന ബി.ജെ.പിയുടെ ഭൂരിപക്ഷം പിന്നീട് കുറയുന്നതാണ് കണ്ടത്. ജെ.വി.എം (8), എ.എസ്.ജെ.യു പാര്‍ട്ടി (5), ജെ.ബി.എസ്.പി (1), മാര്‍ക്സിസ്റ്റ് കോര്‍ഡിനേഷന്‍ (1) സീറ്റുകള്‍ നേടി.മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റ് ലഭിച്ചു.അതേസമയം, സീറ്റുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഭരണകക്ഷിയായ ജെ.എം.എം വലിയ തിരിച്ചടി നേരിട്ടിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15 സീറ്റുകളാണ് ജെ.എം.എം. നേടിയത്. ബി.ജെ.പി 17 സീറ്റില്‍ വിജയിച്ചിരുന്നു.ബി.ജെ.പി നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ മധു കോഡയും അര്‍ജുന്‍ മുണ്ടെയും പരാജയപ്പെട്ടു. മജുഗാനിലെ വാശിയേറിയ മത്സരത്തില്‍ 15000 വോട്ട് ഭൂരിപക്ഷത്തില്‍ ജെ.എം.എമ്മിന്‍െറ നിരല്‍ പുര്‍ത്തിയാണ് മധു കോഡയെ പരാജയപ്പെടുത്തിയത്. ബി.ജെ.പി സ്ഥാനാര്‍ഥി ബാര്‍കുവാര്‍ ഗഗ്രി മൂന്നാം സ്ഥാനത്തെത്തി.അതേസമയം, മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ബാര്‍ഹേറ്റ് സീറ്റില്‍ വിജയിച്ചു. 2967 വോട്ടിനാണ് ജയം. രണ്ട് സീറ്റുകളില്‍ മത്സരിച്ച സോറന്‍ ധുംക മണ്ഡലത്തില്‍ പിന്നിലാണ്. ധന്‍ബാദില്‍ ബി.ജെ.പിയുടെ രാജ് സിന്‍ഹ 15,708 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ വിജയിച്ചു.ജമ്മു കശ്മീരില്‍ 87 സീറ്റുകളിലേക്കും ഝാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുമാണ് വോട്ടെണ്ണല്‍ നടന്നത്. തീവ്രവാദി, നക്സല്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയിലായിരുന്നു വോട്ടെണ്ണല്‍. ജമ്മു കശ്മീരില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ളെന്നും ഝാര്‍ഖണ്ഡില്‍ ബി.ജെ.പി അധികാരത്തിലേറുമെന്നുമായിരുന്നു അഭിപ്രായ സര്‍വേ.
Leave a Reply