Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റോം: ഇറ്റലിയിലെ അഡ്രിയാറ്റിക് കടലില്‍ തീപിടിച്ച കപ്പലിലെ അഞ്ച് യാത്രക്കാര്‍ മരിച്ചു. കപ്പലിലില്‍ നിന്നു യാത്രക്കാരെ സുരക്ഷിതമായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഗ്രീസിലെ പട്രാസ് തുറമുഖത്തുനിന്ന് ഇറ്റലിയിലെ അങ്കോണയിലേക്ക് പോവുകയായിരുന്ന ‘നോര്‍മന്‍ അറ്റ്ലാന്റിക്’ എന്ന കപ്പലാണ് അഡ്രിയാറ്റിക് കടലില്‍ തീപിടിച്ചത്. 478 യാത്രക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.ഗ്രീസിലെ കോര്‍ഫു ദ്വീപിനു സമീപം വച്ചായിരുന്നു അപകടം.ഗ്രീക്ക്, ജര്‍മ്മനി,ഇറ്റലി,ഓസ്ട്രിയ, തുര്‍ക്കി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കപ്പലിലുണ്ടായിരുന്നത്. യാത്രക്കാരെ കൂടാതെ 222 വാഹനങ്ങളും കപ്പലിലുണ്ടായിരുന്നു.കാര്ഡക്കിലുണ്ടായ തീപിടുത്തമാണ് അപകടത്തിനു കാരണമായത്. മൂടല്‍മഞ്ഞും മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റും പ്രക്ഷുബ്ധമായ കടലും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. അഡ്രിയാറ്റിക്കിലൂടെ പോവുകയായിരുന്ന ചരക്കുകപ്പലുകളും തീരരക്ഷാസേനയുടെ കപ്പലുകളും തീപിടിച്ച കപ്പലിന് ചുറ്റുമിട്ട് കാറ്റിനെതിരെ പ്രതിരോധം തീര്‍ത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കപ്പലിനോടടുക്കാന്‍ മറ്റു കപ്പലുകള്‍ക്ക് സാധ്യമാകാത്തത് രക്ഷാപ്രവര്‍ത്തനം വൈകാനിടയാക്കി.
Leave a Reply