Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: ക്രിസ്തു ദേവനെ കുരിശിലേറ്റിയതിന്‍റെ ഓര്‍മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കും. ലോകത്തിൻറെ മുഴുവൻ പാപവും ഏറ്റു വാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് ക്രൂശാരോഹണം. ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി ഇന്നു ദേവാലയങ്ങളില്‍ പീഡാനുഭവ ശുശ്രൂഷയും കയ്‌പുനീര്‍ കുടിയ്‌ക്കലുമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടക്കും. യാക്കോബായ, ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ ഇന്നു രാവിലെ ഏഴിന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞു മൂന്നോടെയാണ് അവസാനിക്കുക. ശുശ്രൂഷകള്‍ക്കൊടുവില്‍ വിശ്വാസികള്‍ക്കു കഞ്ഞി വിതരണം ചെയ്യും. ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകള്‍ക്കു കീഴിലുള്ള പള്ളികളില്‍ ഉച്ചകഴിഞ്ഞാണു പീഡാനുഭവ ശുശ്രൂഷകള്‍ നടക്കുക.ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി പള്ളികളില്‍ ഇന്നു പീഡാനുഭവ വായനയുണ്ടാകും. രാവിലെ മുതല്‍ ആരാധനയും പള്ളികളില്‍ ക്രമീകരിച്ചിട്ടുണ്ട്. നാളെ ദുഃഖശനിയാണ്. ദുഃഖശനിയാചാരണത്തിന്റെ ഭാഗമായി നാളെ ദേവാലയങ്ങളില്‍ നടക്കുന്ന പ്രത്യേക തിരുക്കര്‍മങ്ങള്‍ക്കൊപ്പം പുത്തന്‍ തീ, പുത്തന്‍ വെള്ളം വെഞ്ചരിപ്പും നടക്കും. യേശുവിന്റെ ഉയിര്‍പ്പു തിരുനാള്‍ ആഘോഷിക്കുന്ന ഞായറാഴ്‌ചയോടെ അമ്പതു നാള്‍ നീണ്ട നോമ്പിനും പരിസമാപ്‌തിയാകും. വത്തിക്കാനില്‍ ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും.
Leave a Reply