Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 7:56 pm

Menu

Published on March 28, 2016 at 9:48 am

ഇന്ത്യ സെമിയില്‍

india-enter-semi-final

മൊഹാലി: ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന്‌ തോല്‍പിച്ച്‌ ഇന്ത്യ സെമിയില്‍ കടന്നു. ഓസീസ്‌ ഉയര്‍ത്തിയ 161 റണ്‍സ്‌ എന്ന ലക്ഷ്യം നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ ഇന്ത്യ അഞ്ചു പന്തു ശേഷിക്കെ മറികടന്നു. 51 പന്തില്‍ നിന്ന്‌ ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറുകളും പായിച്ച്‌ 82 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന കോഹ്ലിയായിരുന്നു ഇന്ത്യന്‍ വിജയത്തിന്‌ ചുക്കാന്‍ പിടിച്ചത്‌. തുടരെ മൂന്നു വിക്കറ്റ്‌ പൊഴിഞ്ഞ്‌ മൂന്നിന്‌ 49 റണ്‍സ്‌ എന്ന നിലയില്‍ പതറിയ ഇന്ത്യയെ നാലാം വിക്കറ്റില്‍ യുവ്രാജ്‌ സിങ്ങിനൊപ്പം(21) 45 റണ്‍സും അഞ്ചാം വിക്കറ്റില്‍ നായകന്‍ മഹേന്ദ്ര സിങ്‌ ധോണിക്കൊപ്പം(18) 67 റണ്‍സും കൂട്ടിച്ചേര്‍ത്ത കോഹ്ലി ഒറ്റയ്‌ക്ക് വിജയതീരത്തെത്തിക്കുകയായിരുന്നു. കോഹ്ലിയാണ്‌ കളിയിലെ കേമന്‍. തോല്‍വിയോടെ ഓസീസ്‌ സെമി കാണാതെ പുറത്തായി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന മത്സരത്തില്‍ ഏഷ്യയില്‍ നിന്ന്‌ സെമിയില്‍ ഇടം നേടിയ ഏക ടീമും ഇന്ത്യയാണ്‌. മെഹാലിയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ഓസീസ്‌ നിശ്‌ചിത 20 ഓവറില്‍ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 160 റണ്‍സാണ്‌ നേടിയത്‌.43 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും 26 റണ്‍സെടുത്ത ഉസ്‌മാന്‍ ഖ്വാജയും ചേര്‍ന്നു സമ്മാനിച്ച മിന്നുന്ന തുടക്കമാണ്‌ ഓസീസിനെ മാന്യമായ സ്‌കോറിലേക്കു നയിച്ചത്‌. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി തുടങ്ങിയ ഖ്വാജ 16 പന്തില്‍ 26 റണ്‍സെടുത്ത്‌ പുറത്തായതോടെയാണ്‌ ഇന്ത്യക്ക്‌ ശ്വാസം നേരെ വീണത്‌. നാലോവറില്‍ 50 കടന്ന ഓസീസിന്‌ ആദ്യ വിക്കറ്റ്‌ നഷ്‌ടമായ ശേഷം അതേ വേഗത തുടരാനായില്ല. തുടര്‍ന്നെത്തിയ ഡേവിഡ്‌ വാര്‍ണര്‍(6), നായകന്‍ സ്‌റ്റീവന്‍ സ്‌മിത്ത്‌(2) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയതോടെ ഓസീസ്‌ തകര്‍ച്ചയിലേക്കു നീങ്ങുമെന്ന്‌ തോന്നിപ്പിച്ചു. എന്നാല്‍ നാലാം വിക്കറ്റില്‍ ഗ്ലെന്‍ മാക്‌സ്വെല്ലും ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും ചേര്‍ന്ന്‌ ഇന്നിങ്‌സ് നേരെയാക്കി. 13 ഓവറില്‍ 100 കടന്ന ഓസീസിന്‌ അടുത്തടുത്ത ഓവറുകളില്‍ ഫിഞ്ചിനെയും(34 പന്തില്‍ 43) മാക്‌സ്വെല്ലിനെയും(28 പന്തില്‍ 31) നഷ്‌ടമായതോടെ കൂറ്റന്‍ സ്‌കോര്‍ അകന്നു. എങ്കിലും ഹര്‍ദ്ദീക്‌ പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സടിച്ച്‌ ഓസീസ്‌ വിജലക്ഷ്യം 160 ആക്കി ഉയര്‍ത്തി. അവസാന രണ്ടു പന്തില്‍ ഫോറും സിക്‌സറും നേടിയ പീറ്റര്‍ നെവില്ലാണ്‌ ഓസീസിനെ 160ല്‍ എത്തിച്ചത്‌. 18 റണ്‍സെടുത്ത ഷെയ്‌ന്‍ വാട്‌സണ്‍ പുറത്താകാതെ നിന്നു. ഇന്ത്യക്കായി നാലോവറില്‍ 36 റണ്‍സ്‌ വഴങ്ങിയ ഹര്‍ദ്ദീക്‌ പാണ്ഡ്യ രണ്ട്‌ വിക്കറ്റെടുത്തപ്പോള്‍ നാലോവറില്‍ 20 റണ്‍സ്‌ മാത്രം വഴങ്ങി നെഹ്‌റ ഒരു വിക്കറ്റെടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News