Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 12:08 am

Menu

Published on April 13, 2016 at 11:38 am

“സാറേ, എനിക്കൊന്ന് തിരിഞ്ഞ് കിടക്കണം എന്റെ നെഞ്ച് വേദനിക്കുന്നു സാറേ”ദുരിതത്തില്‍ മുങ്ങിയ പരവൂരില്‍ നിന്ന് അഗ്നിശമനസേനാംഗത്തിന്റെ വേദനിപ്പിയ്ക്കുന്ന അനുഭവക്കുറുപ്പ്…

facebook-post-of-a-fire-rescue-officer-about-putingal-fire

കൊല്ലം പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത അഗ്നിശമന സേനാംഗം എന്‍.ബി രതീഷ്‌കുമാറിന്റെ വേദനിപ്പിയ്ക്കുന്ന ഒരു അനുഭവക്കുറുപ്പ്  .അപകടം നടന്ന് ആദ്യം എത്തിയത് കടപ്പാക്കടയിൽ നിന്നുള്ള ഫയഫോഴ്സ് സംഘത്തിൽ അംഗമായിരുന്നു രതീഷ്.ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾക്കു നടുവിൽ ജീവന്റെ തുടിപ്പ് മനസ്സിലാക്കാൻ നന്നേ പാടുപെട്ടുവെന്നു രതീഷ് പറയുന്നു. കോൺക്രീറ്റ് പില്ലറിനടിയിൽപ്പെട്ടയാളിന്റെ ജീവൻ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ‌ ഏറെ വേദനയോടെയാണ് രതീഷ് വിവരിക്കുന്നത്….

രതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ….

”കടപ്പാക്കട അഗ്‌നിരക്ഷാ നിലയത്തില്‍ ദുരന്തത്തിന്റെ മണി മുഴങ്ങിയത് രാവിലെ 3.35 ന്.. 21 കിലോമീറ്റര്‍ 12 മിനിട്ടു കൊണ്ട് ഞങ്ങള്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് കരള്‍ പിളര്‍ക്കുന്ന ദുരിതക്കാഴ്ച.. ഭയചകിതരായ ജനങ്ങള്‍ സംഭവ സ്ഥലത്തു നിന്നും പരക്കം പാഞ്ഞിരുന്നു.. അവിടെ stand by ഉണ്ടായിരുന്ന പരവൂര്‍ നിലയത്തിലെ ഒരു വാഹനം മാത്രം.. കറുത്ത മരണത്തിന്റെ നിശബ്ദതയെ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് ഹെഡ്‌ലൈറ്റിന്റെ വെളിച്ചം മാത്രം… സ്തബ്ധരായി നിഷ്‌ക്രിയരായി കുറച്ച് നിമിഷങ്ങള്‍.. പിന്നീടങ്ങോട്ട് രക്ഷാപ്രവര്‍ത്തനത്തിന്റെ മണിക്കൂറുകള്‍.. ചിന്നിച്ചിതറിയ ശരീര ഭാഗങ്ങള്‍ക്കു നടുവില്‍ ജീവന്റെ തുടിപ്പ് മനസ്സിലാക്കാന്‍ നന്നേ പാടുപെട്ടു… നൂറു കണക്കിന് ജീവനുകള്‍ മിനിട്ടുകള്‍ക്കുള്ളില്‍ കിട്ടിയ വാഹനങ്ങളില്‍ കയറ്റി ആശുപത്രികളിലേക്കയച്ചു.. അവസാന ജീവനും രക്ഷിക്കുവാനുള്ള എന്റെയും സഹ പ്രവര്‍ത്തകരുടെയും ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിന്റെ പരിസമാപ്തിയാണ് നിങ്ങളുടെ മുന്നിലുള്ള ഈ ചിത്രം..

രക്തത്തില്‍ കുളിച്ച് ശരീരമാസകലം പൊള്ളി വീര്‍ത്ത് അരയ്ക്ക് താഴെ കോണ്‍ക്രീറ്റ് പില്ലറിനടിയില്‍പ്പെട്ട് ബോധം നഷ്ടപ്പെടാതെ രണ്ടു മണിക്കൂര്‍ കമഴ്ന്നു കിടന്ന പേരറിയാത്ത ആ സഹോദരന്റെ ഇടമുറിഞ്ഞ വാക്കുകളില്‍ ഒന്നു ഞാന്‍ കുറിക്കുന്നു… ‘സാറേ, എനിക്കൊന്ന് തിരിഞ്ഞ് കിടക്കണം എന്റെ നെഞ്ച് വേദനിക്കുന്നു സാറേ….’ അരയ്ക്ക് താഴെ തകര്‍ന്നു പോയ ആ മനുഷ്യനെ ഞാന്‍ ജീവനോടെ പുറത്തെടുത്ത് കൈമാറുമ്പോള്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു…. പക്ഷെ….!”

ദുരന്തത്തിന്റെ നേര്‍ക്കാഴ്ച വാക്കുകളില്‍ വിവരിക്കുന്ന ഈ ചെറുപ്പക്കാരനിലൂടെയും സഹപ്രവര്‍ത്തകരിലൂടെയും നിരവധി ജീവനാണു രക്ഷപ്പെട്ടത്. പലരെയും ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ കഴിയാത്തതിന്റെ വിഷമവും ഈ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ എടുക്കുകയാണു കര്‍മനിരതരായ ഈ ഉദ്യോഗസ്ഥര്‍ക്കുള്ള ഏറ്റവും വലിയ പ്രതിഫലം.

 

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News