Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 8:46 am

Menu

Published on September 17, 2016 at 9:06 am

ഞാനൊരു പെൺകുട്ടി;നാളെ ഞാനും കൊല്ലപ്പെടും;എന്നെ കേരളത്തിന്‍റെ മകളെന്നോ ഭാരതത്തിന്‍റെ തേങ്ങലെന്നോ വിളിക്കരുത്…..പെൺകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു …!!

athira-rajs-facebook-post-against-soumya-murder-case-verdict

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ കേരളത്തിലെ പ്രതിഷേധം ശക്തമാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍. സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ആശങ്കയും പ്രതിഷേധവും പങ്കുവച്ചുകൊണ്ട് ഒരു പെണ്‍കുട്ടി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. .തലശ്ശേരി ബ്രണ്ണൻ കോളേജ് മുൻ വൈസ് ചെയർമാൻ ആയിരുന്ന ആതിര രാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്.

ആതിരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെ…

എന്‍റെ പേര് ആതിര…എന്‍റെ സമ്മതം ചോദിക്കാതെ പ്രിയപ്പെട്ടവര്‍ ഇട്ടതാണേലും നാളിതുവരെ പ്രിയം അതിനോട് തന്നെ…
നാളെ ഞാന്‍ കൊല്ലപ്പെടും….
അല്ലെങ്കില്‍ തൊട്ടടുത്ത നിമിഷം…കാരണം ഞാനൊരു പെണ്ണാണ്…..
പിന്നില്‍ എപ്പോഴും ആക്രമിക്കാന്‍ കൈകളുണ്ടെന്ന ഉത്തമ ബോധ്യമുണ്ട്…. പറഞ്ഞു വന്നത് ഇതാണ്….
എന്‍റെ മരണശേഷം
‘കേരളത്തിന്‍റെ മകള്‍’ എന്നോ..
‘ഭാരതത്തിന്‍റെ തേങ്ങല്‍ ‘
എന്നോ..ഒന്നും
എന്‍റെ പേരു മാറ്റരുത്….അപമാനം തന്നെയാണെനിക്കത്….
മാറി മാറി വരുന്ന സര്‍ക്കാരും…വക്കീലും ജഡ്ജിയും എനിക്കു വേണ്ടി സമയം കളയരുത്…പ്ളീസ്….
തെളിവുകള്‍ ഉണ്ടാക്കി വെച്ച് അന്ത്യ ശ്വാസം വലിക്കാന്‍ എനിക്കു സാധിച്ചെന്നു വരില്ല….
അത് മാത്രം ആ സമയം ഓര്‍ത്താല്‍ മതി…
അല്ലേലും
കണ്ണുകെട്ടിയ നീതി ദേവതയോട് ഇടയ്ക്ക് വെളിച്ചം കാണാന്‍ പറേണം..
ദേവതയൊക്കെ പേരിലല്ലേ…
രൂപം കൊണ്ട് പെണ്ണല്ലേ…
കണ്ണുതുറന്ന് സ്വയമൊന്ന് അറിഞ്ഞേക്ക്…
നിന്നെ തള്ളിയിടാന്‍ ഒറ്റ കൈപോലും വേണ്ടാ..
ഒരു വിരലുമതിയാവും…..പറഞ്ഞൂന്നേ ഉള്ളൂ…..
‘ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്ന പെണ്‍കുട്ടി’ എന്ന് താളബോധത്തില്‍ ആരും എന്നെ ഓര്‍മ്മിച്ചെടുക്കരുത്…എന്‍റെ സ്വപ്നങ്ങള്‍ എന്തെന്ന് അറിയാത്ത നിങ്ങള്‍ക്ക് അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ അവകാശമില്ല….
അനീതി കാണുമ്പോള്‍
‘നീ തീ ആവുക”
എന്ന് ഞാനടങ്ങുന്ന നിങ്ങള്‍ പറയാറുണ്ട്…
എന്‍റെ മരണാഘോഷങ്ങളില്‍ അത് വേണ്ട…
നീ തീ ആവുക
എന്നും പറഞ്ഞ്…
കൂട്ടത്തില്‍ ഒരു പെണ്ണ് തീ ആവുമ്പോള്‍ വെള്ളമൊഴിക്കാന്‍ ഓടിയെത്തുന്ന ചില ജന്മങ്ങള്‍ ഉള്ള
ഈ നാട്ടില്‍
ഇതൊക്കെ വെറും മരീചികയാണെനിക്ക്……
ഇനി ഈ വാക്കുകള്‍ പോലും അധിക പ്രസംഗമായി വാഴ്ത്തപ്പെടും എന്നെനിക്കറിയാം….
ഒരു പെണ്ണിന് പ്രണയലേഖനം പോലും എഴുതി സൂക്ഷിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത നാട്ടില്‍..ഇതൊക്കെ രാജ്യദ്രോഹകുറ്റം തന്നെയായി മാറ്റപ്പെടും..
ഇല്ലെങ്കില്‍ നമ്മളെങ്ങനെ ആര്‍ഷ ഭാരത സംസ്ക്കാരത്തിന്‍റെ പിന്‍മുറക്കാരാവും ല്ലേ…!!

റെഡി റ്റു വെയിറ്റ് എന്നും പറഞ്ഞ് പുനര്‍ജന്മത്തില്‍ ആണായി പിറക്കാന്‍ കാത്തു നില്‍ക്കുന്ന മഹിളാ രത്നങ്ങള്‍ ദയവു ചെയ്ത് എന്നെ ഓര്‍ക്കുക പോലും ചെയ്യരുത്…
അപ്പോഴാണ് ഞാന്‍ ശരിക്കും കളങ്കിതയാവുക….

സൗമ്യയുടെയും ജിഷയുടെയും..
പേരറിയാത്ത സഹോദരിമാരുടെയുംമനസ്സ് തിന്ന മണ്ണിന് എന്‍റെ മനസ്സിന്‍റെ ഇടവഴികളെ പോലും അതിന്‍റ ആഴത്തില്‍ തിന്നാനാവും….
അതുറപ്പാണ്….
ഞങ്ങള്‍ കാലങ്ങള്‍ക്കപ്പുറത്ത് മണ്ണിനെ പിളര്‍ത്തി ഭൂമിയില്‍ വേരുകളാഴ്ത്തി ഇനിയും ജന്മ മെടുക്കും….
എല്ലാ കാലത്തും നിറയെ കായ്ക്കുന്ന വിഷക്കായകളുള്ള ഒരു മരമായ്….
ഈ കെട്ട ഭൂമിയില്‍ ജീവിക്കാനിനി വയ്യെന്നു തോന്നുന്ന പെണ്‍ മക്കള്‍ക്ക്
സഹായകമാകാന്‍ മാത്രമായി….

പലപ്പോഴും ആത്മഹത്യ ഭീരുത്വം അല്ല….വലിയൊരു പ്രതിഷേധമാണ്….
എന്ന്
ഞാന്‍ പറഞ്ഞു നിര്‍ത്തട്ടെ…
നിങ്ങള്‍ക്കിടയില്‍ ഇനിയെത്ര കാലം എന്ന് ഒരു ഊഹവുമില്ല….
ഉള്ളിടത്തോളം കാലം വായ മൂടിക്കെട്ടാനോ…
തൂലികയില്‍ മഷി നിറക്കാതിരിക്കാനോ
തീരുമാനവുമില്ല….
പെണ്ണ് പൂക്കുന്ന നാടിനെ ഞാനിനി സ്വപ്നം കാണാനുമില്ല….

പെണ്ണാണ്….
പെണ്ണ് തന്നെയാണ്….

ആതിര

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News