Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാങ്കോക്ക്: തായ്ലന്ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജ് (88) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബാങ്കോക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവാണ് അദ്ദേഹം. ഏഴു പതിറ്റാണ്ടുകാലമാണ് ഇദ്ദേഹം ഭരിച്ചത്.ഛാക്രി രാജവംശത്തിലെ ഒമ്പതാമത്തെ രാജാവായിരുന്നു ഇദ്ദേഹം.1927 ഡിസംബര്‍ അഞ്ചിനായിരുന്നു ഭൂമിപാലിന്റെ ജനനം. രാജാവായിരുന്ന സഹോദരന്റെ മരണത്തെത്തുടര്‍ന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു ഭൂമിബൊലിന് അധികാരം ലഭിക്കുന്നത്. സഹോദരന് വെടിയേറ്റ് കൊല്ലപ്പെടുമ്പോള്‍ പതിനെട്ടു വയസ്സു തികഞ്ഞതേയുള്ളൂ ഭൂമിബൊലിന്. 1946 ജൂണ്‍ ഒന്‍പതിന് അടുത്ത രാജാവാകാനുള്ള ക്ഷണം ലഭിച്ചെങ്കിലും സ്വിറ്റ്സര്‍ലന്‍ഡിലെ പഠനത്തിനുശേഷം തിരിച്ചെത്തി 1950 ലാണ് അദ്ദേഹം അധികാരത്തിലേറിയത്.
ജനങ്ങളെ അടക്കിവാണ ഭരണാധികാരിയായിരുന്നില്ല മറിച്ച് ജനാധിപത്യത്തോടു ചേര്‍ന്നുനിന്ന്, ഭരണഘടനാപരമായ രാജവാഴ്ചയായിരുന്നു അദ്ദേഹത്തിന്റേത്. താറുമാറായ ജനാധിപത്യത്തിനും അട്ടിമറിക്കാനെത്തിയ പട്ടാളഭരണത്തിനുമെല്ലാം ഇടയില്‍പ്പെട്ട തായ്ലന്ഡിലെ ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നത് ഭൂമിബൊല്‍ രാജാവായിരുന്നു. 1932 ല്‍ രാജഭരണം അവസാനിപ്പിച്ച ശേഷം കാര്യമായ അധികാരമൊന്നും സര്‍ക്കാര്‍ രാജാവിനു നല്‍കിയിരുന്നില്ല. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ രാജാവിലര്പ്പിക്കുന്ന വിശ്വാസം തിരിച്ചറിഞ്ഞ അദ്ദേഹം തായ്ലന്ഡിലെ ഭരണം തകിടം മറിഞ്ഞപ്പോള്‍ തന്നില്‍ നിക്ഷിപ്തമായ തുച്ഛമായ അധികാരം ഉപയോഗിച്ചുള്ള ഇടപെടലുകള്‍ക്ക് മുന്നിട്ടിറങ്ങുകയായിരുന്നു.
1973 ല്‍ ആദ്യമായി രാഷ്ട്രീയത്തിലേക്കുളള അദ്ദേഹത്തിന്റെ പ്രവേശനം. ജനാധിപത്യപ്രക്ഷോഭകാരികള്ക്ക് കൊട്ടാരത്തില്‍ അഭയം നല്‍കിയായിരുന്നു അത്. 1992 ലും ഇത്തരത്തില്‍ നടത്തിയ ഒരു നീക്കം വഴി പട്ടാള അട്ടിമറിയെപ്പോലും തടയാന്‍ അദ്ദേഹത്തിനായി. എന്നാല്‍ ജനാധിപത്യരീതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയുടെ ഭരണത്തിനെതിരെ 2006 ല്‍ ജനം ശബ്ദമുയര്‍ത്തിയപ്പോള്‍ അക്കാര്യത്തില്‍ ഇടപെടാന്‍ ഭൂമിബൊല്‍ തയാറായില്ല. താന്‍ ഇടപെടുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
രോഗബാധിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ തയാറാക്കിയ പ്രത്യേക മുറിയിലായിരുന്നു ഭൂമിപാലിന്റെ വാസം. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യത ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ മരണ വാര്‍ത്തയറിഞ്ഞ് നൂറുകണക്കിന് പേരാണ് ബാങ്കോക്കിലെ ആസ്പത്രിക്ക് മുന്നില്‍ തടിച്ചുകൂടിയത്.
ഭൂമിബോലിന്റെ 64 വയസുള്ള മകന് മഹാ വജിരലോങ്കോണ് രാജാവായി സ്ഥാനമേല്‍ക്കുമെന്ന് തായ്ലന്ഡ് പ്രധാനമന്ത്രി പ്രയുത് ചന് ഒ ച അറിയിച്ചു. രാജാവ് മരിച്ചതിനെത്തുടര്‍ന്ന് രാജ്യം ഒരുവര്‍ഷത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിനോദ പരിപാടികളും ഈ കാലയളവില്‍ ഒഴിവാക്കും.
Leave a Reply