Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 5:16 pm

Menu

Published on December 7, 2016 at 8:53 am

ജയലളിത ഇനി ഓർമ്മ….തമിഴകം അമ്മയ്ക്ക് കണ്ണീരോടെ വിടനല്‍കി;സംസ്‌കാര ചടങ്ങിന് ജനസാഗരം

jayalalithaas-body-kept-at-rajaji-memorial

ചെന്നൈ: ജയലളിത ഇനി ഓര്‍മ.പതിനായിരങ്ങളെ സാക്ഷിനിർത്തി തമിഴകത്തിന്റെ അമ്മയുടെ ഭൗതിക ശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ചെന്നൈ മറീന ബീച്ചിലെ അണ്ണാദുരൈയുടേയും എം.ജി.ആറിന്റേയും സ്മൃതിമണ്ഡപത്തിന് മധ്യേയായി സജ്ജീകരിച്ച സ്ഥലത്താണ് മൃതദേഹം അടക്കം ചെയ്തത്. ഹിന്ദു ആചാരപ്രകാരം സ്വന്തമായി മക്കളില്ലാത്തതിനാല്‍ ദഹിപ്പിക്കുന്നതിന് പകരം ചന്ദനത്തില്‍ തീര്‍ത്ത പെട്ടിയില്‍ അടക്കി കല്ലറയില്‍ സംസ്‌കരിക്കുകയായിരുന്നു. തോഴി ശശികലയും ഇളവരശിയുടെ മകന്‍ വിവേകും അന്ത്യകര്‍മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

jaya

തമിഴകത്തെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞ മുഖ്യമന്ത്രി ജയലളിതയെ അവസാനമായി ഒന്നുകാണായെത്തിയ പതിനായിരങ്ങളാല്‍ രാജാജി ഹാളും മറീന ബീച്ചും തിങ്ങിനിറഞ്ഞു. വൈകിട്ട് കൃത്യം നാലരയ്ക്ക് തന്നെ രാജാജി ഹാളില്‍ നിന്നും പുഷ്പാലംഗൃത വാഹനത്തില്‍ വിലാപയാത്രയായി മറീനാ ബീച്ചിലേക്ക് മൃതദേഹം കൊണ്ടുപോയി. പുഷ്പാര്‍ച്ചനയും ബാഷ്പാഞ്ജലിയുമായി പതിനായിരങ്ങള്‍ വിലാപയാത്രയെ അനുഗമിച്ചു. ആറുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി. പ്രമുഖര്‍ അന്തിമോപചാരം അര്‍പിച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം കല്ലറയിലേക്കെടുത്തു.

സംസ്ഥാന–ദേശീയ രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ജയലളിതയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെത്തിയിരുന്നു. വെങ്കയ്യാ നായിഡു ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ, മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മറ്റു പ്രമുഖർ തുടങ്ങിയവരും ഭൗതികശരീരം പൊതുദർശനത്തിനുവച്ച രാജാജി ഹാളിലെത്തി. കേരളത്തെ പ്രതിനിധീകരിച്ച് ഗവർണർ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരെത്തി. ഡിഎംകെ നേതാക്കളായ എം.കെ.സ്റ്റാലിനും കനിമൊഴിയും രാജാജി ഹാളിലെത്തി ജയലളിതയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. ക്രിക്കറ്റ് താരം കെ.ശ്രീകാന്തും അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു.

amma

സിനിമാ മേഖലയിൽനിന്നുള്ള പഴയകാല അഭിനേതാക്കളും തങ്ങളുടെ പ്രിയ സഹപ്രവർത്തകയെ അവസാനമായി കാണാനെത്തി. കുടുംബസമേതമാണ് രജനീകാന്ത് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. വിജയകാന്ത്, സത്യരാജ്, കാർത്തി, നാസർ, പ്രഭുദേവ, രേവതി, ഖുഷ്ബു, ഗൗതമി, രേഖ തുടങ്ങിയവരും ജയയ്ക്ക് അന്തിമോപചാരം അർപ്പിച്ചു.

രണ്ടരമാസത്തെ ചികിത്സയ്ക്കൊടുവില്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ജയലളിതയുടെ അന്ത്യം. രാത്രി 11.30ഓടെയാണ് മരണം സംഭവിച്ചത്. രോഗം ഭേദപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്. സെപ്തംബര്‍ 22നാണ് ജയലളിതയെ പനിയും നിര്‍ജലീകരണവും മൂലം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

jaya

അപ്പോളോ ആശുപത്രിയില്‍ നിന്നും ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലാണ് ഇന്നലെ മൃതദേഹം എത്തിച്ചത്. തുടര്‍ന്നാണ് ഇന്നു രാവിലെയോടെ രാജാജി ഹാളില്‍ പൊതുദര്‍ശനം ക്രമീകരിച്ചതും. മുഖ്യമന്ത്രിയായി ചുമതലയേറ്റ പനീര്‍ശെല്‍വമായിരുന്നു ആദ്യം അന്തിമോപചാരം അര്‍പ്പിച്ചതും. ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News