Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് നടി ഗൗതമി രംഗത്ത്. തന്റെ ബ്ലോഗിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കായി എഴുതിയ കത്തിലൂടെ ഗൗതമി ഇക്കാര്യം ആവശ്യപ്പെടുന്നത്. ജയലളിതയുടെ ചികിത്സയും മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതലുളള ചികിത്സ, രോഗം കുറഞ്ഞതായി പുറത്തുവന്ന വാര്‍ത്തകള്‍, ഉടനടി ഉണ്ടായ മരണം ഇത്തരം സാഹചര്യങ്ങള്‍ സംശയാസ്പദമാണെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ചിരുന്നെന്നുമാണ് ഗൗതമി കത്തില്‍ വ്യക്തമാക്കുന്നത്.
ജയലളിത ആശുപത്രിയിലായ കാലം മുതല്‍ അവരെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. പ്രമുഖരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് ആശുപത്രിയില്‍ എത്തിയെങ്കിലും അവരെ കാണാനുളള അനുമതി നിഷേധിച്ചിരുന്നു. തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയും ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട നേതാവുമായ അവരുടെ കാര്യങ്ങള്‍ എന്തിനാണ് ഇത്രയധികം രഹസ്യ സ്വഭാവത്തോടെ സൂക്ഷിച്ചത് ഇതിന് പിന്നില്‍ ആരെങ്കിലുമുണ്ടോ തമിഴ്ജനതയ്ക്കിടയില്‍ ഇത്തരം ചോദ്യങ്ങളുണ്ട്. ഇതറിയാന്‍ അവരെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതുകൊണ്ട് തന്നെ ഇതൊന്നും ചോദ്യം ചെയ്യപ്പെടാതെ പോകരുത്. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നടപടി എടുക്കുമെന്നാണ് കരുതുന്നതെന്നും ഗൗതമി ബ്ലോഗില്‍ വ്യക്തമാക്കുന്നു. നടന്‍ കമല്‍ഹാസനുമായി വേര്‍പിരിയുന്ന കാര്യവും ഗൗതമി ബ്ലോഗിലൂടെയായിരുന്നു പ്രഖ്യാപിച്ചത്.
കത്തിന്റെ പരിഭാഷ…
ശ്രീ നരേന്ദ്ര മോദിജി,
സർ,
ഒരു സാധാരണ പൗര എന്ന നിലയിലാണ് ഞാൻ ഈ കത്തെഴുതുന്നത്. ഞാനൊരു വീട്ടമ്മയാണ്, മാതാവാണ്, ഒരു ഉദ്യോഗസ്ഥ കൂടിയാണ്. സുരക്ഷിതവും സമാധാനപരവുമായ ജീവിതം ആഗ്രഹിക്കുന്ന എന്റെ രാജ്യത്തിലെ പൗരന്മാരുടെ ആശങ്കയാണ് ഞാൻ ഇവിടെ പങ്കിടുന്നത്.
അന്തരിച്ച ഞങ്ങളുടെ മുഖ്യമന്ത്രി ജയലളിതയുടെ അപ്രതീക്ഷിത മരണവാർത്തയിൽ അതീവമായി ദുഖിക്കുന്ന കോടി ജനങ്ങളിൽ ഒരാളാണ് ഞാൻ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു ഉന്നത വ്യക്തിത്വവും സ്ത്രീകൾക്ക് പ്രതിസന്ധികളെ അതിജീവിക്കുവാൻ പ്രചോദനവുമായ ഒരു ജീവിതവുമായിരുന്നു അവർ. ജയലളിതയുടെ നേതൃത്വം തമിഴ്‌നാടിനെ വികസനകാര്യങ്ങളിൽ മുന്നിലെത്തിച്ചു. അസാമാന്യ ധൈര്യവും ഇച്ഛാശക്തിയും പ്രകടമാക്കി പ്രതിസന്ധികളെ തരണം ചെയ്തു സ്വപ്നങ്ങളെ പ്രാപ്യമാക്കാൻ ജയലളിതാജിയുടെ ജീവിതം എല്ലാവർക്കും പ്രചോദനമായി മാറി.
തമിഴ്‌നാടിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയും നേതാവുമായിരുന്ന ജയലളിതയുടെ ചികിത്സയെ സംബന്ധിച്ചും, രോഗാവസ്ഥയെ സംബന്ധിച്ചും ഒടുവിൽ അപ്രതീക്ഷിതമായി മരണം അറിയിക്കുകയും ചെയ്തതു ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവശേഷിപ്പിക്കുന്നു. ഇക്കാര്യങ്ങളെ സംബന്ധിച്ചുള്ള വസ്തുതകൾ പൂർണ്ണമായും മറച്ചു വയ്ക്കപ്പെട്ടു. ചികിത്സയിലായിരുന്ന ജയലളിതയെ കാണാൻ ആരെയും അനുവദിച്ചിരുന്നില്ല.
പ്രമുഖരായ പലരും അവരെ സന്ദർശിക്കാൻ ആശുപത്രിയിലെത്തിയിരുന്നെങ്കിലും ആർക്കും ജയലളിതയെ കാണാൻ അനുവാദം ഉണ്ടായിരുന്നില്ല. തമിഴ്‌നാടിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയും നേതാവുമായിരുന്ന ജയലളിതയെ ഇത്രയധികം രഹസ്യസ്വഭാവത്തോടെ മറ്റുള്ളവരിൽനിന്ന് അകറ്റിനിർത്തിയത് എന്തിനായിരുന്നു? സർ, തമിഴ് നാടിൻറെ ജനത ചോദിക്കുന്ന ഈ നീറുന്ന ചോദ്യങ്ങൾ ഞാൻ താങ്കളുടെ ചെവിയിൽ എത്തിക്കുകയാണ്.
കാര്യങ്ങൾ ഇങ്ങനെയെല്ലാമായത് എന്താണ് എന്ന ചോദ്യം ചിലരെങ്കിലും ഉന്നയിക്കുന്നത് ഒരുപക്ഷെ വിവാദപരമായേക്കാം എന്ന ഭയം എന്റേത് മാത്രമാകാം.
ജനങ്ങൾ തിരഞ്ഞെടുത്ത നേതാക്കളെ സംബന്ധിച്ച കാര്യങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട് എന്ന ബോധ്യത്തിലാണ് ഞാൻ ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ജനനന്മയ്ക്കായി പ്രവർത്തിക്കുവാൻ നേതാക്കന്മാരുടെ ആരോഗ്യം അവരെ അനുവദിക്കുന്നുണ്ടോ എന്നറിയാനും പൗരന്മാർക്ക് അവകാശമുണ്ട്. പ്രത്യേകിച്ച് ഇത്തരമൊരു ദുരന്തത്തിനു പിന്നിലെ കാരണങ്ങൾ ചോദ്യം ചെയ്യപ്പെടാതെ പോകുകയും ഒരു സാഹചര്യത്തിലും ഉത്തരം നൽകാതെ പോകുകയും ചെയ്യരുത്. ഇത്രയധികം വ്യക്തി പ്രഭാവം ഉണ്ടായിരുന്ന ഒരാളുടെ അവസ്ഥ ഇതാണെങ്കിൽ സാധരണക്കാരനായ ഒരാൾ അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തിനായി എങ്ങനെ പോരാടും? ഓരോ ഇന്ത്യക്കാരനും തന്റെ രാജ്യത്തിൻറെ ജനാധിപത്യത്തിൽ അഭിമാനംകൊള്ളുന്നവനാണ്. ഏതു സാഹചര്യത്തിലും ഈ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം
എന്റെ ഉൽകണ്ഠയും ഓരോ ഭാരതീയൻറെയും നിത്യജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളെ കുറിച്ചറിയാനുള്ള ജനാധിപത്യാവകാശത്തെ സംരക്ഷിക്കുവാനും എൻറെ ഈ കത്ത് താങ്കൾ പൂർണ്ണമായും ഉൾക്കൊള്ളും എന്നു ഞാൻ കരുതുന്നു. സർ, സാധാരണക്കാരന്റെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന നേതാവ് എന്ന നിലയിൽ ഈ ജനതയുടെ ശബ്ദം താങ്കൾ ഗൗനിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
എല്ലാവിധ ബഹുമാനത്തോടെയും ആദരവോടെയും,
ജയ് ഹിന്ദ്!
ഗൗതമി തടിമല്ല
Leave a Reply