Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:33 pm

Menu

Published on April 21, 2017 at 2:49 pm

വീടിന് കട്ടില വെയ്ക്കുമ്പോള്‍

kattila-veppu-or-door-frame-fitting-vasthu

ഗൃഹാരംഭം, കട്ടിലവെപ്പ്, ഉത്തരംവെപ്പ്, ഗൃഹപ്രവേശം എന്നിവയാണ് ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ പ്രധാനമായും മുഹൂര്‍ത്തം നോക്കി ചെയ്യേണ്ടുന്ന കാര്യങ്ങള്‍. ഇതില്‍ കട്ടിലവെയ്പ്പ് കര്‍മ്മം ഏറെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ശ്രദ്ധവേണ്ടതും ഏറെ അത്യാവശ്യമാണ്.

വാസ്തുശാസ്ത്രപ്രകാരം ദര്‍ശനമനുസരിച്ച് പ്രധാന കട്ടിലയോ അല്ലെങ്കില്‍ വടക്കോട്ടോ, കിഴക്കോട്ടോ തുറക്കുന്നതായ കട്ടിലയോ ആണ് കട്ടിലവെപ്പ് കര്‍മ്മത്തിന് ഉദ്ദേശിക്കുന്നത്. ഇന്നത്തെ രീതിയില്‍ കട്ടിലയ്ക്കുള്ള സ്ഥലം ഒഴിച്ചിട്ട് ഭിത്തിപ്പണിയും ലിന്റല്‍ വാര്‍ക്കലും നടത്തിയതിനുശേഷം കട്ടിലവെയ്ക്കുന്ന രീതി നല്ലതല്ല. അതായത് പ്രധാന കട്ടില വെപ്പെങ്കിലും യഥാവിധി നടത്തുന്നതാണ് ഉത്തമം.

അതുപോലെ തന്നെ വീടിന്റെ മധ്യഭാഗത്ത് കട്ടിലവെക്കുന്നതും വാസ്തു ശാസ്ത്ര പ്രകാരം നല്ലതല്ല. അതായത് വീടിന്റെ മധ്യത്തില്‍ കട്ടിലവരാന്‍ പാടില്ല എന്നര്‍ത്ഥം. തെക്കിനിക്ക് വടക്കുവശത്ത് കട്ടിലപ്പടി വരുന്നത് ഉത്തമമായാണ് കണക്കാക്കുന്നത്.

ഗൃഹമധ്യവും കട്ടിലമധ്യവും ഒരേ രേഖയില്‍ വരാതിരിക്കാനും ശ്രദ്ധിക്കണം. അതു പോലെ രണ്ടു കട്ടിലകളുടെ മധ്യങ്ങള്‍ ഒരേ രേഖയിലും വരാന്‍ പാടില്ല.

റോഡിന് അനുസരിച്ചല്ല കട്ടിലയുടെ പ്രാധാന്യമെന്ന കാര്യം ഓര്‍ക്കണം. വാസ്തുവിന്റെ മധ്യം നോക്കിയാണ് ഗൃഹത്തിന്റെ മുഖം നിശ്ചയിക്കുന്നത്. ശാസ്ത്രീയമായി കിഴക്കുവശത്തെ കട്ടിലയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. അതായത് ഗൃഹത്തിന്റെ മുഖം ഏതുവശത്തേക്കു കൊടുത്താലും കിഴക്കുവശത്തെ കട്ടിലയ്ക്കാണ് പ്രാധാന്യവും യോഗ്യതയും.

കട്ടില വെയ്ക്കുന്നതിനു തൊട്ടുമുന്‍പും മുന്‍പും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യമായി കട്ടിലവെക്കുന്ന സ്ഥലത്ത് ഒരു നിലവിളക്ക് കത്തിച്ചുവെയ്ക്കണം. ഈ വിളക്കിനു മുന്നില്‍ നിറപറ, നെല്ല്, അരി, വെറ്റില, അടയ്ക്ക, അവല്‍, മലര്‍, പഴം തുടങ്ങിയവ വെയ്ക്കാം. പിന്നീട് കട്ടില സ്ഥാപിക്കുന്ന സ്ഥലം ചാണകം കൂട്ടിമെഴുകി ക്ഷേത്രത്തില്‍നിന്നും ശേഖരിച്ച പുണ്യാഹം തളിച്ച് ശുദ്ധിയാക്കണം.

ഇതേ രീതിയില്‍ തന്നെ കട്ടിലയും ശുദ്ധിവരുത്തണം. തുടര്‍ന്ന് കട്ടിലവെയ്ക്കുന്ന സ്ഥലത്തും കട്ടിലയിലും ചന്ദനവും പൂവും ചാര്‍ത്തുക. കട്ടില വെയ്ക്കുന്ന ഭാഗത്ത് സ്വര്‍ണംവെയ്ക്കാം.

വീടിന്റെ മുന്നിലെ കട്ടില തന്നെ ആദ്യംവെക്കുക. കട്ടിലവെപ്പ് എന്ന ചടങ്ങ് ക്ഷേത്രാചാരമനുസരിച്ച് ആശാരിമാര്‍ക്കോ, മേസ്തിരിമാര്‍ക്കോ, കല്‍പ്പണിക്കാര്‍ക്കോ ചെയ്യാവുന്നതാണ്.

വാസ്തുശാസ്ത്രമനുസരിച്ച് വീട് നിര്‍മ്മാണത്തിലെ ആദ്യം മുതല്‍ അവസാനം വരെയുള്ള ഓരോ കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും വാസ്തുബലി നടത്തണമെന്നാണ് ശാസ്ത്രം. എന്നാല്‍ കേരളീയചിട്ടപ്രകാരം അവസാനത്തേതായ ഗൃഹപ്രവേശത്തിനു മുമ്പുമാത്രമാണ് വാസ്തുബലി നടത്തിവരാറുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News