Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഐ.ഒ.സിയുടെ എല്‍.പി.ജി സംഭരണശാല അടച്ചുപൂട്ടുംവരെ സമരവുമായി മുന്നോട്ടു പോകുമെന്നു പുതുവൈപ്പില്‍ സമരസമിതി. ഇതിനിടെ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും പ്രതിഷേധം തുടരാനാണു സമരസമിതിയുടെ തീരുമാനം.
മുന്‍വിധികളോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നതെന്നും പ്രശ്ന പരിഹാരത്തിനു യാതൊരു സാധ്യതയുമില്ലെന്നാണു സമരസമിതിയുടെ നിലപാട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 21ന് തിരുവനന്തപുരത്താണ് ചര്‍ച്ച.
മുന്‍പു നടന്ന ചര്‍ച്ചകളില്‍ ഏകപക്ഷീയമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പുതുവൈപ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഐ.ഒ.സിയുടെ എല്‍.പി.ജി സംഭരണശാല അടച്ചുപൂട്ടണം. അല്ലാതെയുള്ള ഒരു ഒത്തുതീര്‍പ്പിനും വഴങ്ങില്ലെന്നും സമരസമിതി തറപ്പിച്ചു പറയുന്നു. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ലാത്തിച്ചാര്‍ജിലും കല്ലേറിലും 30 സമരക്കാര്‍ക്കും 10 പൊലീസുകാര്‍ക്കും പരുക്കേറ്റു.
ടെര്‍മിനല്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ആഴ്ചകളായി ഇവിടെ സമരം നടക്കുകയാണ്. കഴിഞ്ഞ 14നും 16നും സമരക്കാര്‍ക്കു നേരെ പൊലീസ് നടപടിയുണ്ടായി. തുടര്‍ന്നു ഫിഷറീസ് മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമവിധി വരുന്നതുവരെ നിര്‍മാണം നിര്‍ത്തിവയ്ക്കാമെന്നും പദ്ധതി പ്രദേശത്തുനിന്നു പൊലീസിനെ പിന്‍വലിക്കാമെന്നും ധാരണയായതായി സമരക്കാര്‍ പറയുന്നു. സമരം തല്‍ക്കാലത്തേക്കു നിര്‍ത്തിവയ്ക്കാനും തീരുമാനമായിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ പദ്ധതി പ്രദേശത്തേക്കു തൊഴിലാളികളെ എത്തിക്കുകയും ജോലികള്‍ പുനരാരംഭിക്കാന്‍ നീക്കം നടത്തുകയും ചെയ്തു. ഇതോടെയാണു വീണ്ടും സംഘര്‍ഷമുണ്ടായത്.
അതേസമയം, സമരക്കാര്‍ക്കെതിരെ ഇന്നലെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചു ഫിഷര്‍മാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ഇതിനിടെ 21 വരെ ടെര്‍മിനല്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുകയാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് കലക്ടറെ അറിയിച്ചു.
Leave a Reply