Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 2:22 am

Menu

Published on June 20, 2017 at 10:30 am

രാംനാഥ് കോവിന്ദ് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി; പ്രതിപക്ഷത്തിന് എതിര്‍പ്പ്

bihar-governor-ram-nath-kovind-nda-candidate-presidential-election

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുത്തു. കാണ്‍പൂരില്‍നിന്നുള്ള ദലിത് നേതാവാണ് രാംനാഥ്. ബി..ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് എഴുപത്തിയൊന്നുകാരനായ രാംനാഥിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തത്. ഈ മാസം 23ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.

അതേസമയം, രാംനാഥ് കോവിന്ദിനെ എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതിനെ പ്രതിപക്ഷം എതിര്‍ത്തു. പ്രഖ്യാപനം കഴിഞ്ഞശേഷമാണ് സ്ഥാനാര്‍ഥിത്വത്തെപ്പറ്റി അറിയിച്ചതെന്നു കോണ്‍ഗ്രസ് പ്രതികരിച്ചു.

കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കിയത് ആര്‍.എസ്.എസ് അജന്‍ഡയാണെന്നു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ബി.ജെ.പി തീരുമാനം ഏകപക്ഷീയമാണെന്നും നിലപാടു പിന്നീട് അറിയിക്കുമെന്നുമായിരുന്നു ഘടകകക്ഷി കൂടിയായ ശിവസേനയുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, സോണിയ ഗാന്ധിയുമായും മന്‍മോഹന്‍ സിങ്ങുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാമെന്നാണ് അവര്‍ പറഞ്ഞിട്ടുള്ളതെന്നും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. ഉപരാഷ്ട്രപതിയെക്കുറിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും അടുപ്പമുള്ള വ്യക്തിയാണ് രാംനാഥ് കോവിന്ദ്. ബി.ജെ.പി ദലിത് മോര്‍ച്ചയുടെ മുന്‍ ചെയര്‍മാനും ഓള്‍ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്റുമാണ്.

1945 ഒക്ടോബര്‍ ഒന്നിന് കാന്‍പൂരിലാണ് രാംനാഥ് കോവിന്ദ് ജനിച്ചത്. കാന്‍പൂര്‍ സര്‍വകലാശാലയില്‍നിന്ന് ബികോം, നിയമ ബിരുദങ്ങള്‍ നേടിയ ശേഷം പതിനാറു വര്‍ഷം ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രവര്‍ത്തിച്ചിരുന്നു. 1980 മുതല്‍ 1993 വരെ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആയിരുന്നു.

ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് രണ്ടുവട്ടം (1994-2000), (2000-2006) തിരഞ്ഞെടുക്കപ്പെട്ടു. പട്ടിജാതിവര്‍ഗ ക്ഷേമം, ആഭ്യന്തരം, സാമൂഹികനീതി, നിയമം, പെട്രോളിയം തുടങ്ങിയ വിവിധ പാര്‍ലമെന്ററി കമ്മറ്റികളില്‍ അംഗമായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News