Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചരക്കുസേവന നികുതി (ജിഎസ്ടി) പ്രാബല്യത്തില്‍ വന്നു. സങ്കീര്‍ണ നികുതിഘടനയില്‍ നിന്ന് ഒരു രാജ്യം, ഒരു നികുതിയെന്ന രീതിയായിരിക്കും ഇനിമുതല്‍ ഉണ്ടാകുക.
പാര്‍ലമെന്റ് സെന്‍ട്രല്‍ഹാളില്‍ ഇന്നലെ അര്‍ധരാത്രി നടന്ന ചരിത്ര സമ്മേളനം രാജ്യത്തെ ഏറ്റവും വലിയ നികുതിപരിഷ്‌കാരത്തിന്റെ വിളംബരത്തിന് സാക്ഷിയായി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്നാണ് പ്രഖ്യാപനം നിര്‍വഹിച്ചത്.
പാര്‍ലമെന്റിലെ ചരിത്രപ്രധാന്യമുള്ള സെന്‍ട്രല്‍ ഹാളില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യപ്പിറവിയെ അനുസ്മരിപ്പിച്ച്, അര്‍ധരാത്രി ജി.എസ്.ടിയും പിറന്നു. പതിനൊന്നു മണിക്കു തുടങ്ങി ഒരു മണിക്കൂര്‍ നീണ്ട സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. 5%, 12%, 18%, 28% എന്നിങ്ങനെ നാലുനിരക്കുകളിലാണ് ജിഎസ്ടി. സ്വര്‍ണത്തിനും അസംസ്‌കൃത വജ്രത്തിനും പ്രത്യേക നിരക്കാണ്: സ്വര്‍ണം3%, വജ്രം0.25%. എക്‌സൈസ് തീരുവ, വാറ്റ്, സേവന നികുതി എന്നിവ ഇനിയില്ല.
വെള്ളിയാഴ്ച രാത്രി 11 മുതല്‍ 12 വരെ പാര്‍ലമെന്റ് ചേര്‍ന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പ്രസംഗിച്ചു. കൃത്യം 12 മണിക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്ന് ബട്ടണ്‍ അമര്‍ത്തി ജി.എസ്.ടി.ക്ക് തുടക്കം കുറിച്ചു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ തുടങ്ങിയ പ്രമുഖര്‍ സാക്ഷ്യം വഹിച്ചു.
മുപ്പതു വര്‍ത്തിലേറെ നീണ്ട ആലോചനകളാണ് ജി.എസ്.ടി.യോടെ ഫലപ്രാപ്തിയിലെത്തിയത്. ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇനി ഒറ്റനികുതി. ജി.എസ്.ടി. വരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി പങ്കിടും. കേന്ദ്ര ജി.എസ്.ടി, സംസ്ഥാന ജി.എസ്.ടി, സംയോജിത ജി.എസ്.ടി എന്നിങ്ങനെ മൂന്നുതരം നികുതിശേഖരണ സമ്പ്രദായങ്ങളേ ഇനിയുണ്ടാവൂ.
പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കും ഇടപാടുകള്‍. കയറ്റുമതിക്കാര്‍ക്ക് 90 ശതമാനം തുകയുടെ തിരിച്ചടവ് ഒരാഴ്ചയ്ക്കുള്ളിലും ഇടപാടുകാര്‍ക്കുള്ള തിരിച്ചടവ് 60 ദിവസത്തിനുള്ളിലും ഉറപ്പാക്കും.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍, ഡി.എം.കെ എന്നിവര്‍ സമ്മേളനം ബഹിഷ്‌കരിച്ചു. പക്ഷേ, കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ.കുര്യന്‍ സമ്മേളനത്തിനെത്തി. പ്രതിപക്ഷനിരയില്‍ നിന്നും ജെ.ഡി.യു, എസ്.പി, എന്‍.സി.പി എന്നീ പാര്‍ട്ടികളാണ് ചടങ്ങില്‍ പങ്കെടുത്തത്.
Leave a Reply