Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പൊലീസ് ചോദ്യം ചെയ്തു. ചില ഫോട്ടോകള്‍ കാണിച്ച് അറിയുമോയെന്ന് പൊലീസ് ചോദിച്ചുവെന്ന് ധര്‍മ്മജന്‍ ചോദ്യംചെയ്യലിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പള്‍സര്‍ സുനി, ധര്‍മ്മജനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പൊലീസ് കാണിച്ചത്.
തന്റെ സിനിമാ സെറ്റുകളില്‍ സുനി എത്തിയിരുന്നോയെന്നും പൊലീസ് ചോദിച്ചുവെന്നും ധര്‍മ്മജന്‍ പറഞ്ഞു. തന്നോടൊപ്പം ഒരുപാട് പേര്‍ ഫോട്ടോയെടുക്കാറുണ്ടെന്നും അവരെയെല്ലാം തനിക്കറിയില്ലെന്നും പള്‍സര്‍ സുനിക്കൊപ്പമുള്ള ഫോട്ടോയെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ധര്‍മ്മജന്‍ മറുപടി നല്‍കി. ഒന്നര മണിക്കൂറോളം പൊലീസ് ധര്‍മ്മജനെ ചോദ്യം ചെയ്തു.
നാദിര്‍ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചില്ല. ദിലീപും നാദിര്‍ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ടിവിയില്‍ കാണിക്കുന്നത് കാണാറുണ്ടെന്നു പറഞ്ഞ ധര്‍മ്മജന്‍, കൂടുതല്‍ ഒന്നും അറിയില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
ദിലീപിന്റെ സഹോദരന്‍ അനൂപിനെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്ത ആലുവ പൊലീസ് ക്ലബ്ബിലേക്കാണ് ധര്‍മ്മജനെയും അനൂപിനെയും പൊലീസ് വിളിപ്പിച്ചത്. ഡി.വൈ.എസ്.പി വിളിപ്പിച്ചതാണ് തന്നെയെന്ന് ധര്‍മ്മജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേസിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ ധര്‍മ്മജനെ പൊലീസ് വിളിപ്പിച്ചിരിക്കുന്നത്. ആരെയും അറസ്റ്റ് ചെയ്യാനുളള സമയമായിട്ടില്ലെന്നും അതിനുളള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് ഇന്ന് അറിയിച്ചിരുന്നു.
Leave a Reply