Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്ജിങ്: ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമായ ഡോക്ലയില്‍ ഇന്ത്യ സൈന്യത്തെ അയച്ച സാഹചര്യത്തില്‍ കാശ്മീരില്‍ ചൈന ഇടപെടുമെന്ന് ചൈനീസ് പത്രം.
ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടാല്‍ കാശ്മീരില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് ചൈനയുടെ ദേശീയ പത്രം ഗ്ലോബല്‍ ടൈംസിലെ ലേഖനത്തില്‍ പറയുന്നു.
ഇന്ത്യന്‍ സൈന്യം ഡോക്ലയില്‍ ഇടപെടുന്നത് ഇന്ത്യയുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നും അല്ലാതെ ഭൂട്ടാനുവേണ്ടിയല്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂട്ടാന്റെ അതിര്‍ത്തിയില്‍ നിലവിലുള്ള അംഗീകൃത അതിര്‍ത്തിരേഖയിലല്ലാതെ തര്‍ക്ക മേഖലയില്‍ ഇടപെടാന്‍ ഇന്ത്യയ്ക്കാവില്ല.
ഇപ്പോഴത്തെ ഇടപടലിന് ഇന്ത്യ പറയുന്ന യുക്തി അനുസരിച്ചാണെങ്കില്‍, പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടാല്‍ ചൈനയ്ക്ക് കാശ്മീരില്‍ ഇടപെടാന്‍ സാധിക്കും. ഇന്ത്യ-പാക്ക് തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങളിലും, ഇന്ത്യയുടെ അധീനതയിലുള്ള കാശ്മീരിലും ചൈനീസ് സൈന്യത്തിന് പ്രവേശിക്കാനാവുമെന്ന് ചൈന വെസ്റ്റ് നോര്‍മല്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ സ്റ്റഡീസ് വിഭാഗം മേധാവി ലോങ് ഷിന്‍ചുന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ഭൂട്ടാന്റെ നയതന്ത്രത്തില്‍ ഇടപെട്ടുകൊണ്ട്, ഭൂട്ടാന്റെ പരമാധികാരത്തെയും ദേശീയ താല്‍പര്യങ്ങളെയും ഇന്ത്യ നിയന്ത്രിക്കുകയാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. ഭൂട്ടാനിലേയ്ക്കും നേപ്പാളിലേയ്ക്കും വന്‍തോതില്‍ ഇന്ത്യക്കാര്‍ കുടിയേറുന്നത് ഇരു രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളെ ബാധിക്കുന്നു. സിക്കിമിനെപ്പോലെ ഒരു ഇന്ത്യന്‍ സംസ്ഥാനമായി ഭൂട്ടാനും നേപ്പാളും മാറാതിരിക്കാനാണ് ഈ രാജ്യങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.
സിക്കിം അതിര്‍ത്തിയില്‍ ഭൂട്ടാനും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്ത് ഇന്ത്യ-ചൈന സൈന്യങ്ങള്‍ ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയിരുന്നു.
Leave a Reply