Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച നിര്‍ണായ തെളിവുകളിലൊന്ന് 12 സെക്കന്റ് നീണ്ടു നിന്ന ഫോണ്‍ കോള്‍.
നിര്‍മ്മാതാവ് ആന്റോ ജോസഫുമായുള്ള ദിലീപിന്റെ ആ നിര്‍ണായക ഫോണ്‍ കോളാണ് കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ പൊലീസിനെ വലിയൊരളവ് വരെ സഹായിച്ചത്
നടി ആക്രമിക്കപ്പെട്ട കാര്യം ദിലീപിനെ വിളിച്ചറിയിക്കാന്‍ ആന്റോ ജോസഫ് ദിലീപിനെ വിളിച്ച കോള്‍ 12 സെക്കന്റില്‍ ദിലീപ് കട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ വളരെ ഗൗരവമേറിയ വിഷയം ആദ്യമായി അറിയുന്നൊരാള്‍ എന്ത് കൊണ്ട് പന്ത്രണ്ട് സെക്കന്റില്‍ കോള്‍ കട്ട് ചെയ്തു എന്ന സംശയം പൊലീസിന് തുടക്കം മുതല്‍ ഉണ്ടായിരുന്നു.
ആക്രമത്തിന് ശേഷം നടന്‍ ലാലിന്റെ എറണാകുളത്തെ വീട്ടിലെത്തിയ നടിയെ ആദ്യം കാണാന്‍ എത്തിയ വ്യക്തിയാണ് ആന്റോ ജോസഫ്. അന്ന് എം.എല്‍.എ പി.ടി തോമസും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ആന്റോ ജോസഫാണ് വിവരം സിനിമാ രംഗത്തെ എല്ലാ പ്രമുഖരെയും വിളിച്ച് അറിയിച്ചത്.
പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ ദിലീപ് നടി ആക്രമിക്കപ്പെട്ട വിവരം താനറിയുന്നത് രാവിലെ 9 മണിക്കാണെന്നാണ് പൊലീസിന് മൊഴി നല്‍കിയത്. ഈ വൈരുദ്ധ്യം പൊലീസിന്റെ സംശയം ബലപ്പെടുത്തുകയായിരുന്നു.
സിനിമാ രംഗത്തെ പ്രമുഖനായ ഒരാള്‍ എന്ത് കൊണ്ട് വിവരം അറിയാന്‍ ഇത്രയും വൈകിയെന്ന് ചോദ്യത്തിനും ദിലീപിന് ഉത്തരമുണ്ടായിരുന്നില്ല. ഈ വൈരുദ്ധ്യങ്ങളില്‍ നിന്നെല്ലാമാണ് ദിലീപ് പൊലീസിന്റെ കെണിയില്‍ അകപ്പെടുന്നത്. കൂടാതെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണവും കേസില്‍ നിര്‍ണായകമായി.
ജാമ്യമില്ലാ വകുപ്പാണ് പൊലീസ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. 19 തെളിവുകളാണ് പൊലീസ് ഹാജരാക്കിയത്. പള്‍സര്‍ സുനിക്ക് ഒന്നര കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. പള്‍സര്‍ സുനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് ദിലീപ് ഡേറ്റ് നല്‍കിയിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.
ഐ.പി.സി സെക്ഷന്‍ 120 ബി വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന കേസായതിനാല്‍ കുറ്റം തെളിഞ്ഞാല്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റങ്ങള്‍ക്കുമുള്ള ശിക്ഷ ദിലീപും അനുഭവിക്കേണ്ടി വന്നേക്കും. അതനുസരിച്ച് മാനഭംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരിക്കും ദിലീപിനെതിരായ കുറ്റപത്രം തയ്യാറാക്കുക.
Leave a Reply