Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ മറ്റൊരു ആരോപണവും. കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുണ്ടെന്നാണ് പുതിയ ആരോപണം.
കഴിഞ്ഞ ദിവസം സംവിധായകന്‍ ബൈജു കൊട്ടാരക്കരയാണ് ഒരു ചാനല്‍ ചര്‍ച്ചക്കിടെ ഈ ആരോപവണം ഉന്നയിച്ചത്. ഈ വെളിപ്പെടുത്തലിനു തൊട്ടു പിന്നാലെ ആരോപണങ്ങളുമായി മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനും രംഗത്തെത്തി.
കലാഭവന്‍ മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ച ബൈജു കൊട്ടാരക്കരയെ സി.ബി.ഐ ഓഫീസില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തു.

കോഴിക്കോട് സ്വദേശിനിയായ ഒരു സ്ത്രീ തന്നെ ഫോണില്‍ വിളിച്ച് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. മണിയും ദിലീപും തമ്മിലുള്ള ഭൂമിയിടപാടിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇതിന്റെ പേരില്‍ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്നും യുവതി ഫോണില്‍ വെളിപ്പെടുത്തിയതായി ബൈജു കൊട്ടാരക്കര പറഞ്ഞു.
മുഴുവന്‍ ഫോണ്‍ കോളും റെക്കോഡ് ചെയ്തിട്ടുണ്ടെന്നും ഫോണ്‍ വിളിച്ച സ്ത്രീ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും ബൈജു കൊട്ടാരക്കര സി.ബി.ഐയെ അറിയിച്ചു. തുടര്‍ന്ന് ഫോണ്‍ രേഖകള്‍ സി.ബി.ഐ ഓഫീസില്‍ സമര്‍പ്പിച്ചു.
വിഷയത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യവുമായി മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനും സി.ബി.ഐയെ സമീപിച്ചിട്ടുണ്ട്. ക്വട്ടേഷനാണോ എന്ന് അന്ന് തന്നെ സംശയമുണ്ടായിരുന്നു. എന്നാല്‍ ഭൂമി, സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് തൃപ്തികരമായ അന്വേഷണം അന്നത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായില്ല, രാമകൃഷ്ണന്‍ പറയുന്നു.
സാമ്പത്തിക അട്ടിമറിയും ഭൂമാഫിയയും മരണത്തിന് പിന്നിലുണ്ടോ എന്ന് സംശയിക്കുന്നു. ആരൊക്കെയോ പുറകിലുണ്ട്. അന്വേഷണത്തില്‍ അട്ടിമറിയുണ്ടെന്ന് അന്നേ സംശയമുണ്ടായിരുന്നുവെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു.
Leave a Reply