Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 23, 2026 1:23 pm

Menu

Published on July 14, 2017 at 11:32 am

നടന്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് സംശയം; തിലകന്‍ പലതവണ പറഞ്ഞിരുന്നെന്ന് സഹോദരന്‍

actor-sreenath-death-is-murder-say-brother

തിരുവനന്തപുരം: ഏഴുവര്‍ഷം മുന്‍പുള്ള നടന്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന സംശയമുണ്ടെന്ന് സഹോദരന്‍ സത്യനാഥ്. പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഈ ആഴ്ച തന്നെ പരാതി നല്‍കുമെന്നും സത്യനാഥ് പറഞ്ഞു.

കൊലപാതകത്തിന് സിനിമയുമായി ബന്ധമുണ്ട്. ശിക്കാര്‍ സിനിമയുടെ ലൊക്കേഷനില്‍ നടന്ന മരണം അറിയിച്ചത് പൊലിസാണ്. എന്നാല്‍ സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ തര്‍ക്കത്തെക്കുറിച്ച് അന്വേഷണം നടന്നില്ലെന്നും സത്യനാഥ് ആരോപിക്കുന്നു. മാതൃഭൂമി ന്യൂസിനോടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

ശ്രീനാഥിന്റെ മൃതദേഹത്തിലെ മുറിവുകള്‍ പൊലീസ് വേണ്ടരീതിയില്‍ പരിശോധിച്ചില്ലെന്നും ശ്രീനാഥിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടതില്‍ ദുരൂഹതയുള്ളതായും സത്യനാഥ് ചൂണ്ടിക്കാട്ടുന്നു. കൂടാതെ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ അഭിനേതാക്കളോ ശ്രീനാഥിന്റെ സംസ്‌കാരത്തിനെത്തിയില്ല. വ്യക്തിബന്ധമുണ്ടായിട്ടും നടന്‍ മോഹന്‍ലാല്‍ പോലും സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ലെന്നും സഹോദരന്‍ ആരോപിച്ചു.

മരണത്തിന് പിന്നില്‍ ആരുടെയെങ്കിലും കൈയുണ്ടാകാമെന്നും സത്യനാഥ് ആരോപിക്കുന്നു. സിനിമാ മേഖലയിലുള്ള ചിലര്‍ ശ്രീനാഥിനെ ഭീഷണിപ്പെടുത്തിയിരുന്നു. ശ്രീനാഥിന്റെ മരണത്തിന് പിന്നാലെ അതിന് സിനിമാ മേഖലയുമായി ബന്ധമില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞതും സത്യനാഥ് ചൂണ്ടിക്കാട്ടി.

കേസില്‍ പുനരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ശ്രീനാഥ് ആത്മഹത്യ ചെയ്തതല്ല അതൊരു കൊലപാതകമാണെന്ന് നടന്‍ തിലകന്‍ പലതവണ ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

ശ്രീനാഥ് ഏഴുവര്‍ഷംമുമ്പ് ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ കോതമംഗലം പൊലീസ് സ്റ്റേഷനില്‍നിന്ന് അപ്രത്യക്ഷമായ വാര്‍ത്ത പുറത്തുവന്നിതിന് പിന്നാലെയാണ് മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നിരിക്കുന്നത്.

2010 മേയ് മാസത്തില്‍ കോതമംഗലത്തെ മരിയ ഹോട്ടലിലെ 102-ാം നമ്പര്‍ മുറിയില്‍ ഞരമ്പുമുറിച്ച് രക്തംവാര്‍ന്ന് മരിച്ചനിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്. പത്മകുമാര്‍ സംവിധാനംചെയ്ത ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നതായിരുന്നു അദ്ദേഹം. വ്യക്തിപരമായ പ്രശ്‌നങ്ങള്‍മൂലം ജീവനൊടുക്കിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും നാലുമാസംകൊണ്ട് അന്വേഷണം അവസാനിച്ചു.

മരണത്തില്‍ ദുരൂഹതകള്‍ ഒന്നുമില്ലെന്നായിരുന്നു പൊലീസിന്റെ നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇതിനെ സാധൂകരിക്കുന്നതായിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു. ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടന്‍ തിലകന്‍ പിന്നീട് ആരോപിച്ചു. അമ്മയില്‍ അംഗമല്ലാതിരുന്നതിനാല്‍ ശ്രീനാഥിന് സിനിമയില്‍ റോള്‍ കിട്ടിയില്ലെന്ന് അന്ന് ആരോപണമുണ്ടായിരുന്നു.

ഒരുകാലത്ത് സിനിമയില്‍ നിറയെ അവസരങ്ങളുണ്ടായിരുന്ന ശ്രീനാഥ് പിന്നീട് സിനിമയില്‍നിന്ന് പുറത്തായ സ്ഥിതിയിലെത്തി. നടി ശാന്തികൃഷ്ണയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്തു. പിന്നീട് സീരിയലുകളില്‍ അഭിനയിച്ചുതുടങ്ങി. സിനിമയിലേക്ക് ഒരു മടങ്ങിവരവിനുള്ള ശ്രമത്തിലിരിക്കെയായിരുന്നു മരണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News