Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 7:38 am

Menu

Published on July 18, 2017 at 5:45 pm

അത് അനിത ദിലീപിനോട് ചെയ്ത ഏറ്റവും വലിയ ദ്രോഹമാണ്; ചുട്ടമറുപടിയുമായി ഭാഗ്യലക്ഷ്മി

bhagyalakshmi-response-to-anitha-nair

ഏഷ്യാനെറ്റ് ന്യൂസിലെ വാര്‍ത്താ അവതാരകന്‍ വിനു വി ജോണിനെ തെറിപറഞ്ഞുകൊണ്ടുള്ള സീരിയല്‍ താരം അനിതാ നായരുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൈകാര്യം ചെയ്തിനായിരുന്നു അനിതയുടെ ഈ വിമര്‍ശനം.

തനിക്ക് നാണമുണ്ടോയെന്നും താന്‍ ഒരു ആണാണോയെന്നുമായിരുന്നു വിനുവിനോടുള്ള അനിതയുടെ ചോദ്യം. ചെയ്യുന്ന ജോലി ആത്മാര്‍ത്ഥമായി ചെയ്യണമെന്നും എന്ത് വൃത്തികേട് പറഞ്ഞും ചാനലിന്റെ റേറ്റിങ് കൂട്ടാമെന്ന് കരുതേണ്ടെന്നും അനിത വിമര്‍ശിച്ചിരുന്നു.

തെറ്റ് ചെയ്താല്‍ ആരായാലും അനുഭവിക്കണം. അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി തെളിയിക്കട്ടെ. അതിന് ശേഷം ആവേശം കാണിച്ചാല്‍ മതി. റേപ് ചെയ്യപ്പെട്ട നടി പോലും ദിലീപേട്ടന്റെ പേര് പറയുന്നില്ല. ആ കുട്ടിക്ക് ഇല്ലാത്ത ദണ്ണമാണോ നിനക്കെന്നും അനിത വീഡിയോയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനു പിന്നാലെ അനിതയ്ക്ക് മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍ ലല്ലു ശശിധരന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അനിതയ്ക്ക് ചുട്ട മറുപടിയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ഒരു വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അനിതയുടെ ഫേസ്ബുക്ക് വിഡിയോ കണ്ടിട്ടാണ് താന്‍ സംസാരിക്കുന്നത്. പറയുന്നത് അനിതയ്ക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല. അവതാരകനെ വിമര്‍ശിച്ചുകൊണ്ടാണ് ആ വിഡിയോ ഇട്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ ആ വിഡിയോ ഒരു വിമര്‍ശനമാണോ എന്ന് അനിത സ്വയം ചിന്തിക്കണമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

അതില്‍ അനിത പറഞ്ഞിരിക്കുന്നതില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഒന്ന് ദിലീപ് എന്ന നടനോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങനെയൊരു വിഡിയോ പുറത്ത് വിട്ടത്. എന്നാല്‍ ആ ഇഷ്ടം കൊണ്ട് യഥാര്‍ത്ഥത്തില്‍ ദിലീപിന് ഏറ്റവും വലിയ ദ്രോഹമാണ് അനിത ചെയ്തിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.

അതില്‍ പറയുന്ന ഒരുഭാഗം, ഒരുപക്ഷേ ദിലീപേട്ടന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് സമയം കൊടുക്കണം എന്നാണ്. പക്ഷേ ഞങ്ങള്‍ ആരും തന്നെ ദിലീപ് തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല ഇതെല്ലാം അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. അനിത തന്നെ പറയുന്നു ദിലീപേട്ടന്‍ ഒരു തെറ്റു ചെയ്തു അദ്ദേഹത്തിന് കുറച്ച് സമയം കൊടുക്കൂ എന്ന്.

ഒരാളെ ഇഷ്ടപ്പെടാത്ത രീതിയില്‍ ഒരാള്‍ പ്രവര്‍ത്തിക്കുകയോ സംസാരിക്കുകയോ ചെയ്താല്‍ നമ്മള്‍ എങ്ങനെ വിമര്‍ശിക്കണം. നല്ലരീതിയിലും നല്ല വാക്കുകള്‍കൊണ്ടും വേണം വിമര്‍ശിക്കാനെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.

ഇതിനു മുന്‍പ് അനിത, ലക്ഷ്മി നായരെ വളരെ മോശമായ രീതിയില്‍ അസഭ്യം പറയുന്ന ഒരു വിഡിയോ കണ്ടിരുന്നു. യഥാര്‍ഥത്തില്‍ അവിടെ എന്താണ് നടന്നതെന്ന് പൊതുജനങ്ങള്‍ക്ക് അറിയില്ല. അത് അനിതയ്ക്ക് മാത്രമേ അറിയൂ. പൊതുജനം വിഡിയോ കാണുമ്പോള്‍ അനിത, ലക്ഷ്മിയെ അസഭ്യം പറയുന്നതാണ് കാണുന്നത്. അവിടെ ആരാണ് ചീത്തയാകുന്നത്. അനിതയാണ് ചീത്തയാകുന്നത്. ലക്ഷ്മി വളരെ നിശബ്ദയായി അത് ആസ്വദിച്ച് ചിരിച്ച് കേട്ടു നില്‍ക്കുന്നു.

ആ വീഡിയോയുടെ താഴെ ഓരോരുത്തര്‍ ഇട്ടിരിക്കുന്ന കമന്റുകള്‍ നോക്കൂ. അനിത വിചാരിക്കും ആളുകള്‍ ഇത് കേട്ടിട്ട് ആസ്വദിക്കുന്നുണ്ടാവാം. പക്ഷേ നിങ്ങള്‍ അസഭ്യം പറയുന്ന ലക്ഷ്മിയെ ചീത്തവിളിക്കുന്നവര്‍ ന്യൂനപക്ഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഭൂരിപക്ഷം ആളുകളും നിങ്ങളെയാണ് ചീത്തവിളിക്കുന്നത് നിങ്ങളുടെ സംസ്‌ക്കാരത്തെ അല്ലെങ്കില്‍ നിങ്ങളുടെ ഭാഷയെ, ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.

ഒരു വാര്‍ത്ത വായിക്കുന്ന വ്യക്തിയെ വിമര്‍ശിച്ചുകൊണ്ടാണ് അനിത ഇത്രയും മോശമായ ഭാഷ ഉപയോഗിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ചാനലില്‍ കൊടുത്തിരിക്കുന്ന ജോലിയാണ് വാര്‍ത്ത വായന. അതിനു ഉത്തരം പറയേണ്ടത് ചാനലിന്റെ മേധാവിയാണ്. അദ്ദേഹം പറയുന്നത് തെറ്റാണെങ്കില്‍ അത് ഖണ്ഡിക്കേണ്ടത് ചാനലിന്റെ മേധാവിയാണ്. അതില്‍ എങ്ങനെ അദ്ദേഹത്തെ കുറ്റം പറയാന്‍ സാധിക്കുമെന്നും അവര്‍ ചോദിച്ചു.

നമുക്ക് വിമര്‍ശിക്കാം അതിനുള്ള അധികാരം നമുക്കെല്ലാവര്‍ക്കും ഉണ്ട്. അദ്ദേഹം പരിധിവിട്ട് തന്നെയാണ് സംസാരിച്ചത് എന്ന് എല്ലാവരേയും പോലെ താനും യോജിക്കുന്നുവെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി എന്നാല്‍ അതിനൊന്നും പ്രതികരിക്കേണ്ട ഭാഷ ഇതല്ലെന്നും ചൂണ്ടിക്കാട്ടി.

അവരുടെ ഭാര്യയെ പരാമര്‍ശിക്കുകയും, ഒരാണാണോ എന്ന് ചോദിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ ഭാര്യ വല്ലവന്റേയും കൂടെ പോകും എന്നൊക്കെ പറഞ്ഞതുവഴി ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ അവഹേളിക്കുകയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

സിനിമാ കുടുംബത്തില്‍ ഒരാളെ അപമാനിക്കുമ്പോള്‍ നമുക്കെല്ലാം വേദനയാണ്. അത് പെണ്‍കുട്ടിയോ ദിലീപോ അനിതയോ ആരും ആകട്ടെ അതൊരു ശരിയായ പ്രവണതയല്ല. നമ്മുടെ പെണ്‍കുട്ടി അപമാനിക്കപ്പെടുന്നു അവരെ സംരക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അവിടെ പുലഭ്യം പറഞ്ഞുകൊണ്ടോ അസഭ്യം പറഞ്ഞുകൊണ്ടോ അല്ല നമ്മള്‍ പ്രതിരോധിക്കേണ്ടത്. സഭ്യമായ ഭാഷയില്‍ സംസ്‌ക്കാരത്തോടുകൂടി പ്രതിരോധിക്കൂ, വിമര്‍ശിക്കൂ അതിനൊരു അന്തസുണ്ട്. അതിനൊരു ഗൗരവമുണ്ട്.

യഥാര്‍ഥത്തില്‍ നല്ല ഭാഷയില്‍ വിമര്‍ശിച്ചിരുന്നെങ്കില്‍ ഞങ്ങളെല്ലാവരും നിങ്ങളോടൊപ്പം നില്‍ക്കുമായിരുന്നു. നമ്മുടെ സിനിമാ ലോകത്ത് ഇങ്ങനെ ഒരു സമൂഹത്തിന്റെ മുമ്പില്‍ പരിഹാസമായി നില്‍ക്കാന്‍ ഇനിയെങ്കിലും നിങ്ങളുടെ ഭാഷ നിങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണം എന്ന അഭ്യര്‍ത്ഥനയും ഭാഗ്യലക്ഷ്മി മുന്നോട്ടുവെയ്ക്കുന്നു.

ഇങ്ങനെയൊരു വിഡിയോ ഇട്ടതില്‍ എന്നെ ദയവുചെയ്ത് ചീത്ത വിളിക്കരുതെന്നും ആരോഗ്യപരമായ വിമര്‍ശനമായി അനിത ഇതിനെ കരുതണമെന്നും പറഞ്ഞാണ് ഭാഗ്യലക്ഷ്മി വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News