Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ താന്‍ നശിപ്പിച്ചതായി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോ.
സുനി തനിക്ക് നല്കിയ മൊബൈല്‍ ഫോണ്‍ ജൂനിയറിന് കൈമാറിയെന്നും നശിപ്പിച്ചെന്നും പ്രതീഷ് ചാക്കോ പൊലീസിന് മൊഴി നല്കി. ഇയാളുടെ മൊഴി ശരിയാണോ എന്ന് പൊലീസ് പരിശോധിക്കും.
പള്‍സര്‍ സുനി തന്റെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഏല്‍പ്പിച്ചിരുന്നു. താന്‍ അത് തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്‍പ്പിച്ചു. അദ്ദേഹം അത് നശിപ്പിച്ചു കളഞ്ഞു, എന്നാണ് പ്രതീഷ് ചാക്കോ പൊലീസിനോട് പറഞ്ഞത്.
മൊബൈല്‍ കത്തിച്ചുകളഞ്ഞെന്നാണ് പറഞ്ഞത്. കേസില്‍ സുപ്രധാന തെളിവ് നശിപ്പിച്ചുകളഞ്ഞതിനും അതിന് കൂട്ടുനിന്നതിനും പ്രതീഷ് ചാക്കോയ്ക്കെതിരെ പൊലീസ് കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയേക്കും.
തന്റെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ കൈവശം ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഏല്‍പ്പിച്ചുവെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. ഈ മൊബൈല്‍ ദിലീപിനെ ഏല്‍പ്പിക്കണമെന്നും താന്‍ അഭിഭാഷകനോട് പറഞ്ഞിരുന്നതായി സുനി മൊഴി നല്‍കിയിരുന്നു.
കേസിലെ മുഖ്യതെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കിട്ടിയിരുന്നില്ല. ഇത് കണ്ടെത്താന്‍ പൊലീസ് ശ്രമം തുടരുന്നതിനിടെയാണ് അഭിഭാഷകന്റെ മൊഴി.
പ്രതീഷ് ചാക്കോയെ ഇന്നലെ കസ്റ്റഡിയിലെടുത്ത പൊലീസ് എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 201-ാം വകുപ്പാണ് പ്രതീഷ് ചാക്കോയ്ക്ക് എതിരെയുള്ളത്.
Leave a Reply