Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 8:57 pm

Menu

Published on July 25, 2017 at 11:31 am

നടിക്ക് പ്രതിഫലം നല്‍കേണ്ടെന്നു പറഞ്ഞത് താന്‍; നടി നനഞ്ഞയിടം കുഴിക്കുകയാണെന്ന് ലാല്‍

lal-comment-about-jean-paul-case

കൊച്ചി: യുവതിയോടു ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ മകന്‍ ജീന്‍ പോള്‍ ലാല്‍, യുവ നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെ കേസെടുത്തതില്‍ വിശദീകരണവുമായി സംവിധായകന്‍ ലാല്‍.

പരാതിക്കാരി നനഞ്ഞയിടം കുഴിക്കുകയാണെന്നു ലാല്‍ മാധ്യമങ്ങളോടു പറഞ്ഞു. നടിയുടേത് അനാവശ്യ പരാതിയാണ്. സിനിമ കഴിഞ്ഞ് ഇത്രകാലം കഴിഞ്ഞു പരാതി നല്‍കിയതിനു കാരണം എന്തെന്ന് ആ നടിയോടു ചോദിക്കണം. ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ പോയ നടിയാണ് ഇവര്‍. ഇതിനുപിന്നില്‍ മറ്റാരെങ്കിലും ഉള്ളതായി കരുതുന്നില്ലെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയുടെ പരാതി തെറ്റാണെന്നും ജീന്‍ നിരപരാധിയാണെന്നും ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പരാതി കൊടുത്ത പെണ്‍കുട്ടിയുടെ ആദ്യ സിനിമയയായിരുന്നു ഹണീ ബീ 2. ശ്രീനാഥ് ഭാസി വഴിയാണ് കുട്ടിയെ വിളിക്കുന്നത്. അങ്ങനെ കുട്ടിയെ കണ്ട ശേഷം അഭിനയിക്കാനായി വിളിക്കുന്നു. ആദ്യം മുതലേ ഒട്ടും പ്രൊഫഷനലായ സമീപനമല്ലായിരുന്നു കുട്ടിയുടേത്. ഷൂട്ടിങിനായി വിളിച്ചിട്ട് ഫോണ്‍ പോലും എടുക്കുന്നുണ്ടായിരുന്നില്ല.

പിന്നീട് ഷൂട്ടിങിനായി എത്തി. 50000 രൂപയാണ് പ്രതിഫലമായി നല്‍കാമെന്ന് പറഞ്ഞത്. ആദ്യ ദിവസം കയ്യില്‍ ടെംപററി ടാറ്റു കുത്തണമായിരുന്നു. രണ്ട് ദിവസം കൊണ്ട് അത് ചെയ്തു. ശ്രീനിവാസനോടൊപ്പമായിരുന്നു ആദ്യ ഷൂട്ട്. എന്നാല്‍ അന്നത്തെ ദിവസം ശ്രീനിവാസന് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു, അക്കാരണം കൊണ്ട് ഷൂട്ട് നടന്നില്ല. എന്നാല്‍ ആ സമയം കുട്ടി ഒച്ചപ്പാട് ഉണ്ടാക്കി. തന്നെ ഇവിടെ വെറുതെ വിളിച്ചുകൊണ്ടുവന്നതാണോ എന്നൊക്കെ ചോദിച്ച് ദേഷ്യപ്പെട്ടു.

ആ ഷോട്ട് എടുത്ത ശേഷം ഔട്ട്‌ഡോര്‍ കാറില്‍ ഒരു ഷോട്ട് ബാക്കിയുണ്ടായിരുന്നു. ഷോട്ട് എടുക്കാന്‍ നേരം അവര്‍ക്ക് അത് ചെയ്യാന്‍ പറ്റില്ല ‘ഒട്ടും കംഫര്‍ട്ട് അല്ല’ എന്നു പറഞ്ഞു. ജീന് ആദ്യം മുതലേ കുട്ടിയുടെ പെരുമാറ്റത്തില്‍ ദേഷ്യമുണ്ടായിരുന്നു. കംഫര്‍ട്ട് അല്ലെങ്കില്‍ പൊയ്‌ക്കോളാന്‍ ജീന്‍ പറഞ്ഞു.

അങ്ങനെ അവരെ ചിത്രത്തില്‍ നിന്ന് പറഞ്ഞയക്കുകയായിരുന്നു. അതിന് ശേഷം ഇവരുടെ കഥാപാത്രത്തെ മറ്റൊരു നടിയെ കൊണ്ട് അഭിനയിപ്പിച്ചു. ഇത്രയും പ്രശ്‌നങ്ങളുണ്ടാക്കിയ നടിക്ക് പൈസ കൊടുക്കണ്ടെന്ന് ഞാന്‍ തന്നെയാണ് പറഞ്ഞത്.

ഒരു മാസം മുമ്പ് ഈ സംഭവുമായി ബന്ധപ്പെട്ട് വക്കീല്‍ നോട്ടീസ് വന്നു. ഞങ്ങള്‍ അതിന് മറുപടിയും അയച്ചു. അതിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവങ്ങള്‍ വിശദീകരിക്കുകയും സിനിമയില്‍ ഇവര്‍ അഭിനയിച്ച ദൃശ്യങ്ങളും കാണിച്ചു. എന്നാല്‍ റമദാ ഹോട്ടലില്‍ ആണ് ഷൂട്ടിങ് നടന്നതുകൊണ്ട് പനങ്ങാട് പൊലീസ് വിളിപ്പിച്ചത്.

ഇവര്‍ക്ക് ഇപ്പോള്‍ അമ്പതിനായിരം അല്ല പത്ത് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് ആവശ്യം. കൂടാതെ ജീനും അനൂപും ടിവിയില്‍ വന്നു മാപ്പുപറയണമെന്നും പറഞ്ഞു. അതൊരിക്കലും നടക്കാന്‍ പറ്റാത്ത കാര്യമാണ്. അതുകൊണ്ട് കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

ഈ അവസ്ഥയില്‍ നനഞ്ഞിടത്ത് കുഴിക്കുക എന്ന അവസ്ഥയാണല്ലോ, അതുകൊണ്ട് എന്ത് പറഞ്ഞാലും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയേ ഒള്ളൂ. ഇപ്പോള്‍ ഈ കുട്ടി ഇങ്ങനെയൊരു പരാതിയുമായി വരാന്‍ കാരണവും ഇപ്പോള്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാകും.

ആക്രമണത്തിന് ഇരയായ കുട്ടിയ്ക്കായി മുന്നില്‍ നിന്നത് ഞാന്‍ വലിയ ധീരനായതുകൊണ്ടല്ല, ഇവിടെ വന്നു കയറിയ കുട്ടിയാണ്. അപ്പോള്‍ അതാണ് ശരിയെന്ന് തോന്നി. വേറെ എവിടെയെങ്കിലുമായിരുന്നെങ്കില്‍ ഞാന്‍ ഏറ്റെടുക്കുമായിരുന്നില്ലെന്നും ലാല്‍ പറഞ്ഞു.

നടിയോടു ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, യുവ നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെ കൊച്ചി പനങ്ങാട് പൊലീസ് കേസെടുത്തിരുന്നു.

ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം നല്‍കാതെ വഞ്ചിച്ചെന്നുമാണു പരാതിയില്‍ പറയുന്നത്. ഇവരെ കൂടാതെ സിനിമയിലെ ടെക്നീഷ്യന്‍മാരായ അനൂപ്, അനിരുദ്ധ് എന്നിവരാണ് മറ്റ് രണ്ടുപേര്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News