Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്തതില്‍നിന്നു പൊലീസിന് കാര്യമായ വിവരങ്ങള്‍ കിട്ടിയില്ല.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തനിക്ക് അറിയില്ലായിരുന്നെന്നാണ് കാവ്യയുടെ മറുപടി. പള്‍സര്‍ സുനി തന്റെ സ്ഥാപനത്തില്‍ എത്തിയിരുന്നോ എന്ന കാര്യവും തനിക്ക് അറിയില്ലെന്ന നിലപാടാണ് ഇന്നലെ നടത്തിയ ചോദ്യംചെയ്യലില്‍ കാവ്യ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ പങ്കിനു വ്യക്തമായ സൂചനയില്ലാെത വലയുകയാണു പൊലീസ്. പള്‍സര്‍ സുനിയെപ്പറ്റിയുളള ചോദ്യങ്ങളില്‍ ഉത്തരം പൂര്‍ണമായില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പല ചോദ്യങ്ങളില്‍നിന്നും കാവ്യ ഒഴിഞ്ഞുമാറിയെന്നാണ് അറിയുന്നത്.
പള്‍സര്‍ സുനിയെ നേരത്തെ അറിയാമായിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കാവ്യ തയ്യാറായില്ല. ലക്ഷ്യയില്‍ സുനി വന്നിരുന്നോ എന്ന് അറിയില്ല. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോ എന്ന കാര്യവും തനിക്കറിയില്ലെന്ന മറുപടിയാണ് കാവ്യ നല്‍കിയത്.
ദിലീപിന്റെ വിവാഹമോചനത്തിലേയ്ക്കെത്തിയ കാര്യങ്ങള്‍ സംബന്ധിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചെങ്കിലും കാവ്യയില്‍നിന്ന് കൃത്യമായ മറുപടി ലഭിച്ചില്ല.
ദിലീപിന്റെ ആലുവയിലെ വീട്ടില്‍വച്ച് ചൊവ്വാഴ്ചയായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി ബി.സന്ധ്യ നേരിട്ടെത്തിയാണു കാവ്യയെ ചോദ്യം ചെയ്തത്. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലില്‍, മെമ്മറി കാര്‍ഡിന്റെയും ഫോണിന്റെയും വിവരങ്ങളാണു പൊലീസ് മുഖ്യമായും കാവ്യയില്‍നിന്നു ചോദിച്ചറിഞ്ഞത്.
നടിയെ അതിക്രമത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചതായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു.
Leave a Reply