Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടി കാവ്യാ മാധവനെയും അമ്മ ശ്യാമളയേയും പൊലീസ് ചോദ്യം ചെയ്തു. കാവ്യയുടെ ചോദ്യം ചെയ്യലിനുശേഷമാണ് അമ്മയുടെ മൊഴിയെടുത്തത്.
കൊട്ടേഷന്‍ സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങളുണ്ടോ എന്നറിയാനാണ് കാവ്യയെയും അമ്മയെയും ചോദ്യം ചെയ്തത്. സംഭവത്തെ കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്നാണ് കാവ്യ പൊലീസിനോട് പറഞ്ഞത്.
അതേസമയം സംഭവത്തിലെ ഗൂഡാലോചനയില്‍ കാവ്യയുടെ പങ്കിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് അറിയിച്ചു. കാവ്യയെ ചോദ്യം ചെയ്തതില്‍ കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നും കൂടുതല്‍ പേരെ ചോദ്യം ചെയ്യേക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാവ്യയുടെ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. ആവശ്യമെങ്കില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്നു പൊലീസ് സൂചന നല്കി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു കാവ്യയുടെ മറുപടി പൂര്‍ണമായില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പല ചോദ്യങ്ങളില്‍നിന്നും കാവ്യ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തെക്കുറിച്ച് ഒരു അറിവുമില്ലായിരുന്നെന്നാണു കാവ്യ പറഞ്ഞതെന്നാണു സൂചന.
ദിലീപിന്റെ ആലുവയിലെ വീട്ടില്‍വച്ച് ചൊവ്വാഴ്ചയായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി ബി.സന്ധ്യ നേരിട്ടെത്തിയാണു കാവ്യയെ ചോദ്യം ചെയ്തത്. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലില്‍, മെമ്മറി കാര്‍ഡിന്റെയും ഫോണിന്റെയും വിവരങ്ങളാണു പൊലീസ് മുഖ്യമായും കാവ്യയില്‍നിന്നു ചോദിച്ചറിഞ്ഞത്. കാവ്യയുടെ മുന്‍ ഡ്രൈവര്‍ തമ്മനം സ്വദേശി ബിനുവിന്റെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്.
Leave a Reply