Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലുവ: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍, നടന്‍ ദിലീപിന്റെ മാനേജരും ഡ്രൈവറുമായ അപ്പുണ്ണി എന്ന എ.എസ്. സുനില്‍രാജ് ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരായി.
അതീവ നാടകീയമായിട്ടായിരുന്നു പൊലീസ് ക്ലബ്ബിലെത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന്, തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം അപ്പുണ്ണിക്ക് നോട്ടിസ് നല്‍കിയിരുന്നു.
തിങ്കളാഴ്ച ഹാജരാകണമെന്ന കോടതി ഉത്തരവു നിലനില്‍ക്കുന്നതിനാല്‍ മാധ്യമങ്ങളെല്ലാം അപ്പുണ്ണിയെ കാത്ത് ആലുവ പൊലീസ് ക്ലബിനു മുന്നിലുണ്ടായിരുന്നു. 11 മണിയോടുകൂടി ഇയാള്‍ ഹാജരാകുമെന്നായിന്നു പൊലീസ് വൃത്തങ്ങളില്‍നിന്നുള്ള സൂചന.
ഇതിനിടെ ഏകദേശം 10.40 തോടുകൂടി പൊലീസ് ക്ലബിന്റെ പ്രധാന വഴിയില്‍നിന്നു മാറി മറ്റൊരു വഴിയില്‍ അപ്പുണ്ണിയോടു മുഖസാദൃശ്യമുള്ള ഒരാള്‍ എത്തി. മൊബൈല്‍ നോക്കിയെത്തിയ ഇയാളോട് അപ്പുണ്ണിയാണോ എന്നു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അതേയെന്നു മറുപടിയും നല്‍കി. തുടര്‍ന്ന് പൊലീസ് ക്ലബിന്റെ ഗേറ്റ് തുറന്ന് ഇയാള്‍ അകത്തു പ്രവേശിക്കുകയും പൊലീസ് വന്ന് അകത്തേക്കു കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.
എന്നാല്‍ ഇതിനു പിന്നാലെയാണ് യഥാര്‍ത്ഥ അപ്പുണ്ണി കാറില്‍ പൊലീസ് ക്ലബിലെത്തിയത്. അതേസമയം, ആദ്യം വന്നയാള്‍ അപ്പുണ്ണിയുടെ സഹോദരനാണെന്നും ചോദ്യം ചെയ്യലിനായി പൊലീസ് വിളിപ്പിച്ചതാണെന്നും അഭ്യൂഹമുണ്ട്. കേസില്‍ തനിക്ക് പങ്കില്ലെന്ന് അപ്പുണ്ണി മാധ്യമങ്ങളോട് പ്രതികരിച്ചു.
ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്നറിയപ്പെടുന്ന അപ്പുണ്ണിക്ക് സംഭവത്തെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ അറിയാമെന്നാണ് പൊലീസ് നിഗമനം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചാല്‍ അപ്പുണ്ണിയെ പ്രതിചേര്‍ക്കും. ചോദ്യം ചെയ്യലിനുശേഷം നിയമാനുസൃത നടപടിയുണ്ടായേക്കാം.
കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് അപ്പുണ്ണിയുടെ ഫോണിലേക്കു വിളിച്ചുവെന്നതിനു പൊലീസിന്റെ പക്കല്‍ തെളിവുകളുണ്ട്. ഈ സമയത്തെല്ലാം ദിലീപും അപ്പുണ്ണിയും ഒരേ ടവറിനു കീഴിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ചു ദിലീപുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നു ചില സിനിമാ പ്രവര്‍ത്തകരുടെ മൊഴി പൊലീസിന്റെ സംശയത്തിനു ബലം പകരുന്നതാണ്. സുനില്‍കുമാര്‍ ജയിലില്‍ വച്ചെഴുതിയ കത്ത് ദിലീപിനു കൈമാറാന്‍ സുനിലിന്റെ സഹതടവുകാരന്‍ വിഷ്ണു ഫോണില്‍ ബന്ധപ്പെട്ടത് അപ്പുണ്ണിയെയായിരുന്നുവെന്നാണു പൊലീസിനു ലഭിച്ച തെളിവുകള്‍.
Leave a Reply