Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നേതൃമാറ്റം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൃഥ്വിരാജ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ അമ്മ സംഘടനയുടെ നിലപാടുകളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് യുവതാരങ്ങള്‍ നേതൃമാറ്റം ആവശ്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.
നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണം. എന്നാല്‍ കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടിവന്നേക്കാമെന്ന് പൃഥ്വിരാജ് ചൂണ്ടിക്കാട്ടി. അതിനുത്തരം നേതൃമാറ്റമല്ല. താന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ മനോരമ ന്യൂസിന് നല്കിയ പ്രതികരണത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അമ്മയുടെ നിലപാടുകള്‍ മാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘടനയിലെ യുവതാരങ്ങള്‍ നേതൃമാറ്റം ആവശ്യപ്പെടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നത്. ദിലീപിന്റെ അറസ്റ്റിന് ഏതാനും ദിവസം മുന്‍പ് നടന്ന ജനറല്‍ ബോഡി മീറ്റിങ്ങില്‍ നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യുന്നതില്‍ നിഷേധാത്മകനിലപാടാണ് ‘അമ്മ’ സ്വീകരിച്ചതെങ്കില്‍ അറസ്റ്റിന് തൊട്ടുപിന്നാലെ മുഖം രക്ഷിക്കാന്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം ‘അമ്മ’യുടെ അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്തത് ഏകകണ്ഠമായാണെന്ന് പൃഥ്വിരാജ് അന്ന് പറഞ്ഞിരുന്നു. അക്രമിക്കപ്പെട്ട നടിയെയും ആരോപണവിധേയനായ ദിലീപിനെയും ഒരുപോലെ സംരക്ഷിക്കുമെന്ന ‘അമ്മ’യുടെ മുന്‍നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കാന്‍ ഒരു സംഘടനയ്ക്ക് സാധിക്കില്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി.
Leave a Reply