Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന് ജയിലില്‍ കൗണ്‍സലിങ് നടത്തിയെന്ന പ്രചാരണം തള്ളി ജയില്‍ അധികൃതര്‍.
ശനിയാഴ്ച ജയില്‍ സന്ദര്‍ശിച്ച കന്യാസ്ത്രീ ദിലീപിനു കൗണ്‍സലിങ് നടത്തിയെന്ന് പ്രചാരണമുണ്ടായിരുന്നു. ഇക്കാര്യം ശരിയല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജയിലില്‍ കൗണ്‍സലിങ് നടക്കുന്നതു ശനിയാഴ്ചയാണ്. എന്നാല്‍, കഴിഞ്ഞ ശനിയാഴ്ച അതുണ്ടായില്ല. ഞായറാഴ്ചകളില്‍ സന്നദ്ധപ്രവര്‍ത്തകരെത്തി പ്രാര്‍ത്ഥന നടത്താറുണ്ട്. ദിലീപ് റിമാന്‍ഡിലായ ശേഷം സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണമുള്ളതിനാല്‍ ഇവരെയും അകത്തു കയറ്റിയിരുന്നില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
മൂന്നാഴ്ചയായി മുടങ്ങിയ പ്രാര്‍ത്ഥന കഴിഞ്ഞ ഞായറാഴ്ച പുനരാരംഭിച്ചു. സെല്ലുകളുടെ പ്രവേശന കവാടത്തിനരികിലാണു പ്രാര്‍ത്ഥന നടത്തുന്നത്. ഇഷ്ടമുള്ള തടവുകാര്‍ക്കു പുറത്തു വരാന്തയില്‍ ഇരുന്നു പങ്കെടുക്കാം. ഈ സമയത്തും ദിലീപ് സെല്ലില്‍ നിന്നു പുറത്തിറങ്ങിയിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം, ഡോക്ടര്‍മാര്‍ ദിലീപിനെ പരിശോധിച്ച് ആരോഗ്യനില തൃപ്തികരമെന്നു റിപ്പോര്‍ട്ട് ചെയ്തു. രക്തസമ്മര്‍ദം സാധാരണ നിലയിലാണ്. ദിലീപിന്റെ ചെവിയുടെ സന്തുലിതാവസ്ഥ തെറ്റി അവശനിലയിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അവര്‍ വ്യക്തമാക്കി.
ഡോ. നിജി വര്‍ഗീസ് ജോഷ്വയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് കഴിഞ്ഞ ദിവസവും ദിലീപിനെ പരിശോധിച്ചത്. ജലദോഷവും നേരിയ കാലുവേദനയും അനുഭവപ്പെട്ട ദിലീപിന് വൈറ്റമിന്‍ ഇ അടങ്ങിയ ഗുളിക കൊടുത്തു. ദിലീപ് ജയിലില്‍ എത്തിയ ശേഷം മുടിയും താടിയും മുറിച്ചിട്ടില്ലെന്നും ജയിലധികൃതര്‍ സൂചിപ്പിച്ചു.
Leave a Reply