Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ഒരു ‘മാഡ’ത്തിന് ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞത് കെട്ടുകഥയല്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും ജയിലില്‍ കിടക്കുന്ന വി.ഐ.പി പറഞ്ഞില്ലെങ്കില്‍ 16ന് ശേഷം താന്‍ തന്നെ ഈ പേര് വെളിപ്പെടുത്തുമെന്നും സുനി വ്യക്തമാക്കി.
ഒരു ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്നംകുളം കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴാണ് ‘മാഡം’ കെട്ടുകഥയല്ലെന്ന് സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കേസില്‍ വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് സുനി നേരത്തേ പറഞ്ഞിരുന്നു. ഇപ്പോള്‍ കുടുങ്ങിയത് തന്നെയാണോ സ്രാവ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ’ എന്നായിരുന്നു അന്ന് സുനിയുടെ പ്രതികരണം. അതേസമയം, ദിലീപല്ലാതെ മറ്റാരെങ്കിലും കേസില്‍ പ്രതിസ്ഥാനത്തുണ്ടോ എന്ന ചോദ്യത്തിന് സുനി മറുപടിയും നല്‍കിയിരുന്നില്ല.
ഇതിനു പിന്നാലെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കഥ പകുതിയേ ആയിട്ടുള്ളൂ എന്നായിരുന്നു സുനി പറഞ്ഞത്. കൂടുതല്‍ പ്രതികളുണ്ടോ എന്ന് ആലുവയിലെ വി.ഐ.പിയോടു ചോദിക്കണമെന്നും സുനി പ്രതികരിച്ചിരുന്നു.
അതേസമയം, മാഡം എന്ന കഥാപാത്രം കേസ് അന്വേഷണം വഴിതെറ്റിക്കാനുള്ള സുനിയുടെ തന്ത്രമാണെന്നാണ് പൊലീസിന്റെ നിഗമനം. നടിയെ ആക്രമിച്ച കേസില്‍ ഇനിയും സ്രാവുകള്‍ പിടിയിലാകാനുണ്ടെന്നു ആവര്‍ത്തിക്കുന്നതിനിടെയാണ് ‘മാഡം’ എന്നതും കെട്ടുകഥയല്ലെന്ന സുനിയുടെ പുതിയ അവകാശവാദം.
അതേസമയം, മാധ്യമങ്ങളോടു സംസാരിക്കാന്‍ ലഭിക്കുന്ന ഓരോ അവസരത്തിലും കേസിലിനിയും വലിയ ആള്ക്കാര് പ്രതിസ്ഥാനത്തുണ്ടെന്ന് സുനി സൂചിപ്പിക്കുന്നുണ്ട്. പക്ഷേ, പേരുകള്‍ വെളിപ്പെടുത്തുന്നുമില്ല.
Leave a Reply