Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് അതേ നാണയത്തില്‍ മറുപടിയുമായി ഉത്തരകൊറിയ.
അമേരിക്കന്‍ സൈനികത്താവളമുള്ള ഗുവാമിനു നേരെ ആക്രമണം നടത്തുമെന്നാണ് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. പസഫിക് മേഖലയില്‍ അമേരിക്കയുടെ ശക്തമായ സൈനിക സാന്നിധ്യമുള്ള ദ്വീപാണ് ഗൂവാം. കര, വ്യോമ, നാവികസേനയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും ശക്തമായ സാന്നിധ്യം ഇവിടെയുണ്ട്. ഇവിടെ മധ്യദൂര ഹ്വസോങ് 12 മിസൈല്‍ പ്രയോഗിക്കുമെന്നാണ് ഉത്തരകൊറിയയുടെ ഭീഷണി.
ഭരണത്തലവന്‍ കിം ജോങ് ഉന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. മിസൈല്‍, ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയയെ തകര്‍ത്തുതരിപ്പണമാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
ആണവ മിസൈലുകള്‍ സജ്ജമാക്കുന്നതില്‍ ഉത്തരകൊറിയ ബഹൂദൂരം മുന്നോട്ടു പോയെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപ് കൊറിയക്കെതിരെ നിലപാട് കടുപ്പിച്ചത്. ഉത്തരകൊറിയന്‍ പ്രസിഡന്റ് ലോകത്തിന് ഭീഷണിയാണെന്നും ട്രംപ് വിമര്‍ശിച്ചു. ഇതാദ്യമായാണ് കൊറിയന്‍ വിഷയത്തില്‍ ട്രംപ് ഇത്ര രൂക്ഷമായ പ്രതികരണം നടത്തുന്നത്.
Leave a Reply