Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉറക്കെസംസാരിക്കുന്നതും ദേഷ്യപ്പെടുന്നതുമൊക്കെ തന്റെ സ്വഭാവത്തിന്റെ ഭാഗമാണെന്ന് നടന്‍ മമ്മൂട്ടി. എനിക്ക് എന്റെ സ്വഭാവം മാറ്റാന്‍ സാധിക്കില്ല, പക്ഷെ ശീലങ്ങള്‍ മാറ്റാമെന്നും മമ്മൂട്ടി പറഞ്ഞു. എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടര്‍മാരാകുന്നവര്‍ക്കും ഇതുപോലെ ശീലങ്ങള്‍ മാറ്റാനാവും. നല്ല മനുഷ്യരാകുക, അതിനുശേഷം നല്ല ഡോക്ടറന്മാരാകുക. സേവനം ഒരു ജോലിയല്ല, വികാരമാണെന്നും രോഗം വരാതിരിക്കാനുള്ള ചികിത്സയാണ് ഇന്ന് മലയാളികള്‍ക്ക് വേണ്ടതെന്നും മമ്മൂട്ടി ചടങ്ങില്‍ പറഞ്ഞു.
ഈ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ തനിക്ക് അച്ഛനെ ഓര്‍മ്മവരുന്നുവെന്നും അദ്ദേഹത്തിന്റെ ആഗ്രഹം തന്നെ ഡോക്ടറാക്കാനായിരുന്നുവെന്നും പറഞ്ഞാണ് മമ്മൂട്ടി പ്രസംഗം തുടങ്ങിയത്. തേവര കോളജിലെ പഠനകാലവും താരം ഓര്‍ത്തെടുത്തു. പഠിച്ചത് മലയാളം മീഡിയത്തിലായതിനാല്‍ പ്രീഡ്രിഗികാലത്തെ ക്ലാസുകള്‍ മനസിലാക്കിയെടുക്കാന്‍ പ്രയാസമായിരുന്നു. നാട്ടിന്‍പുറത്തെ സാധാരണ സ്‌കൂളിലായിരുന്നു പഠനം അതിനാല്‍ ഇംഗ്ലീഷില്‍ പരിജ്ഞാനം ഇല്ലായിരുന്നു. ഒപ്പം തീവ്രമായ സിനിമാപ്രേമവും കാരണം ഉഴപ്പി പ്രീഡിഗ്രിക്ക് തോറ്റെന്നും അദ്ദേഹം പറഞ്ഞു.
അതോടെ തന്നെ ഡോക്ടറാക്കറണമെന്ന അച്ഛന്റെ മോഹം പൊലിഞ്ഞു. എങ്കിലും ഇന്ന് കേരള യൂണിവേഴ്‌സിറ്റിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും ഡോക്ടറേറ്റ് നല്‍കി ആദരിച്ചതോടെ ഡോക്ടറായി എന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു.
മെഡിക്കല്‍ ബിരുദദാനചടങ്ങില്‍ വരുമ്പോള്‍ ധരിക്കേണ്ട കറുത്തതൊപ്പിയും കോട്ടും അണിയാനുള്ള യോഗ്യത തനിക്കില്ല അതുകൊണ്ടാണ് അത് അണിയാതെ ഇരുന്നത്. എങ്കിലും ആതുരസേവനമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ എന്ന ആശയം കേരളത്തില്‍ പ്രചാരത്തില്‍ കൊണ്ടുവരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി.
Leave a Reply