Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രിയപ്പെട്ടതൊക്കെയും ദൈവത്തിനുസമര്‍പ്പിച്ച പ്രവാചകന്‍ ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗസ്മരണകള്‍ നെഞ്ചേറ്റി വിശ്വാസികള്‍ ഇന്നു ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.
ജീവിതം ലോകത്തിനായി സമര്‍പ്പിക്കാനാഹ്വാനം ചെയ്യുന്ന പ്രവാചക പരമ്പരയുടെ ഉദ്ഘോഷണങ്ങള്‍ കേള്‍ക്കാനും പെരുനാള്‍ നമസ്‌കാരത്തിനിനുമായി വിശ്വാസികള്‍ പള്ളികളില്‍ ഒത്തുചേര്‍ന്നു.
ഹജ് കര്‍മത്തിനു പോയവരും ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നതോടെ നാടിനൊപ്പം ഗള്‍ഫ് രാജ്യങ്ങളും ആഘോഷത്തിലാണ്. ഇന്ന് ദുല്‍ഹജ് 10 ആണ്. മാത്രമല്ല ബലിപെരുന്നാള്‍ വെള്ളിയാഴ്ച എത്തി എന്ന പ്രത്യേകതയുമുണ്ട്. അതിനാല്‍ ജുമ്അ നമസ്‌കാരത്തിന് മുമ്പ് ബലികര്‍മങ്ങള്‍ നടത്താനുള്ള വിധത്തിലാണ് വിവിധ പള്ളികളില്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നത്.
വിവിധ ഭാഗങ്ങളില്‍ സജ്ജമാക്കിയ ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി വിശ്വാസികള്‍ ഒത്തു ചേര്‍ന്നു. രാവിലെ കേരളത്തിലെ വിവിധ പള്ളികളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
വാര്‍ധക്യത്തില്‍ ലഭിച്ച പ്രിയമകനെ ബലി നല്‍കണമെന്നു നിര്‍ദേശം ലഭിച്ചപ്പോള്‍ വിശ്വാസത്തിന്റെ ദൃഢതയില്‍ ഇബ്രാഹിം നബി അതിനു തയാറായി. ആ വിശ്വാസം പരമകാരുണികന്‍ അംഗീകരിച്ചതോടെ മകനു പകരം ഒരു ആടിനെ ബലി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആ ദൃഢതയ്ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചും ഏതു പ്രതികൂല സാഹചര്യത്തിലും സത്യത്തിന്റെ വഴിയില്‍ ഉറച്ചുനില്‍ക്കണമെന്നുള്ള സന്ദേശം ഉള്‍ക്കൊണ്ടുമാണ് വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നതും മൃഗങ്ങളെ ബലിയറുത്തു നല്‍കുന്നതും.
Leave a Reply